twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആര്‍ത്തിക്കും അഹങ്കാരത്തിനും ആണ്ടവന്റെ അടി

    By Staff
    |

    അണ്ഡകടാഹത്തിലിന്നോളം കാട്ടിയ സര്‍വവിധ കോലാഹലവുമായി പുറത്തിറങ്ങിയ രജനീകാന്തിന്റെ ശിവാജി പ്രേക്ഷകന്റെ നിശിതമായ ന്യായവിധിയ്ക്കു മുന്നില്‍ തലകുത്തി വീഴുകയാണ്. ആദ്യാരവങ്ങള്‍ കഴിഞ്ഞപ്പോള്‍ തീയേറ്ററുകളില്‍ ഇഴഞ്ഞു നീങ്ങുന്ന ഈ ചിത്രത്തിന് മുതല്‍മുടക്കും പരസ്യ കോലാഹലങ്ങളും ഇതുവരെ കാട്ടിക്കൂട്ടിയ കോപ്രായങ്ങളുമൊക്കെ ഓര്‍ത്തു മാര്‍ക്കിട്ടാന്‍ ജയിക്കാനുളളതു പോലും കിട്ടില്ല.

    എന്തെല്ലാമായിരുന്നു കോലാഹലങ്ങള്‍ ? ഏഷ്യയില്‍ ജാക്കിചാന്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടന്റെ പടം. ഇന്ത്യയില്‍ ഏറ്റവും മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ചിത്രം. മുംബെയിലെ കൊഡാക് സ്റ്റുഡിയോവില്‍ 4 കെ പ്രോസസിംഗ്. (അതും ഇന്ത്യയിലാദ്യമായി), 24 ലെയര്‍ എഡിറ്റിംഗ് ( ഒരു ഷോട്ട് 24 തവണ ഷൂട്ട് ചെയ്ത് ഒറ്റ ഫ്രെയിമാക്കുന്ന ധാരാളിത്തം)..

    എഴുതിയാല്‍ ഏറെയുണ്ട് ശിവാജിയുടെ വിശേഷങ്ങള്‍. കേരളത്തില്‍ മാത്രം എഴുപത്തഞ്ചില്‍ പരം തീയേറ്ററുകളിലാണ് ശിവാജി റിലീസ് ചെയ്തത്. ചിത്രത്തിന്റെ റിലീസിംഗ് മാധ്യമങ്ങളും ആരാധകരും കൊണ്ടാടിയ വിധം എഴുതാനുളള അറപ്പുമൂലം വിസ്തരിക്കുന്നില്ല.

    ആദ്യരാത്രയില്‍ ഉടുപുടവകള്‍ അഴിയുന്പോള്‍ സുന്ദരിയെന്നു കരുതിയവളുടെ വൈരൂപ്യം കാണേണ്ടി വന്ന വരന്റെ നിരാശയിലാണ് ഇപ്പോള്‍ ആരാധക ലോകം. അതെ. പ്രമേയത്തില്‍, സംവിധാനത്തില്‍, ട്രീറ്റ്മെന്റില്‍, എന്തിന് രജനിയുടെ മാനറിസങ്ങളില്‍ പോലും വല്ലാത്ത നിരാശ നല്‍കിയ ശിവാജി തീയേറ്ററുകളില്‍ അക്ഷരാര്‍ത്ഥത്തില്‍ ഇഴയുകയാണ്.

    ബാഷയും പടയപ്പയുമൊക്കെ വിജയിപ്പിച്ചത് പഞ്ച് ഡയലോഗുകളും രസികന്‍ ആക്ഷനുകളുമായിരുന്നു. ശിവാജി കണ്ട് തീയേറ്ററില്‍ നിന്നിറങ്ങുന്പോള്‍ മനസില്‍ കൂടെക്കൊണ്ടു പോരാന്‍ ഒന്നുമില്ലാത്ത അവസ്ഥ. ഇഴഞ്ഞു നീങ്ങുന്ന ആദ്യ പകുതി. രണ്ടാം പകുതിയിലെ മൊട്ട രജനി മാത്രമാണ് അല്‍പം ആശ്വാസം. അതുപോലും ആരാധകരുടെ പ്രതീക്ഷയ്ക്കൊപ്പമുയ‍ര്‍ന്നിട്ടില്ലെന്ന് ആദ്യവാരങ്ങളിലെ ആരവങ്ങളൊഴിയുന്പോള്‍ നാം തിരിച്ചറിയുന്നു.

    ഷങ്കറിന്റെ മുന്‍ ചിത്രമായ അന്യനു വേണ്ടി പീറ്റര്‍ ഹെയിന്‍സ് ഒരുക്കിയ സംഘട്ടന രംഗങ്ങള്‍ അത്യുജ്ജ്വലമായിരുന്നു. 150 കാമറകള്‍ നല്‍കിയ 360 ഡിഗ്രി ആംഗിളിലെ കാഴ്ച, "ബിഗ് ഫ്രീസ്" ഒരുക്കിയ സ്പെഷ്യല്‍ ഇഫക്ടുകള്‍ ഇവയൊക്കെ അന്ന്യനിലെ അത്ഭുതങ്ങളായിരുന്നു.

