»   » തമിഴരെ കുറ്റം പറഞ്ഞ ആര്യ കുരുക്കില്‍

തമിഴരെ കുറ്റം പറഞ്ഞ ആര്യ കുരുക്കില്‍

Posted By:
Subscribe to Filmibeat Malayalam
Arya
കേരളത്തില്‍ നടന്ന ഒരു ചടങ്ങില്‍ തമിഴര്‍ക്ക് ആസ്വാദനം നിലാവാരം കുറവാണെന്ന് പറഞ്ഞ നടന്‍ ആര്യ കുരുക്കില്‍. ആര്യ കേരളത്തില്‍ച്ചെന്ന് തമിഴരെ അപമാനിച്ചിരിക്കുകയാണെന്ന് കാണിച്ച് തമിഴ്‌നാട് ഹൈക്കോടതിയിലെ അഭിഭാഷക സംഘടന നിയമനടപടിയ്‌ക്കൊരുങ്ങുകയാണ്.

ആര്യയ്‌ക്കെതിരെ പ്ലക്കാര്‍ഡുകളേന്തി അവര്‍ ചെന്നൈ ഹൈക്കോടതിക്ക് മുമ്പില്‍ പ്രതിഷേധറാലിയും നടത്തി. കേരളത്തില്‍ നടന്ന ഒരു അവാര്‍ഡ് ദാനച്ചടങ്ങിനിടെ, തമിഴര്‍ക്ക് വലിയ ആസ്വാദനനിലവാരമൊന്നും ഇല്ലെന്നും എന്നാല്‍ മലയാളികളാവട്ടെ ആസ്വാദനനിലവാരത്തില്‍ ഏറെ മുന്നിലാണെന്നും ആര്യ ആര്യ പറഞ്ഞതാണ് വിവാദമായിരിക്കുന്നത്.

വലിയ മലയാളി സദസിനെ കണ്ടതോടെ, തന്നെ വളര്‍ത്തി വലുതാക്കിയ തമിഴിനെ ആര്യ അപമാനിച്ചുവെന്നാണ് അഭിഭാഷകരുടെ ആരോപണം.

ഒരു മലയാളി എന്നതില്‍ എനിക്ക് എറെ അഭിമാനം ഉണ്ട്. പൊതുവെ, ആസ്വാദനനിലവാരത്തില്‍ ഏറെ മുന്നിലാണ് മലയാളികള്‍. മലയാളികള്‍ക്ക് വേണ്ടത് ക്ലാസിക് സിനിമകളും മികച്ച അഭിനയവുമാണ്. എന്നാല്‍ തമിഴരുടെ ആസ്വാദനനിലവാരം അങ്ങിനെയല്ല.

ശരാശരി അഭിനയത്തിനും ലക്ഷങ്ങളും കോടികളുമാണ് തമിഴില്‍ ലഭിക്കുക. മലയാളത്തില്‍ തിളങ്ങണമെങ്കില്‍ പ്രതിഭ വേണം-എന്നിങ്ങനെയായിരുന്നു ആര്യയുടെ പ്രസംഗം.

തമിഴ് സിനിമയെയും തമിഴരെയും ആര്യ അപമാനിച്ചിരിക്കുകയാണെന്ന് ഫെഫ്‌സി പ്രസിഡന്റ് വിസി ഗുഹാനാഥന്‍ ഈയടുത്ത ദിവസം പറഞ്ഞിരുന്നു. എന്നാല്‍, തമിഴ് താരസംഘടനയായ നടികര്‍ സംഘം ആര്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

തമിഴര്‍ക്ക് എതിരാണ് ആര്യയെന്ന് വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും സത്യത്തില്‍ തമിഴ് നിര്‍മാതാക്കളോടും സംവിധായകരോടും സാങ്കേതിക വിദഗ്ദരോടും ഏറെ സൌഹൃദപരമായി പെരുമാറുന്ന വ്യക്തിയാണ് ആര്യയെന്നും നടികര്‍ സംഘം ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂരാണ് ജംഷദ് എന്ന് യഥാര്‍ത്ഥ പേരുള്ള ആര്യയുടെ നാട്. അറിന്തും അറിയാമലും) എന്ന സിനിമയിലൂടെ തുടക്കം കുറിച്ച ആര്യ തമിഴില്‍ മുന്‍നിര താരമാണ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam