ജയറാം കാക്കിയണിയുന്നു
പൊലീസ് വേഷങ്ങള്‍ ചെയ്യാനുള്ള ആകാരമുണ്ടായിട്ടും ജയറാം സിനിമയില്‍ അധികമൊന്നും കാക്കിയണിഞ്ഞിട്ടില്ല. മമ്മൂട്ടിയും സുരേഷ് ഗോപിയും പൊലീസ് വേഷത്തില്‍ ഒട്ടേറെ തവണ തിളങ്ങിയപ്പോള്‍ അതുപോലുളള തകര്‍പ്പന്‍ പൊലീസ് വേഷങ്ങളൊന്നും ജയറാമിനെ തേടിയെത്തിയിട്ടില്ല.
ഫിംഗര്‍പ്രിന്റിലാണ് ഏറ്റവുമൊടുവിലായി ജയറാമിനെ കാക്കി വേഷത്തില്‍ കണ്ടത്. മമ്മൂട്ടിയോ സുരേഷ് ഗോപിയോ പൊലീസ് കാക്കിയണിഞ്ഞാലുണ്ടാവുന്ന ബഹളങ്ങളോ ഇടിവെട്ട് ഡയലോഗുകളോ തകര്‍പ്പന്‍ സംഘട്ടനങ്ങളോ ഫിംഗര്‍പ്രിന്റിലുണ്ടായിരുന്നില്ല. ആ ചിത്രം വിജയിച്ചതുമില്ല.
ആക്ഷനും ഡയലോഗുകളുമായി നിറഞ്ഞുനില്‍ക്കുന്ന പൊലീസ് വേഷങ്ങള്‍ ജയറാമിന് മലയാളത്തില്‍ ലഭിച്ചിട്ടില്ല. മലയാളത്തില്‍ വട്ടപ്പൂജ്യം വിപണിയുള്ള താരമെന്ന് ജയറാമിനെ നായകനാക്കി സിനിമ നിര്‍മിച്ച ചിത്രത്തിന്റെ സംവിധായക-നിര്‍മാതാവ് തന്നെ പറയുമ്പോള്‍ അത്തരം വേഷങ്ങള്‍ ജയറാമിനെ തേടിവരാനുമിടയില്ല. എന്നാല്‍ തമിഴില്‍ അത്തരമൊരു വേഷം ജയറാമിന് ലഭിച്ചിരിക്കുന്നു.
വെങ്കിട് പ്രഭു സംവിധാനം ചെയ്യുന്ന സരോജ എന്ന ചിത്രത്തിലാണ് ജയറാം പൊലീസ് ഓഫീസര്‍ വേഷമണിയുന്നത്. അന്തര്‍ദേശീയ കുറ്റവാളികളെ പിടികൂടുന്നതിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ ഒരു പൊലീസ് ഓഫീസറായാണ് ജയറാം സരോജയില്‍ അഭിനയിക്കുന്നത്.
ചിത്രത്തില്‍ ജയറാമിന്റെ നായിക ആസ്ത്രേല്യക്കാരിയാണ്. പ്രകാശ് രാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.


Click it and Unblock the Notifications