രജനിയുടെ തരികിടകള്‍ വീണ്ടും
പല തവണ കണ്ടു മടുത്ത വിപണന തന്ത്രങ്ങള് വീണ്ടും പയറ്റുകയാണ് ഷങ്കര് രജനി ടീം. ബ്രഹ്മാണ്ഡ ചിത്രമായ എന്തിരന് എന്ന ചിത്രത്തിന്റെയും ചിത്രീകരണം കൊടും രഹസ്യമാണ്. പത്രക്കാര്ക്ക് സെറ്റില് പ്രവേശനമില്ല. ചിത്രീകരണ സ്ഥലത്ത് മൊബൈല് ഫോണ് ഉപയോഗിക്കാന് ആര്ക്കും അനുവാദമില്ല. എന്നിട്ടും സിനിമയുടെ സ്റ്റില്ലുകള് ചോര്ന്നു.
എന്തിരന് എന്ന ചിത്രത്തിന്റെ രണ്ടു ഗാനങ്ങളുടെ ചിത്രീകരണം മാച്ചു പിച്ചുവിലാണ് നടക്കുന്നത്. ഷൂട്ടിംഗ് റിപ്പോര്ട്ടും ആറു ചിത്രങ്ങളും പെറുവിലെ ദിനപത്രത്തിലാണ് പ്രസിദ്ധീകരിച്ചത്. ഐശ്വര്യയും രജനിയും പങ്കെടുക്കുന്ന ഗാന ചിത്രീകരണ രംഗത്തിന്റെ സ്റ്റില്ലാണ് പുറത്തായത്.
പെറുവിലെ പത്രത്തിന് ചിത്രങ്ങള് നല്കിയതും അവിടെ പടം ചോര്ന്ന വിവരം തമിഴ് നാട്ടില് അറിയിച്ച് മാധ്യമ കോളിളക്കം ഉണ്ടാക്കുന്നതും ചിത്രത്തിന്റെ അണിയറക്കാരാണെന്നത് പരസ്യമായ രഹസ്യമാണ്. ഷങ്കറിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലേയ്ക്ക് ജീവന് പണയം വെച്ച് കടന്നു ചെന്ന് പടമെടുക്കാന് പെറുവിലെ പത്രക്കാര്ക്ക് ഭ്രാന്തുണ്ടോ എന്ന ചോദ്യത്തിന് ഉത്തരമില്ല. പെറുവില് എന്ത് രജനീകാന്ത്, എന്ത് ശങ്കര്.
ഐശ്വര്യയെക്കാള് ഒന്നാന്തരം സുന്ദരികള് ഉടുതുണിയുടുക്കാതെ ബീച്ചില് ജ്ഞാനസ്നാനത്തിനെത്തുമ്പോഴാണ് ഒന്നരമുഴം ചേലയുമുടുത്ത് പടുകിളവനൊപ്പം ആടിപ്പാടുന്ന സുന്ദരിയെ തേടി പെറുക്കാര് കാമറയുമായി എത്തുന്നത്. ചിരിപ്പിക്കാതെ പോ, രജനിയാശാനേ..
ശിവാജിയുടെ ചിത്രീകരണ സമയത്തുമുണ്ടായിരുന്നു ഇത്തരം വേലത്തരങ്ങള്. അന്നും വിദേശത്ത് ചിത്രീകരണം നടക്കവെയാണ് ചിത്രങ്ങള് പുറത്തായത്. വിദേശ പത്രലേഖകരെ സ്വാധീനിച്ച് അവിടെ വാര്ത്തയും ചിത്രയും വരുത്തുകയും ആ വാര്ത്ത പിന്നീട് തമിഴില് പതിയെ വിവാദമാക്കി വളര്ത്തുകയുമാണ് ഇവരുടെ തന്ത്രം.
സ്വന്തം നാട്ടിലെ പത്രക്കാരെ തീണ്ടാപ്പാടകലെ നിര്ത്തി വിദേശ പത്രലേഖകര് വഴി നടത്തുന്ന രജനി ഷങ്കര് ടീമിന്റെ മാര്ക്കറ്റിംഗ് ഇന്ത്യയിലെ പത്രങ്ങള്ക്കും വിഴുങ്ങേണ്ട ഗതികേടാണ്. ആവേശത്തോടെ ചെറുകിട പത്രങ്ങളും സൈറ്റുകളും ഈ വാര്ത്തയും പടങ്ങളും കൊണ്ട് ആഘോഷിക്കുമ്പോള് മുഖ്യധാരാ മാധ്യമങ്ങള്ക്കും ചിത്രം കൊടുക്കാതിരിക്കാന് കഴിയാത്ത അവസ്ഥ വരുന്നു.
എല്ലാം രജനി സാറിന്റെ തരികിടകള്. ഷങ്കറിന്റേയും..


Click it and Unblock the Notifications