    എന്നാല്‍ അന്ന്യനില്‍ പ്രേക്ഷകരെ അന്പരപ്പിച്ച പീറ്റര്‍ ഹെയിന്‍സിന്റെ പ്രേതം മാത്രമാണ് ഈ ചിത്രത്തില്‍. പല സംഘട്ടന രംഗങ്ങളിലും രജനിയുടെ ഡ്യൂപ്പിനെ പ്രേക്ഷകര്‍ക്ക് തിരിച്ചറിയാം

    അന്ന്യന്റെ ഗംഭീര വിജയം ഷങ്കറിനെ അഹങ്കാരത്തിന്റെ പരകോടിയിലെത്തിച്ചുവെന്നു വേണം പറയാന്‍. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ലൊക്കേഷനില്‍ കനത്ത വിലക്ക്. കാമറയുളള സെല്‍ഫോണിന് നിരോധനം. കഥയോ കഥയുടെ സൂചനയോ സ്റ്റില്ലുകളോ ഒരാളും അറിയുകയോ കാണുകയോ ചെയ്യരുതെന്ന നിര്‍ബന്ധം.

    അവരവര്‍ക്കു തോന്നുന്ന രീതിയില്‍ ശിവജിയുടെ കഥ ഓരോരുത്തരും എഴുതാന്‍ തുടങ്ങി. നൂറുകോടി രൂപ ചെലവില്‍ പുറത്തുവരുന്ന ചിത്രമെന്നൊക്കെ എഴുതിപ്പിടിപ്പിച്ച് ആരാധകരുടെ ഹൃദയമിടിപ്പ് കൂട്ടി. റിലീസിംഗ് തീയതികള്‍ പലതവണ മാറ്റി വച്ചു.

    നിര്‍മ്മാതാക്കള്‍ വിചാരിച്ചിടത്ത് കാര്യങ്ങള്‍ എത്തി. ചിത്രം റിലീസാകുന്നതിനു മുന്പ് കോടികള്‍ അവരുടെ കീശയില്‍ നിറയാന്‍ തുടങ്ങി. ഒരു സൂപ്പര്‍ സ്റ്റാര്‍ ചിത്രത്തിന്റെ നിര്‍മ്മാണച്ചെലവിനേക്കാള്‍ അധികം തുകയ്ക്കാണ് ജോണി സാഗരിക കേരളത്തില്‍ വിതരണാവകാശം നേടിയത്.

    പ്രിന്റുകളുടെ എണ്ണത്തെക്കുറിച്ചുളള കഥയായിരുന്നു പിന്നീട്. ഏറ്റവും കൂടുതല്‍ പ്രിന്റുകള്‍ പുറത്തിറക്കുന്ന ചിത്രം എന്ന കഥ പ്രചരിപ്പിച്ചപ്പോള്‍ തീയേറ്ററുകാര്‍ നെട്ടോട്ടം തുടങ്ങി. വിതരണക്കാര്‍ ആവശ്യത്തിനനുസരിച്ച് ഉയര്‍ന്നു. പ്രിന്റുകളുടെ എണ്ണം ആയിരങ്ങള്‍ കടന്നു മുന്നേറി.

    ശിവജിയെ വരവേല്‍ക്കാന്‍ ചെന്നൈയിലെ ചില തീയേറ്ററുകള്‍ മോടിപിടിപ്പിച്ചു എന്ന വാര്‍ത്ത പുറത്തു വന്നതോടെ സകലമാന തീയേറ്ററുകളും മോടികൂട്ടല്‍ തുടങ്ങി. റിലീസിംഗ് എങ്ങനെ സംഭവ ബഹുലമാക്കണമെന്ന് രസികര്‍ മണ്‍റങ്ങള്‍ക്ക് വേവലാതി. പായസം വെപ്പും ടപ്പാന്‍ കുത്തും കടന്ന് റിലീസിംഗ് തീയതിയില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണമോതിര വിതരണം വരെയെത്തി കാര്യങ്ങള്‍.

    കൃത്യമായ പ്ലാനിംഗോടെയാണ് ശിവാജിയുടെ അണിയറക്കാര്‍ ഓരോന്നും ചെയ്തത്. ഒരു സമഗുണിത പ്രോഗ്രഷന്‍ പെരുകും പോലെ പോലെ അവര്‍ ആരാധകരുടെ പ്രതീക്ഷ വളര്‍ത്തി. സൃഷ്ടിച്ചെടുത്ത ആവേശം അണുവിട കെടാതെ റിലീസിംഗ് തീയതി വരെയെത്തിച്ച തലച്ചോറുകളുടെ ശേഷി നാം കാണാതിരുന്നു കൂടാ.

