കാവ്യ വീണ്ടും തമിഴില്‍
മീരാ ജാസ്മിന്‍, ഭാവന, നയന്‍താര, ഗോപിക, നവ്യാ നായര്‍ തുടങ്ങിയവരൊക്കെ തമിഴിലെത്തുകയും അവിടെ തിരക്കുള്ള നടിമാരായി തീരുകയും ചെയ്തപ്പോഴും കാവ്യാ മാധവന്‍ തമിഴിനോട് അത്ര താത്പര്യം കാട്ടിയില്ല. തമിഴ് തനിക്ക് ചേരുന്നതല്ലെന്ന ന്യായീകരണവുമായാണ് കാവ്യ മലയാളത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്.
രണ്ട് തമിഴ് സിനിമകളില്‍ കാവ്യ അഭിനയിച്ചെങ്കിലും തമിഴിലെ അഭിനയം തുടരുന്നതില്‍ കാവ്യ വൈമുഖ്യം കാട്ടി. രണ്ട് ചിത്രങ്ങളും വിനയന്‍ തന്റെ ചിത്രങ്ങള്‍ക്കൊരുക്കിയ തമിഴ് റീമേക്കുകളായിരുന്നു. കാവ്യ തന്നെ നായികയായ ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കായ എന്‍ നിനവിലേ ആയിരുന്നു അതിലൊന്ന്. ചിത്രം ഒട്ടും ശ്രദ്ധിക്കപ്പെട്ടില്ല. അതേ സമയം വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ റീമേക്കായ കാശി വന്‍വിജയമായി. വിക്രം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രത്തില്‍ നായികമാരിലൊരാളായാണ് കാവ്യാ മാധവന്‍ വേഷമിട്ടത്.
മലയാളത്തിലെ മുന്‍നിര നടിമാരില്‍ പലരും തമിഴിലെത്തി ഒരു പിടി ചിത്രങ്ങളിലൂടെ അവിടെ തിളങ്ങിയപ്പോള്‍ കാവ്യ അഭിനയിച്ചത് രണ്ടു തമിഴ് ചിത്രങ്ങള്‍ മാത്രം. തന്റെ സമപ്രായക്കാരായ നടിമാരുടെ തമിഴിലെ വിജയം ഇപ്പോള്‍ കാവ്യയെ വീണ്ടുവിചാരത്തിലെത്തിച്ചെന്നു തോന്നുന്നു. സിദ്ധിഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ കാവ്യ വീണ്ടും തമിഴിലെത്തുകയാണ്.
ക്രോണിക് ബാച്ചിലറിനു ശേഷം മലയാളത്തില്‍ നിന്നു വിട്ടുനില്‍ക്കുന്ന സിദ്ദിഖ് സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രമാണ് സാധു മിരണ്ടാല്‍. പ്രസന്നയുടെ നായികയായാണ് കാവ്യ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.
മലയാളി സംവിധായകന്റെ മലയാളിതാരം നായികയാവുന്ന തമിഴ് ചിത്രത്തില്‍ സംഗീതം നല്‍കുന്നത് മലയാളത്തില്‍ നിന്നുള്ള സംഗീത സംവിധായകനാണ്. ക്രോണിക് ബാച്ചിലറിലൂടെ സംഗീത സംവിധാന രംഗത്തെത്തിയ ദീപക് ദേവാണ് ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ദീപക് ദേവിന്റെ കന്നി തമിഴ് ചിത്രമാണിത്.
സിദ്ദിഖ് തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.


Click it and Unblock the Notifications