കരുണാനിധിയുടെ കഥയില്‍ വിനീത് നായകന്‍
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിയുടെ തൂലികയില്‍ വിടര്‍ന്ന കഥയില്‍ വിനീത് നായകനാകുന്നു. പത്താം നൂറ്റാണ്ടില്‍ രാജരാജചോളന്റെ ഭരണകാലത്ത് നടക്കുന്ന ഒരു കഥയാണിത്.
ജെ. നന്ദിനി ആര്‍ട്‌സിന്റെ ബാനറില്‍ ഒരുക്കുന്ന ഈ ചിത്രത്തിന്റെ പേര് 'ഉളിയിന്‍ ഓശൈ' എന്നാണ്. രാജരാജചോളന്റെ ഭരണകാലത്ത് തഞ്ചാവൂരിലെ ക്ഷേത്രത്തില്‍ ശില്‌പങ്ങള്‍ കൊത്തുന്ന ഒരു ശില്‌പിയുടെ വേഷത്തിലാണ് വിനീത് അഭിനയിക്കുന്നത്.
കീര്‍ത്തി ചൗളയാണ് നായിക. ഒരു ഭരതനാട്യം നര്‍ത്തകിയുടെ വേഷമാണ് കിര്‍ത്തിക്ക്. എഴുത്തുകാരനായ ഇളയവേനില്‍ സംവിധാനം ചെയ്യുന്ന കന്നിച്ചിത്രമാണിത്. അക്ഷയ, ശരത്‌ബാബു, ബാലസിങ്, മനോരമ, 'തലൈവാസല്‍' വിജയ്, കോവൈ സരള, സുജ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
1970-ല്‍ കലൈഞ്‌ജര്‍ കരുണാനിധി എഴുതിയ 'ചാരപ്പള്ളം ചാമുണ്ഡി' എന്ന കഥയാണ് 48 വര്‍ഷങ്ങള്‍ക്കുശേഷം 'ഉളിയിന്‍ ഓശൈ' എന്ന സിനിമയായി പരിണമിക്കുന്നത്.
നൃത്തത്തിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ വിനീത്‌തന്നെ നായകനാകണമെന്ന് കരുണാനിധിക്ക് നിര്‍ബന്ധമായിരുന്നുവെന്ന് ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍ പറയുന്നു.
തഞ്ചാവൂര്‍ ക്ഷേത്രത്തില്‍ 108 നൃത്തശില്‌പങ്ങള്‍ പ്രതിഷ്ഠിക്കാനാണ് രാജരാജചോളന്‍ നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍, ക്ഷേത്രത്തില്‍ സ്ഥാപിച്ചത് 80 ശില്‌പങ്ങള്‍ മാത്രമായിരുന്നു. ബാക്കി 28 ശില്‌പങ്ങള്‍ സ്ഥാപിക്കാത്തതിന് പിന്നിലെ കഥകൂടി 'ഉളിയിന്‍ ഓശൈ' അന്വേഷിക്കുന്നുണ്ട്
ചിത്രത്തിലെ ഒരു ഗാനം രചിച്ചിരിക്കുന്നത് കലൈഞ്‌ജറാണ്. ഈ ഗാനം ആലപിച്ചിരിക്കുന്നത് ഇളയരാജയും. സംഗീതസംവിധാനവും ഇളയരാജതന്നെ നിര്‍വഹിക്കുന്നു. ബി. കണ്ണനാണ് ഛായാഗ്രാഹകന്‍.
കേരളത്തില്‍ ചാലക്കുടി, ആലപ്പുഴ എന്നിവിടങ്ങളില്‍ ചിത്രീകരണം നടന്നു. ജൂണില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. വിനീതിന്‍റെ അഭിനയജീവിത്തതിലെ ഒരു പ്രമുഖ വേഷമായിരിക്കും ഉളിയിന്‍ ഓശൈയിലേതെന്നാണ് കരുതപ്പെടുന്നത്.


Click it and Unblock the Notifications