നികുതിയെപ്പേടിച്ച് റോബോട്ടിന് പേരുമാറ്റം
നൂറു കോടി രൂപ മുടക്കി ഇന്ത്യന്‍ സിനിമ ചരിത്രം തിരുത്തിക്കുറിയ്‌ക്കാന്‍ ഒരുങ്ങുന്ന ശങ്കറിന്റെ റോബോട്ട് എന്ന ചിത്രത്തിന്‍റെ പേരു മാറ്റി.
വര്‍ഷങ്ങള്‍ക്കു മുമ്പേ റോബോട്ട് എന്ന പേര്‍ രജിസ്റ്റര്‍ ചെയ്‌ത ശങ്കര്‍ ഇപ്പോള്‍ ചിത്രത്തിന്റെ പേരു മാറ്റിയത് നികുതിയെ പേടിച്ചാണെന്നാണ് കോളിവുഡിലെ സംസാരം.
ഇതിനോടകം തന്നെ സംസാര വിഷയമായ ശങ്കറിന്റെ ഈ സ്വപ്‌ന ചിത്രത്തില്‍ നായകനായെത്തുന്നത് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്താണ്.
തമിഴ് പേരുള്ള ചിത്രങ്ങള്‍ക്ക് മാത്രമേ വിനോദ നികുതിയിളവ് നല്‌കേണ്ടതള്ളൂവെന്നാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം.ഇതു കൊണ്ടാണ് റോബോട്ടിന്റെ പേരു മാറ്റാന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തീരുമാനമെടുത്തത്.
ശങ്കര്‍-രജനി കൂട്ടുക്കെട്ടില്‍ ഇറങ്ങിയ ശിവാജിയുടെ പേരിനെ ചൊല്ലി വന്‍ വിവാദം തന്നെ തമിഴ്‌നാട്ടില്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു.
ശിവാജിയെന്നത് മാറാത്തി ഭാഷയാണെന്നായിരുന്നു വാദം. ഒടുവില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ശിവാജിയെന്നത് തമിഴ് പേരു തന്നെയാണെന്ന് സമ്മതിച്ച് വിനോദ നികുതിയിളവ് നല്‌കുകയായിരുന്നു.
പക്ഷേ റോബോട്ട് എന്ന പേര് ഏത് ഭാഷയാണെന്നതില്‍ തര്‍ക്കമില്ലാത്തതാണ് പേരു മാറ്റാന്‍ നിര്‍മാതാക്കളെ നിര്‍ബ്ബന്ധിതിരാക്കിയത്. ചിത്രത്തിന്റെ പുതിയ പേര് പ്രഖ്യാപിച്ചിട്ടില്ല.
സയന്‍സ് ഫിക്ഷന്‍ ചിത്രമായ റോബോട്ടിന്റെ ചിത്രീകരണത്തിന് ഒരു കൊല്ലത്തോളം വേണ്ടി വരുമെന്നാണ് കരുതപ്പെടുന്നത്. രജനിയുടെ കുചേലന്‍ എന്ന ചിത്രത്തിനു ശേഷം ജൂലായിലാണ് ശങ്കര്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കുക.


Click it and Unblock the Notifications