ചിത്രം ചോര്ന്നു, ഷങ്കര് ഉഗ്രരൂപിയായി
രജനിയുടെ പുതിയ ചിത്രം എതിരനിലെ സ്റ്റില്ലുകള്‍ ചോര്‍ത്തിയെന്ന് ആരോപിച്ച് മൂന്ന് സഹപ്രവര്‍ത്തകരെ സംവിധായകന്‍ ഷങ്കര്‍ പുറത്താക്കി. മാച്ചു പിച്ചുവില്‍ ചിത്രീകരിച്ച ഗാനരംഗങ്ങളുടെ ആറു സ്റ്റില്ലുകളാണ് പെറു ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചത്.
പുറത്താക്കപ്പെട്ടവരാണ് ഈ ചിത്രങ്ങള്‍ ചോര്‍ത്തിയതെന്ന് ഷങ്കര്‍ പറയുന്നു. പാവപ്പെട്ട തമിഴന്മാര്‍ക്ക് പെറു പത്രവുമായി എന്തു ബന്ധമെന്നൊന്നും ബ്രഹ്മാണ്ഡ സംവിധായകനോട് ചോദിക്കാതിരിക്കുക. അദ്ദേഹം പറയുന്നതാണ് സത്യം. ചോദ്യങ്ങള്‍ അങ്ങോട്ടു വേണ്ട.
ഏതായാലും മാച്ചു പിച്ചുവിലെ ഗാനചിത്രീകരണം കഴിഞ്ഞ് താരവും പരിവാരങ്ങളും തിരിച്ചെത്തിയിട്ടുണ്ട്. ചിത്രത്തിന്റെ ഒന്നാം ഘട്ട ചിത്രീകരണം സമാപിച്ചുവെന്നാണ് ഉപശാലാ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ദ്രോണ എന്ന ചിത്രത്തിന്റെ പ്രിമിയര്‍ ഷോയില്‍ ഭര്‍ത്താവ് അഭിഷേകിനോടൊപ്പം പങ്കെടുക്കാനുളള ഐശ്വര്യാ റായിയുടെ അഭ്യര്‍ത്ഥന മാനിച്ചാണത്രേ ചിത്രീകരണം വേഗം പൂര്‍ത്തിയായത്.
അടുത്ത ചിത്രീകരണം എന്ന് ആരംഭിക്കുമെന്ന് വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും സെറ്റില്‍ നിന്ന് ഒരു ഈച്ചപോലും പുറത്തു പോകാതിരിക്കാന്‍ ഒമ്പതംഗ സുരക്ഷാ സംഘത്തെ ഷങ്കര്‍ നിയമിച്ചിട്ടുണ്ട്. ചിത്രത്തെ സംബന്ധിക്കുന്ന സര്‍വ രഹസ്യങ്ങളും സൂക്ഷിക്കുക എന്നതാണ് ഇവരുടെ കര്‍ത്തവ്യം. ദിവസക്കൂലിക്ക് പണിയെടുക്കുന്നവര്‍ മുതല്‍ രണ്ടാം നിര താരങ്ങള്‍ വരെ കര്‍ക്കശമായ സുരക്ഷാ മേല്‍നോട്ടത്തിലാവും ഇനി മുതല്‍ ഷങ്കറിന്റെ സെറ്റുകളില്‍ അഭിനയിക്കുക.


Click it and Unblock the Notifications