രജനിയുടെ നായികയാകാന്‍ ഐശ്വര്യ
രജനി-ശങ്കര്‍ ടീമിന്റെപുതിയ ചിത്രമായ റോബോട്ടിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയപ്പോള്‍ത്തന്നെ ഇതിലെ നായികയാരായിരിക്കുമെന്നതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങളും തുടങ്ങിയിരുന്നു.
ഒട്ടേറെ നടിമാരുടെ പേര് ഈ നിരയിലുണ്ടായിരുന്നു. ഏറ്റവും ഒടുവില്‍ ദീപിക പദുകോണായിരിക്കും നായികയെന്ന് ഉറപ്പിച്ചമട്ടിലും വാര്‍ത്തകള്‍ വന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും നായികമാരുടെ പട്ടിക മാറിമറിയുന്നു.
ഇത്തവണ ഐശ്വര്യയാണ് റോബോട്ടിന്റെ നായികയാവുകയെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. ഇത് സത്യമാവുകയാണെങ്കില്‍ ഐശ്വര്യ രജനിയുടെ നായികയാവുന്ന ആദ്യചിത്രമെന്ന വിശേഷണവും റോബോട്ടിനായിരിക്കും.
രജനിയുടെ വിജയചിത്രമായ പടയപ്പ മുതല്‍ ഓരോന്നിനും നായികയാവുന്നത് ഐശ്വര്യയാണെന്ന് സൂചയുണ്ടാകാറുണ്ട്. എന്നാല്‍ ചിത്രങ്ങള്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍ ആഷിനെ എവിടെയും കാണാറില്ല.
റോബോട്ടിലെ നായികയാവുന്നതിനുള്ള നിര്‍ദ്ദേശവുമായി ശങ്കര്‍ മുംബൈയിലെത്തി ഐശ്വര്യയെ കണ്ടുവെന്ന് സൂചനയുണ്ട്. ചിത്രത്തിന്റെ കഥകേട്ട ഐശ്വര്യ സ്‌ക്രിപ്‌റ്റ് ചോദിച്ചുവാങ്ങിയിട്ടുണ്ടത്രേ. സ്‌ക്രിപ്‌റ്റ് വായിച്ചുതീര്‍ത്തശേഷമായിരിക്കും ഐശ്വര്യ തീരുമാനമെടുക്കുകയെന്നാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.
നായിക ആരായാലും ശിവാജിയേക്കാള്‍ വിജയമായിരിക്കും റോബോട്ടെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യയില്‍ നിര്‍മ്മിച്ചിട്ടുള്ളതില്‍ വെച്ചേറ്റവും ചെലവേറിയ ചിത്രമായിരിയ്‌ക്കുമിത്. ഹന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഒരേ സമയം ചിത്രം പുറത്തിറക്കാനാണ് സംവിധായകന്‍ ഉദ്ദേശിക്കുന്നത്.


Click it and Unblock the Notifications