ദൈവം രജനിയോട് അത് പറയുമോ?
ദൈവം പറഞ്ഞാല്‍ താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്നും ദൈവമാണ് എല്ലാം തീരുമാനിക്കേണ്ടതെന്നും സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്.
ഇന്നലെ ഞാനൊരു ബസ് കണ്ടക്ടറായിരുന്നു. ഇന്ന് സൂപ്പര്‍സ്റ്റാറാണ്. നാളെ എന്താവുമെന്ന് തീരുമാനിക്കേണ്ടത് ദൈവമാണ്. ദൈവം എന്താവശ്യപ്പെടുന്നോ അത് താനത് ചെയ്യുമെന്ന് രജനീകാന്ത് പറഞ്ഞു. എന്‍ഡി ടിവിയുടെ ബെസ്റ്റ് എന്റര്‍ടെയ്നര്‍ ഒഫ് ദ ഈയര്‍ അവാര്‍ഡ് ദില്ലിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗില്‍ നിന്നും സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു രജനീകാന്ത്.
രാഷ്ട്രീയ പ്രവേശനം ലാക്കാക്കി രജനീകാന്ത് നടത്തിയ നീക്കങ്ങള്‍ ഒരു തമിഴ് സിനിമ പോലെ നാടകീയത നിറഞ്ഞതായിരുന്നു. ബാബ എന്ന സിനിമ സൂപ്പര്‍ഹിറ്റായാല്‍ അതോടെ സിനിമാഭിനയം നിര്‍ത്തി ബാബയുടെ പരിവേഷവുമായി രാഷ്ട്രീയത്തിലേക്കിറങ്ങാമെന്നതായിരുന്നു രജനീകാന്തിന്റെ ഒരു മുന്‍കാല പദ്ധതി. ബാബയില്‍ രാഷ്ട്രീയത്തില്‍ താന്‍ നടത്താന്‍ പോകുന്ന ഇടപെടലുകളെ കുറിച്ച് രജനി വ്യക്തമായ സൂചന നല്‍കിയിരുന്നു. എന്നാല്‍ ബാബ പ്രതീക്ഷിച്ച പോലെ വിജയിച്ചില്ല. പരാജയപ്പെട്ട ഒരു സിനിമക്കു ശേഷം രാഷ്ട്രീയത്തിലേക്കിറങ്ങുന്നത് ബുദ്ധിയല്ലെന്ന് മനസിലാക്കി രജനി രാഷ്ട്രീയപ്രവേശനം മാറ്റിവച്ചു.
അതിനു ശേഷം പല മലക്കംമറിച്ചിലുകളും അദ്ദേഹം നടത്തി. കരുണാനിധിയുമായും ഡിഎംകെയുമായും ഏറെ അടുപ്പം പാലിച്ചിരുന്ന അദ്ദേഹം ജയലളിതയുടെ ശത്രുവായാണ് അറിയപ്പെട്ടിരുന്നത്. പടയപ്പ എന്ന ചിത്രത്തില്‍ രമ്യാ കൃഷ്ണന്‍ അവതരിപ്പിച്ച ദുഷ്ടയായ സ്ത്രീകഥാപാത്രം ജയലളിതയുടെ പ്രതീകമാണെന്നു പോലും വ്യാഖ്യാനമുണ്ടായി. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രണ്ടാം വട്ടവും ജയിച്ച് ജയലളിത വീണ്ടും മുഖ്യമന്ത്രിയാവുമെന്ന പ്രതീക്ഷ പരക്കെ നിലനിന്ന സാഹചര്യത്തില്‍ രജനി സിനിമാ സ്റ്റൈല്‍ മലക്കം മറിച്ചില്‍ നടത്തി ജയലളിതക്കൊപ്പം ചേര്‍ന്നു. എന്നാല്‍ രജനിയുടെ കണക്കുകൂട്ടത്തില്‍ വീണ്ടും പിഴച്ചു. അപ്രതീക്ഷിതമായി ജയലളിതയുടെ മുന്നണി പരാജയപ്പെട്ടു.
ഇപ്പോള്‍ ദൈവമാണ് എല്ലാം തീരുമാനിക്കേണ്ടതെന്ന് ഒരു സാത്വികന്റെ പരിവേഷമണിഞ്ഞ് രജനി പറയുന്നു. ദൈവം ഒടുവില്‍ അദ്ദേഹത്തോട് അത് പറയുമോ?


Click it and Unblock the Notifications