twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചന്ദ്രമുഖി വിവാദകുരുക്കില്‍

    By Staff
    |

    ചന്ദ്രമുഖി വിവാദകുരുക്കില്‍

    ബാബയുടെ പരാജയത്തിന് ശേഷം രജനീകാന്തിന്റെ തിരച്ചുവരവ് ലക്ഷ്യമാക്കി ഒരുക്കുന്ന ചന്ദ്രമുഖി തുടക്കത്തിലേ വിവാദകുരുക്കില്‍. മലയാളച്ചിത്രം മണിച്ചിത്രത്താഴിന്റെ റീമേക്കാണ് ചന്ദ്രമുഖിയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതോടെ ഈ ചിത്രം സാങ്കേതികപ്രശ്നങ്ങളിലാണ് ചെന്നുവീണിരിക്കുന്നത്.

    പകര്‍പ്പവകാശം വാങ്ങാതെ മണിച്ചിത്രത്താഴ് റീമേക്ക് ചെയ്യുന്നതിനെ ചൊല്ലി പരാതികളുയര്‍ന്നതോടെ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ചിത്രം നിര്‍മിക്കുന്ന ശിവാജി പ്രൊഡക്ഷന്‍സില്‍ നിന്നും വിശദീകരണം തേടിക്കഴിഞ്ഞു. മണിച്ചിത്രത്താഴിന്റെ തിരക്കഥാകൃത്ത് മധു മുട്ടത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ ഒഫ് കോമേഴ്സിന് മുന്നില്‍ ഹാജരാവാന്‍ ശിവാജി പ്രൊഡക്ഷന്‍സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആരോപണങ്ങള്‍ ശരിയാണെങ്കില്‍ ചന്ദ്രമുഖിക്ക് തമിഴ്നാട്ടില്‍ വിലക്കേര്‍പ്പെടുത്തുമെന്ന് ചേംബര്‍ നിര്‍മാതാക്കളെ അറിയിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.

    ചന്ദ്രമുഖി കേരളത്തില്‍ വിതരണം ചെയ്യരുതെന്ന് കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. പകര്‍പ്പവകാശം വാങ്ങാത്തതിനെ ചൊല്ലി ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ മുന്നിലും ഒരു പരാതി പരിഗണനയിലുണ്ട്.

    മണിച്ചിത്രത്താഴിന്റെ കന്നഡ റീമേക്കായ ആപ്തമിത്ര കണ്ടതോടെ ചിത്രം തമിഴിലും റീമേക്ക് ചെയ്യണെമന്ന് രജനീകാന്തിന് താത്പര്യമുദിച്ചെന്നും ആപ്തമിത്രയുടെ സംവിധായകന്‍ പി. വാസു ചിത്രം തമിഴില്‍ റീമേക്ക് ചെയ്യാമെന്നേറ്റെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ചന്ദ്രമുഖിയുടെ ചിത്രീകരണം ആരംഭിച്ചതോടെ ചിത്രം മണിച്ചിത്രത്താഴിന്റെ റീമേക്കല്ലെന്നായി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുടെ അവകാശവാദം. ഇതിനിടയിലാണ് രജനീകാന്ത് ചിത്രത്തിനെതിരെ മധുമുട്ടം പരാതിയുമായി രംഗത്തുവന്നത്.

    ചന്ദ്രമുഖിയുടെ ചിത്രീകരണം രഹസ്യസ്വഭാവത്തോടെയാണ് തുടക്കം മുതലേ നടന്നിരുന്നത്. ചിത്രത്തിന്റെ കഥാതന്തു പുറത്തുവിടാന്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തയ്യാറായില്ല. മാധ്യമപ്രവര്‍ത്തകരെ ചിത്രീകരണം റിപ്പോര്‍ട്ട് ചെയ്യുന്നതിന് അനുവദിച്ചുമില്ല. പ്രമേയവും മറ്റും രഹസ്യമാക്കി വയ്ക്കുന്നത് ഒരു രജനി ചിത്രത്തെ സംബന്ധിച്ചിടത്തോളം ആദ്യമായാണ്. ചിത്രത്തിനെതിരായ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് സംശയമുണര്‍ത്താന്‍ ഇത് കാരണമായി.

    അതേ സമയം ഡിസ്ട്രീബ്യൂട്ടേഴ്സ് അസോസിയേഷന് താന്‍ പരാതിയൊന്നും നല്‍കിയിട്ടില്ലെന്നാണ് മണിച്ചിത്രത്താഴ്ിന്റെ സംവിധായകനായ ഫാസില്‍ പറയുന്നത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് താന്‍ പരാതി നല്‍കിയിരുന്നെങ്കിലും ശിവാജി പ്രൊഡക്ഷന്‍സുമായും രജനീകാന്തുമായും നല്ല ബന്ധം സൂക്ഷിക്കുന്ന തനിക്ക് അവരുമായി ഒരു തര്‍ക്കത്തിന് താത്പര്യമില്ലെന്ന് ഫാസില്‍ വ്യക്തമാക്കി.

    അതിനിടെ മണിച്ചിത്രത്താഴിന്റെ പകര്‍പ്പവകാശത്തെ ചൊല്ലിയുള്ള തര്‍ക്കം കോടതിയിലുമെത്തി. ആലപ്പുഴയിലെ കോടതിയില്‍ മണിച്ചിത്രത്താഴിന്റെ തിരക്കഥാകൃത്തായ മധു മുട്ടം ഒരു ഹര്‍ജി നല്‍കിയിട്ടുണ്ട്.

    അതേ സമയം മധുവിന് പകര്‍പ്പകവകാശത്തിന്റെ പേരില്‍ ഇത്തരമൊരു പരാതി നല്‍കാന്‍ അവകാശമില്ലെന്ന് ഫാസില്‍ പറഞ്ഞു. മണിച്ചിത്തത്താഴ് റിലീസ് ചെയ്തയുടനെ മധു മുട്ടത്തില്‍ നിന്നും താന്‍ പകര്‍പ്പവകാശം വാങ്ങിയിരുന്നു. മണിച്ചിത്രത്താഴിന്റെ നിര്‍മാതാവായ അപ്പച്ചന്‍ ചിത്രത്തിന്റെ പകര്‍പ്പവകാശം കന്നഡ റീമേക്ക് ഒരുക്കുന്നതിനായി വിറ്റിരുന്നുവെന്ന കാര്യത്തെ പറ്റി മധുവിന് അറിയില്ലെന്നും ഫാസില്‍ പറഞ്ഞു.

    ചന്ദ്രമുഖി തിയേറ്ററുകളിലെത്തിക്കാന്‍ സാങ്കേതികകുരുക്കുകള്‍ നീക്കാനുള്ള ശ്രമത്തിലാണ് രജനീകാന്തും ശിവാജി പ്രൊഡക്ഷന്‍സും.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X