മര്‍മ്മയോഗിയില്‍ നായിക പത്മപ്രിയ!!
ദശാവതാരത്തിന് ശേഷം കമലഹാസന്റെ പുതിയ ചിത്രമായ മര്‍മ്മയോഗിയുടെ വിശേഷങ്ങളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. മര്‍മ്മയോഗിയെന്നൊരു ചിത്രം പുറത്തുവരുന്നുവെന്ന വാര്‍ത്തയ്‌ക്കുപിന്നാലെ ഇതില്‍ കമലിന്റെ നായികയാവാന്‍ ഭാഗ്യം ലഭിച്ചേയ്‌ക്കാവുന്ന നടിമാരെക്കുറിച്ചും ഒട്ടേറെ ഊഹാപോഹങ്ങല്‍ പരന്നിരുന്നു.
ദശാവതാരം വിജയചിത്രമായതിനാല്‍ അതിലെ നായികയായ അസിന്‍ തന്നെയായിരിക്കും മര്‍മ്മയോഗിയിലും കമലിന്റെ നായികയാവുകയെന്നാണ് ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. പിന്നാലെ മര്‍മ്മയോഗിക്കായി ബോളിവുഡ് താരം കാജോളിനെയും ശിവാജിയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്‌ചവച്ച ശ്രിയയെയും പരിഗണിക്കുന്നുവെന്നും കേട്ടു.
എന്നാല്‍ ഇപ്പോഴിതാ വീണ്ടും മര്‍മ്മയോഗിയിലെ നായികയെക്കുറിച്ച് പുതിയ വാര്‍ത്ത. ഇത്തവണ പത്മപ്രിയയ്‌ക്കാണ് നറുക്കുവീണിരിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് പത്മപ്രിയയോ കമലഹാസനോ ഇതേവരെ പ്രതികരിച്ചിട്ടില്ല.
നയന്‍താരയെ വരെ നായികാ സ്ഥാനത്തേയ്‌ക്ക് പരിഗണിച്ചിരുന്നുവെങ്കിലും പത്തുമാസത്തെ തുടര്‍ച്ചയായ സമയം ചിത്രത്തിന്‌വേണ്ടി മാറ്റിവയ്‌ക്കുമെന്നതിനാല്‍ താരങ്ങളെല്ലാം പിന്‍മാറുകയായിരുന്നുവെന്നാണ് കേള്‍ക്കുന്നത്.
ഒടുവില്‍ ഇതിന് സമ്മതിക്കാന്‍ പത്മപ്രിയ തയ്യാറായതോടെയാണ് നായികയാവാനുള്ള അവസരം പത്മപ്രിയയുടെ കയ്യില്‍ വന്നുചേര്‍ന്നതത്രേ. ദശാവതാരത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ നടന്നകാലത്തേതുപോലെ മര്‍മ്മയോഗിയെക്കുറിച്ചും ഒട്ടേറെ കഥകള്‍ തമിഴ് ചലച്ചിത്രലോകത്ത് പരക്കുന്നുണ്ട്.
ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനെയും ഹേമമാലിനിയെയും മര്‍മ്മയോഗിയില്‍ അഭിനയിപ്പിക്കാന്‍ കമല്‍ ശ്രമിക്കുന്നുണ്ടെന്നും ഈയിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ആറാം നൂറ്റാണ്ടില്‍ നടന്ന ഒരു കഥയാണ് മര്‍മ്മയോഗിയിലൂടെ കമല്‍ പറയുന്നത്. തമിഴ്‌ചലച്ചിത്രലോകത്ത് ആദ്യമായി റെഡ് വണ്‍ ക്യാമറയില്‍ ചിത്രീകരിക്കുന്ന സിനിമയെന്ന പ്രത്യേകതയും മര്‍മ്മയോഗിയ്‌ക്കുണ്ട്. ഇതിലെ യുദ്ധ രംഗങ്ങള്‍ സ്വിറ്റ്‌സര്‍ലാന്റിലാണത്രേ ചിത്രീകരിക്കുന്നത്. എ.ആര്‍ റഹ്മാനാണ് മര്‍മ്മയോഗിയുടെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications