»   » രജനിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

രജനിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

Posted By:
Subscribe to Filmibeat Malayalam
Rajinikanth
ചെന്നൈ: ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന തമിഴ് സൂപ്പര്‍ താരം രജനീകാന്തിനെ ലഘു ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. നെഞ്ചില്‍ കെട്ടിക്കിടക്കുന്ന ദ്രാവകം എടുത്തുകളയുന്നതിനു വേണ്ടിയായിരുന്നു ശസ്ത്രക്രിയയെന്നാണ് അറിയുന്നത്.

ശ്രീ രാമചന്ദ്ര മെഡിക്കല്‍ സെന്ററിന്റെ ഏഴാം നിലയിലുള്ള സ്വകാര്യ വാര്‍ഡിലാണ് രജനിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. താരത്തിന് ഓക്‌സിജന്‍ നല്‍കിയിരുന്നു എന്നും ശ്വാസകോശ അണുബാധക്കെതിരെ ആന്റിബയോട്ടിക്കുകള്‍ നല്‍കിവരികയാണെന്നും ആശുപത്രി വൃത്തങ്ങള്‍ വെളിപ്പെടുത്തി.

നെഞ്ചില്‍ ദ്രാവകം കെട്ടിക്കിടക്കുന്നതിനാല്‍ ശ്വാസകോശങ്ങള്‍ക്ക് സമ്മര്‍ദ്ദം അനുഭവപ്പെടുകയും അതുവഴി രജനിയ്ക്കു ശ്വാസതടസ്സമുള്‍പ്പെടെയുള്ള അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം രജനിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം സന്തോഷവാനാണെന്നും ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.

അതേസമയം, വൃക്കകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മരുന്നുകള്‍ നല്‍കി വരികയാണ്. ഡയാലിസിസ് വേണോ എന്ന് ഇപ്പോള്‍ പറയാറായിട്ടില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ പറയുന്നു. . ശ്വാസകോശ അണുബാധ പൂര്‍ണമായും ഭേദമാവുന്നതോടെ വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ രീതിയിലാവുമെന്നാണ് ഡോക്ടര്‍മാര്‍ പ്രതീക്ഷിക്കുന്നത്.

രജനിക്ക് പരിപൂര്‍ണ വിശ്രമമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കൂടുതല്‍ അണുബാധയ്ക്കുള്ള സാധ്യത ഒഴിവാക്കാന്‍ സന്ദര്‍ശകരെ കര്‍ശനമായി നിയന്ത്രിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

English summary
Actor Rajinikanth on Monday underwent a minor procedure at the Sri Ramachandra Medical Centre, where doctors removed the excess fluid that had accumulated in his lungs

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam