അജിത്തിന് ചെങ്കോല്‍ കിട്ടില്ല
കിരീടത്തിന്റെ ക്ലൈമാക്സ് രംഗത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന സേതുമാധവന്‍ ഗുണ്ടയായ കീരിക്കാടന്‍ ജോസിനെ കൊല്ലുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് അയാള്‍ കൊലക്കേസില്‍ ജയിലിലാവുന്നതോടെ ഒരു പൊലീസ് ഇന്‍സ്പെക്ടറാവണമെന്ന സേതുവിന്റെയും അയാളുടെയും അച്ഛന്റെയും മോഹം പൊലിയുന്നു.
തമിഴ് കിരീടത്തിലും ആദ്യം ക്ലൈമാക്സ് മലയാളത്തിലേതു പോലെയാണ് ചിത്രീകരിച്ചിരുന്നത്. എന്നാല്‍ അജിത്തിന്റെ ആരാധകര്‍ക്ക് ചിത്രത്തിന്റെ ഈ ക്ലൈമാക്സ് രസിച്ചില്ല. ക്ലൈമാക്സില്‍ നായകന്‍ പരാജിതനാവുന്നത് തമിഴ് പ്രേക്ഷകര്‍ക്ക് രുചിക്കുന്നതല്ല. ക്ലൈമാക്സിന്റെ ഈ സ്വഭാവം തിയേറ്ററുകളിലെ കളക്ഷനെയും ബാധിക്കുന്നുവെന്ന് തോന്നിയതോടെ ക്സൈമാക്സില്‍ മാറ്റം വരുത്തി.
ഗുണ്ടയെ അജിത്ത് കൊന്നതിനു ശേഷം വോയിസ് ഓവറായി അയാള്‍ക്ക് കോടതി മാപ്പു കൊടുത്തുവെന്ന് അറിയിക്കുകയാണ് പുതിയ ക്ലൈമാക്സില്‍. പൊലീസ് യൂണിഫോമില്‍ അജിത്ത് അച്ഛന് സല്യൂട്ട് നല്‍കുന്ന രംഗത്തോടെയാണ് ചിത്രം സമാപിക്കുന്നത്.
കിരീടത്തിന്റെ രണ്ടാം ഭാഗമായ ചെങ്കോലില്‍ ജീവപര്യന്തം ശിക്ഷ കഴിഞ്ഞിറങ്ങുന്ന നായകനെയാണ് കാണിക്കുന്നത്. തമിഴ് കിരീടത്തില്‍ കോടതി മാപ്പ് നല്‍കിയ നായകന്‍ പൊലീസ് ഓഫീസറായതോടെ തമിഴില്‍ അത്തരമൊരു രണ്ടാം ഭാഗത്തിന് പ്രസക്തിയില്ലാതായി.


Click it and Unblock the Notifications