തലൈവരുടെ 2.0 മിന്നിക്കും! ആരാധകര്‍ക്ക് ഇരട്ടിമധുരമായി മറ്റൊരു സര്‍പ്രൈസ് കൂടി! ഇതു പൊളിച്ചു
Recommended Video

രജനീകാന്തിന്റെ ബ്രഹ്മാണ്ട ചിത്രം 2.0 റിലീസിങ്ങിനൊരുങ്ങുകയാണ്. ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് നവംബര്‍ 29നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു ചിത്രത്തിന്റെ റിലീസ് ഡേറ്റ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നത്. തമിഴ് സിനിമാ ലോകം ഇതുവരെ കണ്ടതില്‍ വെച്ച് എറ്റവും വലിയ റീലിസായിട്ടാകും 2.0 എത്തുക.
വലിയ ബഡ്ജറ്റില്‍ നിര്‍മ്മിച്ച ശങ്കര്‍ ചിത്രം ഒരു ദൃശ്യവിസ്മയം തന്നെയായിരിക്കും സമ്മാനിക്കുകയെന്നാണ് എല്ലാവരും കരുതുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലര്‍ വമ്പന്‍ ആവേശമായിരുന്നു എല്ലാവരിലും ഉണ്ടാക്കിയിരുന്നത്. വിഷ്വല്‍ എഫക്ട്‌സിനും ഗ്രാഫിക്‌സിനും ഏറെ പ്രാധാന്യം നല്‍കിയുളള ചിത്രത്തിലെ തലൈവരുടെ പ്രകടനത്തിനായുളള കാത്തിരിപ്പാണ് എല്ലാവരുമുളളത്. ഇതിനിടെ ചിത്രത്തെക്കുറിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് കൂടി സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ആരാധകര്‍ക്ക് ഇരട്ടിമധുരം നല്‍കിയാണ് ചിത്രത്തെ സംബന്ധിച്ചുളള പുതിയൊരു വിവരം വന്നിരിക്കുന്നത്.

2.0
എന്തിരന്റെ രണ്ടാം ഭാഗമായി എത്തുന്ന ചിത്രം ത്രീഡി ഫോര്‍മാറ്റിലാണ് ഇത്തവണ പ്രദര്‍ശനത്തിനെത്തുക. സയന്‍സ് ഫിക്ഷന്‍ ചിത്രമായി എത്തുന്ന 2.0 പ്രേക്ഷകരെ ഒന്നടങ്കം വിസ്മയിപ്പിക്കുമെന്നു തന്നെയാണ് അറിയുന്നത്. അറുനൂറ് കോടി ബഡ്ജറ്റിലായിരുന്നു സിനിമ അണിയിച്ചൊരുക്കിയിരുന്നത്. സിനിമയുടെ വിഷ്വല്‍ എഫക്ട്‌സിനും ഗ്രാഫിക്‌സിനും വേണ്ടിയായിരുന്നു കൂടുതല്‍ തുക ചെലവായിരുന്നത്. തമിഴിലെ പ്രമുഖ ബാനറുകളിലൊന്നായ ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

വമ്പന്‍ റിലീസ്
ചിത്രത്തിന്റെ സെന്‍സറിംഗ് നേരത്തെ പൂര്‍ത്തിയായിരുന്നു. യു/എ സര്‍ട്ടിഫിക്കറ്റായിരുന്നു സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരുന്നത്. ലോകമെമ്പാടുമായി 10000ത്തോളം സ്‌ക്രീനുകളിലാണ് 2.0 പ്രദര്‍ശനത്തിനെത്തുന്നത്. തമിഴില്‍ ചിത്രീകരിച്ച സിനിമ മറ്റു ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തുന്നുണ്ട്. വമ്പന്‍ റിലീസുമായി എത്തുന്ന ചിത്രം ആദ്യദിന കളക്ഷനില്‍ എല്ലാം റെക്കോര്‍ഡിടുമെന്നാണ് ആരാധക പ്രവചനങ്ങള്‍.എആര്‍ റഹ്മാനാണ് ഇത്തവണയും ശങ്കര്‍ ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്.

രജനി നാല് വേഷങ്ങളില്‍
ചിത്രത്തില്‍ സ്‌റ്റൈല്‍ മന്നന്‍ നാല് വേഷങ്ങളില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ആദ്യ ഭാഗത്തിലേതു പോലെ ഡോ വസീഗരന്‍,ചിട്ടി എന്നീ കഥാപാത്രങ്ങളായി രണ്ടാം ഭാഗത്തിലും രജനി എത്തുന്നുണ്ട്. മറ്റു രണ്ടു കഥാപാത്രങ്ങളാണ് അണിയറ പ്രവര്‍ത്തകര്‍ സസ്‌പെന്‍സാക്കി വെച്ചിരിക്കുന്നതെന്നാണ് അറിയുന്നത്. ചിത്രത്തില്‍ ഡോ റിച്ചാര്‍ഡ് എന്ന പ്രതിനായക വേഷത്തിലാണ് അക്ഷയ്കുമാര്‍ എത്തുന്നത്. എമി ജാക്‌സണ്‍ ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നു.

435 സ്‌ക്രീനുകളില്‍
കേരളത്തില്‍ മാത്രമായി ചിത്രം 435 സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് അറിയുന്നത്. പുലിമുരുകന്‍,രാമലീല എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച മുളകുപാടം ഫിലിംസാണ് 2.0 കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. ചിത്രത്തിന്റെ 2ഡി, ത്രീഡി ഫോര്‍മാറ്റുകള്‍ ഒരേസമയം കേരളത്തില്‍ പ്രദര്‍ശനത്തിന് ഉണ്ടാവും. ഇതോടെ 412 സ്‌ക്രീനുകളില്‍ കേരളത്തില്‍ റിലീസ് ചെയ്ത സര്‍ക്കാരിന്റെ റെക്കോര്‍ഡ് 2.0 മറികടക്കുമെന്ന് ഉറപ്പായി.

ബാഹുബലി 2വിന്റെ റെക്കോര്‍ഡുകള്‍
റിലീസിനു മുന്‍പ് തന്നെ ചിത്രം വലിയ കളക്ഷന്‍ നേടിയെടുത്തിരുന്നു. ബാഹുബലി 2വിന്റെ റെക്കോര്‍ഡായിരുന്നു രജനി ചിത്രം മറികടന്നിരുന്നത്. അഡ്വാന്‍സ് ബുക്കിംഗിലൂടെ മാത്രം ചിത്രം കോടികള്‍ നേടിക്കഴിഞ്ഞതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. റിലീസിനു മുന്‍പേ തന്നെ നൂറ് കോടി ക്ലബില്‍ ഇടം പിടിക്കുന്ന ആദ്യ തലൈവര്‍ ചിത്രമായി 2.0 മാറിയിരുന്നു. ബാഹുബലി 2 സ്ഥാപിച്ച പല റെക്കോര്‍ഡുകളും ചിത്രം തകര്‍ത്തു കഴിഞ്ഞതായാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.


Click it and Unblock the Notifications