തമിഴില്‍ പൃഥ്വിക്ക് ഗോപിക നായിക
തമിഴില്‍ പൃഥ്വിക്ക് ഗോപിക നായിക
പൃഥ്വിരാജിന് തമിഴില്‍ അരങ്ങേറ്റം ഒരുക്കുന്ന കനാ കണ്ടേന്‍ എന്ന ചിത്രത്തില്‍ മലയാള നടി തന്നെ നായികയാവുന്നു. ഗോപികയാണ് ഈ ചിത്രത്തിലെ പൃഥ്വിരാജിന്റെ നായിക. മലയാള താരങ്ങളാണെങ്കിലും ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നത് തമിഴിലാണ്.
ചിത്രത്തിലെ രണ്ട് നായകന്‍മാരിലൊരാളാണ് പൃഥ്വിരാജ്. ശ്രീകാന്താണ് മറ്റൊരു നായകന്‍. പ്രമുഖ ഛായാഗ്രാഹകന്‍ കെ. വി. ആനന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തമിഴിലെ പ്രമുഖ നിര്‍മാണ കമ്പനിയായ എ. എം. രത്തിനത്തിന്റെ ശ്രീ സൂര്യ മൂവീസാണ് കനാ കണ്ടേന്‍ നിര്‍മിക്കുന്നത്.
തമിഴില്‍ നിന്ന് നേരത്തെ പല ഓഫറുകളും പൃഥ്വിരാജിനെ തേടിയെത്തിയിട്ടുണ്ടെങ്കിലും മികച്ച കഥാപാത്രത്തിനായി കാത്തിരിക്കുകയായിരുന്നു ഈ നടന്‍. മലയാളത്തില്‍ ചില തിരിച്ചടികളിലൂടെ കടന്നുപോവുന്ന സമയത്താണ് പൃഥ്വി തമിഴില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത്.
ഓട്ടോഗ്രാഫ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ തമിഴകത്തിന്റെ മനം കവര്‍ന്ന ഗോപിക ഇപ്പോള്‍ മലയാളത്തിലെന്ന പോലെ തമിഴിലും സജീവമാണ്. ഫോര്‍ ദി പീപ്പിളിന്റെ വന്‍വിജയത്തിന് ശേഷം ഒരു ഇടവേള പിന്നിട്ട് മലയാളത്തില്‍ സജീവമായി തുടങ്ങിയ ഗോപികക്ക് തമിഴിലും മികച്ച അവസരങ്ങള്‍ ലഭിക്കുന്നുണ്ട്.
എ. എം. രത്തിനം നിര്‍മിക്കുന്ന മറ്റൊരു തമിഴ് ചിത്രത്തിലും ഗോപിക നായികയാവുന്നുണ്ട്. ഈ ചിത്രത്തില്‍ ഗോപിക തമിഴകത്തിന്റെ പുതിയ രോമാഞ്ചമായ ധനുഷിന്റെ നായികയായാണ് അഭിനയിക്കുന്നത്. യുവസൂപ്പര്‍താരമായ ധനുഷിന്റെ നായികയാവാന്‍ നടിമാര്‍ ക്യൂ നില്‍ക്കുമ്പോള്‍ തനിക്ക് കൈവന്നിരിക്കുന്ന ഈ അവസരം തമിഴില്‍ തനിക്ക് കൂടുതല്‍ ഉയരങ്ങളിലേക്ക് വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് ഗോപിക.


Click it and Unblock the Notifications