വസ്‌ത്ര വിവാദം; ശ്രിയ മാപ്പപേക്ഷിച്ച് കത്തെഴുതി
മാന്യമല്ലാത്ത രീതിയില്‍ വസ്‌ത്രം ധരിച്ചതില്‍ തമിഴ്‌താരം ശ്രിയ മാപ്പുപറഞ്ഞു. ശിവാജി യുടെ 175ാം ദിനാഘോഷച്ചടങ്ങുകള്‍ക്കിയെയാണ് ശ്രേയ ഇറക്കം കുറഞ്ഞ് ശരീരഭാഗങ്ങള്‍ കാണുന്ന വിധത്തിലുള്ള വസ്‌ത്രം ധരിച്ച് പൊതുവേദിയിലെത്തിയത്.
ഇതിനെത്തുടര്‍ന്ന് താരം സംസ്‌കാരത്തെ അപമാനിച്ചുവെന്നാരോപിച്ച് തമിഴ് മക്കള്‍ കക്ഷിയെന്ന ഹിന്ദുസംഘടന പരാതി നല്‍കിയിരുന്നു. മുട്ടിനുമുകളില്‍ നില്‍ക്കുന്നതും വലിയ കഴുത്തുകളുള്ളതുമായ ഓഫ്- വൈറ്റ് ഉടുപ്പ് ധരിച്ചായിരുന്നു മുഖ്യമന്ത്രി കരുണാനിധിയുള്‍പ്പെടെയുള്ള പ്രമുഖരുള്ള വേദിയില്‍ എത്തിയത്.
ടിവിയില്‍ പരിപാടി കണ്ടപ്പോഴാണ് ശ്രിയ ധരിച്ച വസ്‌ത്രം സംഘടനാംഗങ്ങള്‍ കാണുകയും ഇവരിലൊരാള്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്‌തത്. തന്റെ വസ്‌ത്രം വിവാദമായതറിഞ്ഞപ്പോള്‍ മുഖ്യമന്ത്രിയ്‌ക്കും ചെന്നൈ പൊലീസിനും ഹിന്ദുമക്കള്‍ കക്ഷിയ്‌ക്കും മാപ്പുപറഞ്ഞുകൊണ്ട് ശ്രിയ കത്തുകളയച്ചു.
ടര്‍ക്കിയിലെ ഇസ്‌താംബുളില്‍ ഹിന്ദി ചിത്രത്തിന്റെ സെറ്റില്‍ നിന്നും ചിത്രീകരണത്തിനായി ധരിച്ച വസ്‌ത്രംതന്നെയിട്ടാണ് താന്‍ ചെന്നൈയിലെ പരിപാടിക്ക് എത്തിയതെന്നും അതിനിടെ വസ്‌ത്രം മാറിധരിക്കാന്‍ സമയം കിട്ടിയില്ലെന്നുമാണ് താരം കത്തില്‍ പറഞ്ഞിരിക്കുന്നത്. തന്റെ വസ്‌ത്രധാരണംകൊണ്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കില്‍ മാപ്പുപറയുന്നുവെന്നും ശ്രിയ വ്യക്തമാക്കിയിട്ടുണ്ടത്രേ.
എന്നാല്‍ ഇത്തരത്തില്‍ ഒരു വസ്‌ത്രം ധരിച്ച് ശ്രിയ എത്തിയത് രജനീകാന്ത്-ശങ്കര്‍ ചിത്രമായ റോബോട്ട് മുന്നില്‍ കണ്ടുകൊണ്ടാണെന്നും വസ്‌ത്രധാരണത്തിലൂടെ റോബോട്ടിലെ കഥാപാത്രത്തിന് താന്‍ അനുയോജ്യയാണെന്ന് കാണിക്കാനാണ് ശ്രിയ ശ്രമിച്ചതെന്നുമാണ് തമിഴ് ചലച്ചിത്രലോകം അടക്കം പറയുന്നത്.
പരിപാടിയ്‌ക്കിടെ ശ്രിയ പ്രസംഗിച്ചപ്പോള്‍ ശിവാജിയിലെ താരങ്ങള്‍ തന്നെയായിരിക്കും റോബോട്ടിലുമെന്ന് ശങ്കര്‍ പറഞ്ഞകാര്യം ശ്രിയ ഊന്നിപ്പറഞ്ഞിരുന്നുവത്രേ.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications











