കാര്‍ത്തിക ശരത്കുമാറിന്റെ നായിക
തമിഴില്‍ മൂടിപ്പുതച്ച് അഭിനയിക്കണമെന്ന വ്യവസ്ഥയൊന്നും താന്‍ മുന്നോട്ടുവയ്ക്കില്ലെന്ന് കാര്‍ത്തിക നേരത്തെ പറഞ്ഞിരുന്നതാണ്. ഈ നയം വ്യക്തമാക്കലിന് ഗുണവുമുണ്ടായി. ആദ്യചിത്രമായ പുലന്‍വിചാരണയ്ക്കു ശേഷം അടുത്ത ചിത്രം കാര്‍ത്തികയെ തേടിയെത്തിയിരിക്കുന്നു.
പുലന്‍വിചാരണയില്‍ പ്രശാന്തിന്റെ നായികയായ കാര്‍ത്തിക രണ്ടാമത്തെ ചിത്രത്തില്‍ ശരത്കുമാറിന്റെ നായികയായാണ് അഭിനയിക്കുന്നത്. മലയാളത്തില്‍ ദിലീപ് നായകനായ ലയേണ്‍ എന്ന ചിത്രത്തിന്റെ റീമേക്കായ നംനാടിലാണ് കാര്‍ത്തിക ശരത്കുമാറിന്റെ നായികയാവുന്നത്. ദിലീപ് അവതരിപ്പിച്ച വേഷത്തില്‍ തമിഴില്‍ ശരത്കുമാറെത്തുമ്പോള്‍ കാവ്യാ മാധവന്‍ അവതരിപ്പിച്ച നായികാവേഷമാണ് കാര്‍ത്തികയ്ക്ക്. ലയേണില്‍ ദിലീപിന്റെ സഹോദരിയായി അഭിനയിച്ച കാര്‍ത്തികയ്ക്ക് തമിഴില്‍ നായികയാവാന്‍ തന്നെ അവസരം ലഭിച്ചു.
ഗ്ലാമര്‍ താരം തമന്നയെയാണ് നംനാട്ടില്‍ നായികയാക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ മറ്റു ചിത്രങ്ങളുടെ തിരക്ക് കാരണം തമന്ന പിന്മാറിയപ്പോള്‍ പകരം കാര്‍ത്തികയ്ക്ക് അവസരം ലഭിക്കുകയായിരുന്നു.
രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച ശരത്കുമാറിന് അതിന് മുന്നോടിയായി ആരാധകരെയും തമിഴ് ജനതയെയും ആകര്‍ഷിക്കാനായാണ് നംനാട് എന്ന ചിത്രമൊരുക്കുന്നത്. ചിത്രത്തില്‍ ഒരു രാഷ്ട്രീയനേതാവിന്റെ വേഷമാണ് ശരത്കുമാറിന്. മന്ത്രിയായ അച്ഛനെ ധിക്കരിക്കുകയും അദ്ദേഹത്തിനെതിരെ മത്സരിച്ച് ജയിച്ച് മന്ത്രിയാവുകയും ഒരു യുവനേതാവായാണ് ശരത്കുമാര്‍ വേഷമിടുന്നത്. എം.ജി.ആറിന്റെ പഴയകാല സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ പേരാണ് ഈ ചിത്രത്തിനായി സ്വീകരിച്ചിരിക്കുന്നത്.
നംനാട് സംവിധാനം ചെയ്യുന്നത് സുരേഷാണ്.


Click it and Unblock the Notifications