    ആവേശം പണമാക്കി പരിവര്‍ത്തനം ചെയ്യാന്‍ കേരളത്തിലെ ഇടതു സര്‍ക്കാരും ഒരു ദിവസം ശിവജിക്കൊപ്പം നിന്നുവെന്നറിയുന്പോള്‍ അന്പരക്കണോ സഹതപിക്കണോ എന്ന സംശയത്തിലാവും നാം. ആദ്യ ആഴ്ച ടിക്കറ്റ് നിരക്ക് ഉയര്‍ത്താന്‍ സഹായിച്ച കേരള സര്‍ക്കാരിന് ജോണി സാഗരിക വക നന്ദി പത്രപ്പരസ്യമായി പ്രകടിപ്പിച്ച അന്നു തന്നെ പാലൊളിയും പത്രക്കുറിപ്പിറക്കി. ശിവാജി കാണാന്‍ അമിത ചാര്‍ജ് ഈടാക്കുന്ന തീയേറ്ററുകളുടെ പേരില്‍ നടപടിയെടുക്കുമെന്ന്.

    എന്നാല്‍ എത്ര രൂപയും നല്‍കി ശിവജി കാണാന്‍ പാകത്തിന് അതിനകം ആരാധകരെ ഷങ്കറും സംഘവും സജ്ജമാക്കിയിരുന്നു. കരിഞ്ചന്തയില്‍ ആയിരങ്ങള്‍ വാരിയെറിഞ്ഞ് അവര്‍ ശിവജി കണ്ടു. ആനയും അന്പാരിയും ശിവാജിയുടെ ആദ്യവരവിന് അകന്പടി സേവിച്ചു. കൊട്ടും കുരവയും പഞ്ചാരിമേളവും മുഴങ്ങി. മൃഗബലി വരെ നടത്തി തമിഴ് മക്കള്‍ തലൈവരെ വരവേറ്റു.

    പടം കണ്ടിറങ്ങിയ പലരുടെയും മുഖത്ത് കയറിപ്പോകുന്പോഴുളള ആവേശമില്ല. എങ്കിലും രജനിയോടുളള സ്നേഹം അവരെക്കൊണ്ട് പടം കൊളളാമെന്നു പറയിപ്പിച്ചു. എങ്കിലും പതിയെ കാര്യങ്ങള്‍ പുറത്തുവന്നു. പടം ആവറേജ്. രണ്ടാം പകുതിയിലെ മൊട്ട കൂടിയില്ലായിരുന്നെങ്കില്‍ ബാബയുടെ വിധി ശിവാജിക്കും ഉണ്ടാകുമായിരുന്നെന്ന് ആദ്യം അടക്കം പറഞ്ഞവര്‍ പിന്നീട് ഉറക്കെ പറഞ്ഞു.

    കോടികള്‍ മുടക്കിയ തീയേറ്റര്‍ ഉടമകളും മറ്റും പരക്കം പായുകയാണ്. മുടക്കിയ പണം തിരിച്ചു കിട്ടാന്‍. ഇതുവരെ തിരശീല അടക്കി ഭരിച്ചിരുന്ന രജനിയുടെ നന്പരുകള്‍ ശിവാജിയില്‍ വെറും കോപ്രായമായി മാറിയ കാഴ്ച കണ്ട് പ്രേക്ഷകരാകെ അന്തിക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ച സംവിധായകന്‍ എന്ന് നടിക്കുന്ന ഷങ്കറിന് നൂറു കോടിയുടെ പിന്‍ബലത്തില്‍ രജനിയെ കിട്ടിയപ്പോള്‍ ബോയ്സിന്റെ നിലവാരത്തിലുളളള ഒരു പടം പോലുമെടുക്കാനായില്ല.

    അഹങ്കാരത്തിന് ആണ്ടവന്‍ നല്‍കിയ തിരിച്ചടിയെന്നാണ് ഇതിനെ വിശേഷിപ്പിക്കേണ്ടത്. കൃത്രിമമായ സൃഷ്ടിച്ചെടുത്ത ആവേശത്തിന്റെ മറയില്‍ കോടികള്‍ കൊയ്യാമെന്ന വ്യാമോഹത്തിന് കിട്ടിയ ഏറ്റവും നല്ല പ്രഹരമാണ് ശിവാജിക്കു കിട്ടിയത്. രജനിയെക്കൊണ്ട് ഷങ്കര്‍ ചെയ്യിച്ച മൂന്നര മണിക്കൂര്‍ കോപ്രായമെന്ന സ്ഥാനമാണ് ശിവജിക്ക് സിനിമാ ചരിത്രത്തില്‍. അതിനപ്പുറം ഒരു സ്ഥാനവും ഈ ചിത്രം അര്‍ഹിക്കുന്നതുമില്ല.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X