ശിവാജി ജൂണിലെങ്കിലും എത്തുമോ?
തമിഴ് സിനിമാ പ്രേക്ഷകര്‍ മാത്രമല്ല, മറ്റ് ദക്ഷിണേന്ത്യന്‍ സിനിമാ പ്രേക്ഷകരും ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് രജനീകാന്തിന്റെ ശിവാജി. കേരളത്തില്‍ ശിവാജിയെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ നേരത്തെ തുടങ്ങിക്കഴിഞ്ഞു. പക്ഷേ ശിവാജി എന്ന് തിയേറ്ററുകളിലെത്തുമെന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തന്നെ.
മെയ് 31ന് തിയേറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ റിലീസിംഗ് വീണ്ടും മാറ്റിവച്ചിരിക്കുകയാണ്. ജൂണ്‍ 15ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് പുതിയ പ്രഖ്യാപനം. എന്നാല്‍ ജൂണിലെങ്കിലും ചിത്രം തിയേറ്ററുകളിലെത്തുമോയെന്ന കാര്യത്തില്‍ ഇപ്പോഴും സംശയം നിലനില്‍ക്കുകയാണ്.
2005 നവംബറിലാണ് ശിവാജിയുടെ ചിത്രീകരണം ആരംഭിച്ചത്. 2006 ഏപ്രില്‍ 14ന് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ ചിത്രം പൂര്‍ത്തിയാവാത്തതിനാല്‍ റിലീസിംഗ് മാറ്റിവച്ചു. അവിടെ തുടങ്ങുന്നു സംവിധായകന്‍ ഷങ്കറും നിര്‍മാതാവും ചേര്‍ന്നുള്ള റിലീസിംഗ് നീട്ടിവയ്ക്കുക എന്ന കളി.
ഏതാനും ദിവസങ്ങള്‍ മുമ്പ് ശിവാജിയുടെ പോസ്റ്ററുകള്‍ ചെന്നൈ നഗരത്തില്‍ നിരന്നിരുന്നതാണ്. മെയില്‍ തന്നെ ചിത്രം തിയേറ്ററുകളിലെത്തുമെന്ന ധാരണ പരത്താന്‍ അതിടയാക്കി. എന്നാല്‍ വീണ്ടും റിലീസിംഗ് മാറ്റുക എന്ന കലാപരിപാടിയാണ് സംവിധായകന്‍ ഷങ്കറും നിര്‍മാതാവും തുടരുന്നത്.
അതിനിടെ ചിത്രം റിലീസാവുന്നതിനു മുമ്പു തന്നെ ശിവാജിയുടെ വ്യാജ സിഡികള്‍ പുറത്തിറങ്ങിയെന്ന വാര്‍ത്ത പരന്നിട്ടുണ്ട്. ചിത്രത്തിന്റെ ഗാനങ്ങളടങ്ങിയ സിഡികളും കാസറ്റുകളും പുറത്തിറക്കുന്നതിനു മുമ്പു തന്നെ ശിവാജിയിലെ ഗാനങ്ങള്‍ ഇന്റര്‍നെറ്റില്‍ കേട്ടുതുടങ്ങി. റിലീസിംഗ് പല തവണ മാറ്റിവച്ച ഈ ചിത്രം ഇങ്ങനെയും വാര്‍ത്തകള്‍ സൃഷ്ടിച്ചിരിക്കുന്നു.


Click it and Unblock the Notifications