'കൃഷിഭൂമി ഉൾപ്പെടെ 131 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ, ലക്ഷ്വറി വാഹനങ്ങളുടെ ശേഖരം'; ഉലകനായകന്റെ ആസ്തി!
അറുപത്തിയൊമ്പത് വർഷം ജീവിച്ചു എന്നതിലുപരി അറുപത്തിയഞ്ച് വർഷം സിനിമയിൽ ജീവിച്ച മനുഷ്യനാണ് കമൽഹാസൻ. ഫിലിം മേക്കർ എന്ന് സംവിധായകരെ വിളിക്കാറുണ്ടെങ്കിലും ഇന്ത്യൻ സിനിമയിൽ അങ്ങനെ അക്ഷരം തെറ്റാതെ വിളിക്കപ്പെടാൻ ഏറ്റവും യോഗ്യനായ വ്യക്തി കമൽഹാസനാണ്. കഥാപാത്രമായി മാറാൻ രൂപം കൊണ്ടും ഭാവം കൊണ്ടും ഏതറ്റം വരെയും പോകുന്ന കമൽഹാസനിലെ മിസ്റ്റർ പെർഫെക്ട് നടൻ നമ്മളെ ഒരുപാട് വിസ്മയിപ്പിട്ടുണ്ട്.
നടൻ എന്ന നിലയിൽ അടയാളപ്പെടുത്തുന്ന ഒരുപാട് കഥാപാത്രങ്ങൾ ഉണ്ടെങ്കിലും പെട്ടെന്ന് ഓർമ്മ വരുന്ന ആരാധകരുടെ പ്രിയപ്പെട്ട സിനിമകൾ മൂൺട്രാംപിറയും, നായകനും, വിരുമാണ്ടിയും, അൻപെസിവവുമൊക്കെയാണ്. കമൽഹാസനിലെ പാട്ടുകാരനെയും സംവിധായകനെയുമെല്ലാം ജനങ്ങൾ ഒരുപാട് ആസ്വദിച്ചിട്ടുണ്ട്. അറുപത്തിയൊമ്പതിലും നല്ല സിനിമകൾക്കും കഥാപാത്രങ്ങൾക്കും പിന്നാലെയാണ് കമലിന്റെ സഞ്ചാരം.

ആഗോളതലത്തിൽ 64 വർഷത്തെ അഭിനയ പരിചയമുള്ള ഒരേയൊരു നടനെന്ന റെക്കോർഡ് സ്വന്തമായുള്ള കമലിന്റെ തഗ് ലൈഫെന്ന സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ. ഉലകനായകൻ കമല്‍ഹാസൻ വീണ്ടും മണിരത്നത്തിന്റെ സംവിധാനത്തില്‍ നായകനാകുന്നു എന്നതുകൊണ്ട് തന്നെ തഗ് ലൈഫെന്ന സിനിമയെ കുറിച്ച് പ്രേക്ഷകരുടെ പ്രതീക്ഷ വലുതാണ്.
അഭിനയത്തിന് പുറമെ ബിഗ് ബോസ് തമിഴ് ഏഴാം സീസണിന്റെ അവതാരകനാണ് കമൽ. താരത്തിന്റെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന്റെ സ്വത്തുക്കൾ സംബന്ധിച്ച വിവരങ്ങളാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്.
64 വർഷത്തെ സിനിമാ ജീവിതത്തിലൂടെ അദ്ദേഹം സമ്പാദിച്ചത് കോടികളാണ്. ഇന്ത്യൻ സിനിമയിലെ വില കൂടിയ താരങ്ങളിൽ ഒരാളാണ് കമൽ എന്നത് എല്ലാവർക്കും അറിയാവുന്ന ഒന്നാണ്. 17 കോടി രൂപ വിലമതിക്കുന്ന കൃഷിഭൂമി ഉൾപ്പെടെ 131 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ തനിക്കുണ്ടെന്ന് കമല്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിന് മുമ്പാണ് താരം ഈ വെളിപ്പെടുത്തൽ നടത്തിയത്. കമൽഹാസന് ചെന്നൈയിലെ വസതിക്ക് പുറമെ ഒരു ആഡംബര വില്ലയുമുണ്ട്. കമല്‍ കുടുംബത്തിന്‍റെ ഒത്തുചേരലുകള്‍ ഈ ആഢംബര വില്ലയിലാണ് നടക്കാറ്.

ജിക്യു റിപ്പോർട്ടുകള്‍ പറയുന്നത് അനുസരിച്ച് കമൽഹാസന്റെ മുഴുവൻ ചെന്നൈ റിയൽ എസ്റ്റേറ്റ് ആസ്തികളും അദ്ദേഹത്തിന്റെ വാണിജ്യ കെട്ടിടങ്ങളും മറ്റ് സ്വത്തുക്കളും 92.5 കോടി രൂപ വിലമതിക്കുന്നതാണ് എന്നാണ്. സിനിമ നിര്‍മ്മാണ കമ്പനി ആടക്കം കമല്‍ മറ്റ് ബിസിനസുകളും നടത്തുന്നുണ്ട്. 200 കോടിവരെ മൂല്യമാണ് ഇദ്ദേഹത്തിന്‍റെ സിനിമ കമ്പനിക്ക് ഉള്ളത് എന്നാണ് കണക്കുകള്‍ പറയുന്നത്. അവസാനം ഇറങ്ങിയ വിക്രം അടക്കം കമല്‍ ഇതുവരെ ഒട്ടേറെ സിനിമകൾ നിര്‍മ്മിച്ചിട്ടുണ്ട്.
മികച്ചൊരു കാര്‍ ശേഖരവും നടനുണ്ട്. ഡീലക്സ് ലെക്സസ് എല്‍എക്സ് 570, ബിഎംഡബ്യു 730 എല്‍ഡി എന്നീ വണ്ടികളാണ് കമലിന്‍റെ ശേഖരണത്തില്‍ ഉള്ളത്. 3.69 കോടിയോളം വിലവരും ഈ വാഹനങ്ങൾക്ക്. വിക്രമാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത കമൽഹാസൻ സിനിമ. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത സിനിമ ഒരിടവേളയ്ക്ക്ശേഷം കമലിന് കിട്ടിയ ഏറ്റവും വലിയ ഹിറ്റായിരുന്നു.


Click it and Unblock the Notifications