മണിരത്നം ചിത്രത്തില്‍ പ്രിഥ്വിരാജ്?
ഇന്ത്യയിലെ മികച്ച സിനിമാ ഷോമാന്മാരില്‍ പ്രമുഖനായ മണിരത്നത്തിന്റെ അടുത്ത ചിത്രത്തില്‍ നായകന്‍ പ്രിഥ്വിരാജ്? അണിയറയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വിശ്വസിക്കാമെങ്കില്‍, തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ ഒരു റോളാണ് പ്രിഥ്വിക്കു വേണ്ടി ഒരുങ്ങുന്നത്.
ഏറെ ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ഒരു സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയിട്ടും പ്രിഥ്വിരാജിനെ സ്വന്തം നിലയില്‍ ചിത്രം വിജയിപ്പിക്കാന്‍ കഴിയുന്ന നടന്മാരുടെ ഗണത്തില്‍ സിനിമാലോകം പെടുത്തിയിട്ടില്ല. എന്നാല്‍ ചോക്കലേറ്റിന്റെ വിജയത്തോടെ കഥ മാറുകയാണ്. ആക്ഷനും കോമഡിയും ചെയ്യാന്‍ കഴിയുന്ന റൊമാന്റിക് ഹീറോയുടെ വേഷം മറ്റാരെക്കാളും ഇന്ന് ഇണങ്ങുന്നത് പ്രിഥ്വിക്കാണെന്ന് മലയാള സിനിമാലോകം തിരിച്ചറിയുകയാണ്.
തമിഴിലും പ്രിഥ്വിക്ക് മികച്ച ചിത്രങ്ങളുണ്ട്. മൊഴി, ശത്തം പോടാതെ, കണ്ണാംമൂച്ചി ഏനെടാ എന്നീ ചിത്രങ്ങള്‍ പ്രിഥ്വിരാജിനെ തമിഴിന്റെയും പ്രിയപ്പെട്ട നടനാക്കിയിരിക്കുകയാണ്.
മണിരത്നത്തിന്റെ അടുത്ത പ്രോജക്ട് ഉടന്‍ തുടങ്ങുമെന്നറിയുന്നു. അഭിനയ ജീവിതത്തിന്റെ ആദ്യഘട്ടങ്ങളില്‍ തന്നെ മണിരത്നത്തെപ്പോലൊരു മികച്ച സംവിധായകന്റെ ചിത്രം പ്രിഥ്വിയെ തേടിയെത്തുന്നുവെങ്കില്‍, നാളത്തെ സിനിമാലോകം കറങ്ങുന്നത് ഈ ചെറുപ്പക്കാരന് ചുറ്റുമായിരിക്കും എന്ന് നിസംശയം പറയാം.


Click it and Unblock the Notifications