സന്ധ്യ മുറിയില്‍ ഒറ്റപ്പെട്ടപ്പോള്‍.....
ഷൂട്ടിങ്ങിനിടെ പുതുമയാര്‍ന്ന അനുഭവങ്ങളുണ്ടാവുകയെന്നത് സ്വാഭാവികമാണ്. മിക്കവയും രസകരവുമാണ്. എന്നാല്‍ ഈയിടെ ഉണ്ടായ പോലൊരു അനുഭവം ഇനിയുമുണ്ടാവരുതേയെന്ന് പ്രാര്‍ത്ഥനയിലാണ് സന്ധ്യ.
വലിയൊരു ബംഗ്ലാവിലെ ഒരു മുറിയില്‍ തനിച്ച് മൂന്ന് മണിക്കൂറോളം അകപ്പെട്ടു പോവുകയെന്നത് അത്ര സുഖകരമായ കാര്യമല്ലല്ലോ. മഞ്ഞള്‍ വെയില്‍ എന്ന് ചിത്രത്തിന്റെ ചിത്രീകരണവേളയ്ക്കിടെയാണ് സംഭവം. സന്ധ്യയും പ്രസന്നയും പ്രധാനകഥാപാത്രങ്ങളില്‍ അഭിനയിക്കുന്നു.
സന്ധ്യ ഉള്‍പ്പെട്ട ഒരു സീന്‍ ഷൂട്ട് ചെയ്‌ത് കഴിഞ്ഞു. ഇനി അടുത്ത രംഗത്തിന് വസ്‌ത്രം മാറണം. അതിനായി ഷൂട്ടിംഗ് നടക്കുന്ന ബംഗ്ലാവിലെ ഒരു മുറിയിലേയ്‌ക്ക് സന്ധ്യ കയറി. കയറിയതും കാറ്റടിച്ചതും വാതില്‍ ശക്തമായി അടഞ്ഞതും ഒപ്പം കഴിഞ്ഞു.
ഞെട്ടിത്തരിച്ച സന്ധ്യ ഉറക്കെ കരഞ്ഞ്, സഹായത്തിനായി ആളെ വിളിച്ചു. സെറ്റിലുളളവര്‍ ഓടിയെത്തി വാതില്‍ തുറക്കാന്‍ കിണഞ്ഞു ശ്രമിച്ചുവെങ്കിലും ഒരു രക്ഷയുമില്ല. വാതില്‍ തല്ലിപൊളിക്കാമെന്ന് വെച്ചാല്‍ അതിന് വീടുടമ സമ്മതിച്ചതുമില്ല.
തുടര്‍ന്ന് അങ്ങ് ദൂരെ വീട്ടുടമയുടെ താമസസ്ഥലത്ത് നിന്ന് താക്കോല്‍ വാങ്ങികൊണ്ട് വന്നാണ് വാതില്‍ തുറന്നത്. അങ്ങനെ മൂന്ന് മണിക്കൂറിന് ശേഷമാണ് വാതില്‍ തുറന്നത്. അത് വരെ സന്ധ്യ മുറിയില്‍ കഴിച്ചുകൂട്ടി.
എന്തായാലും കാര്യമന്വേഷിക്കുന്നവരോട് പുതിയൊരു അനുഭവമായിരുന്നു അതെന്ന് പറഞ്ഞ് ജാള്യത മറച്ചുവയ്ക്കാനുളള പെടാപ്പാടിലാണ് സന്ധ്യയിപ്പോള്‍.


Click it and Unblock the Notifications