സൈക്യാട്രിസ്റ്റായി നദിയ
മുന്‍കാലത്ത് നായികാ പദവിയില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ വിവാഹമൊക്കെ കഴിച്ച് കുട്ടികളുമായി വീണ്ടും തിരിച്ചെത്തിയ നടിമാര്‍ക്കൊക്കെ ചലച്ചിത്രരംഗത്ത് പഴയതുപോലെ പിടിച്ചുനില്‍ക്കാന്‍ വിഷമിക്കേണ്ടിവരാറുണ്ട്.
പലരും നായികയായി വിലസിയകാലത്തെപ്പോലുള്ള റോളുകള്‍തന്നെ ഇപ്പോഴും വേണമെന്ന് വാശിപിടിക്കാറുമുണ്ട്. ഇതിന് ഏറ്റവും സമീപകാലത്തുണ്ടായ ഉദാഹരണമാണ് നടി സിമ്രാന്റെ കഥ. രണ്ടാംവരവില്‍ അവര്‍ മലയാളത്തിലും, തമിഴിലുമെല്ലാം അഭിനയിച്ചെങ്കിലും ആ ചിത്രങ്ങളൊന്നും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.
സിമ്രാനാണെങ്കില്‍ പ്രതിഫലത്തിന്റെയും റോളുകളുടെയും കാര്യത്തില്‍ വിട്ടുവീഴ്‌ച ചെയ്യില്ലതാനും. ഇവിടെയാണ് നമ്മുടെ നദിയ മൊയ്‌തുവിന്റെ പ്രസക്തി. വിവാഹമൊക്കെക്കഴിച്ച് കുട്ടികളും കുടുംബവുമായി കഴിയുമ്പോഴാണ് നദിയ വീണ്ടും ചലച്ചിത്രലോകത്തെത്തിയത്.
എന്നാല്‍ രണ്ടാം വരവിലും ലാത്തിരി പൂത്തിരി പാടി നടന്ന യുവനായികയായിതന്നെ അഭിനയിക്കണമെന്ന് നാദിയ വാശിപിടിച്ചില്ല. തന്റെ പ്രായത്തിനും പക്വതയ്‌ക്കും അനുസരിച്ച വേഷം തിരിച്ചറിഞ്ഞ് അഭിനയിക്കുന്നതില്‍ അവര്‍ പൂര്‍ണ്ണവിജയം നേടി. തിരിച്ചുവരവില്‍ എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്‌മി, താമരഭരണി, തുടങ്ങിയ നല്ല ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള അവസരവമാണ് നദിയയ്‌ക്ക് ലഭിച്ചത്.
ഇവ രണ്ടും പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രങ്ങളാണ്. എം കുമരനിലെ അമ്മവേഷത്തിലൂടെയാണ് തമിഴില്‍ നാദിയ വീണ്ടും സ്ഥാനമുറപ്പിച്ചത്. രണ്ടാംവരവില്‍ കിട്ടിയത് ഒരു അമ്മവേഷമായിരുന്നിട്ടുകൂടി അവര്‍ അതിനോട് നീതി പുലര്‍ത്തി. ഇപ്പോഴും കൈനിറയെ അവസരങ്ങള്‍ വരുന്നുണ്ടെങ്കിലും വളരെ ബുദ്ധിപൂര്‍വ്വമാണ് നദിയ ഓരോ വേഷങ്ങളും തിരഞ്ഞെടുക്കുന്നത്.
സംവിധായകന്‍ ലിങ്കു സ്വാമിയുടെ നിര്‍മ്മാണ കമ്പനിയായ തിരുപ്പതി ബ്രദേഴ്‌സ് നിര്‍മ്മിക്കുന്ന പട്ടാളമാണ് നാദിയയുടെ പുതിയ ചിത്രം. ഇതില്‍ ഒരു സൈക്യാട്രിസ്റ്റിന്റെ വേഷത്തിലാണ് നാദിയ എത്തുന്നത്. നവാഗത സംവിധായകനായ റോഷന്‍ കുമാറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. എം കുമരനിലേതുപോലെ നദിയയുടെ ശക്തമായ ഒരു കഥാപാത്രത്തെ ഈ ചിത്രത്തിലും കാണാമെന്ന പ്രതീക്ഷയിലാണ് നദിയയുടെ ആരാധകര്‍


Click it and Unblock the Notifications