പൃഥ്വിരാജ് മണിരത്നം ചിത്രത്തില്‍
മലയാളത്തില്‍ സൂപ്പര്‍ഹിറ്റ് സൃഷ്ടിക്കാനാവുന്ന നായകന്‍ എന്ന നിലയില്‍ ചുവടുറപ്പിക്കുന്നതിനൊപ്പം തമിഴിലും ഉയരങ്ങളിലേക്ക് നീങ്ങുകയാണ് പൃഥ്വിരാജ്. മൊഴി പോലുള്ള ചിത്രങ്ങളിലൂടെ തമിഴ് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ പൃഥ്വിരാജിനെ തേടി തമിഴില്‍ നിന്നും മികച്ച പുതിയ അവസരങ്ങളെത്തുകയാണ്.
മണിരത്നത്തിന്റെ ചിത്രത്തില്‍ അഭിനയിക്കുകയെന്നത് തമിഴിലെയും മലയാളത്തിലെയും ഏതൊരു നടന്റെയും സ്വപ്നമാണ്. മലയാളത്തില്‍ നിന്ന് മമ്മൂട്ടിയും മോഹന്‍ലാലും തമിഴിലെത്തി മണിരത്നത്തിന്റെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിക്കും മോഹന്‍ലാലിനും മാത്രമേ മലയാളത്തില്‍ നിന്നും ഇതുവരെ മണിരത്നത്തിന്റെ ചിത്രത്തില്‍ നായകനാവാന്‍ അവസരം ലഭിച്ചിട്ടുള്ളൂ.
തന്റെ പുതിയ തമിഴ് ചിത്രത്തില്‍ മണിരത്നം നായകനാക്കുന്നത് പൃഥ്വിരാജിനെയാണ്. അങ്ങനെ മമ്മൂട്ടിക്കും മോഹന്‍ലാലിനു ശേഷം മലയാളത്തില്‍ നിന്ന് മറ്റൊരു നടന്‍ മണിരത്നം ചിത്രത്തില്‍ നായകനാവുന്നു. പൃഥ്വിരാജിന്റെ 2008ലെ പ്രധാന പ്രൊജക്ടുകളിലൊന്നായിരിക്കും ഇത്.
വലിയ വിജയങ്ങളായില്ലെങ്കിലും മണിരത്നത്തിന്റെ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ നടന്‍മാരുടെ അഭിനയജീവിതത്തിന് മുതല്‍കൂട്ടാണ്. ഇരുവറിലെ നായകവേഷം മോഹന്‍ലാലിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു. ദളപതിയില്‍ മമ്മൂട്ടി അവതരിപ്പിച്ച വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വ്യത്യസ്തവും മികച്ചതുമായ കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുന്ന പൃഥ്വിരാജ് മണിരത്നം ചിത്രത്തില്‍ ഏറെ പ്രതീക്ഷകളാണ് പുലര്‍ത്തുന്നത്.


Click it and Unblock the Notifications