'പണത്തിന് വേണ്ടി ഇങ്ങനെ ചെയ്യണോ?'; കേരള സ്റ്റോറിയുടെ സംവിധായകനൊപ്പം പ്രവർത്തിക്കാൻ ഒരുങ്ങുന്ന റഹ്മാന് വിമർശനം
അടുത്തിടെ തിയേറ്ററുകളിലെത്തിയ സിനിമകളിൽ ഏറ്റവും കൂടുതൽ വിവാദം സൃഷ്ടിച്ച ചിത്രമായിരുന്നു ദി കേരള സ്റ്റോറി. കേരളത്തില്‍നിന്ന് കാണാതായ സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആദാ ശർമയായിരുന്നു ചിത്രത്തിലെ നായിക. സുദീപ്തോ സെന്നിന്റെ സംവിധാനത്തിലാണ് സിനിമ തിയേറ്ററുകളിൽ എത്തിയത്.
ഒരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങൾ ഉൾപ്പെടുത്തി സിനിമ ഇറക്കി കേരളത്തിലെ ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമമാണെന്ന് കാണിച്ച് കേരളത്തിൽ സിനിമയുടെ പ്രദർശനത്തിന് എതിർപ്പ് വന്നിരുന്നു.
റിലീസായപ്പോൾ മുതൽ ഒരു വിഭാഗം പ്രേക്ഷകർ ചിത്രത്തെ പ്രൊപ്പഗാണ്ട എന്നാണ് വിളിക്കുന്നത്. കമൽഹാസൻ അടക്കമുള്ള താരങ്ങൾ ദി കേരള സ്റ്റോറിക്ക് എതിരെ സോഷ്യൽമീഡിയ വഴി കുറിപ്പും പങ്കുവെച്ചിരുന്നു.
'ഞാന്‍ നിങ്ങളോട് പറഞ്ഞു... ഇത് പ്രൊപ്പഗാന്‍ഡിസ്റ്റ് സിനിമകളാണ്. ഞാന്‍ എതിര്‍ക്കുന്നു. ലോഗോയായി താഴെ യഥാര്‍ത്ഥ കഥ എന്നെഴുതിയാല്‍ പോരാ. ഇത് ശരിക്കും സത്യമായിരിക്കണം.... ഇത് ശരിയല്ല', എന്നാണ് ദി കേരള സ്റ്റോറിക്ക് എതിരെ പ്രതികരിച്ച് കമൽഹാസൻ പറഞ്ഞത്.

ഇന്ത്യൻ സിനിമയുടെ അഭിമാനമായ സംഗീത സംവിധായകൻ എ.ആർ റഹ്മാനും ദി കേരള സ്റ്റോറിയോട് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. കേരളത്തിലെ മുസ്ലിം പള്ളിയിൽ ഹിന്ദു വിവാഹം ഹൈന്ദവാചാരപ്രകാരം നടത്തിയതിന്റെ വീഡിയോ പങ്കുവെച്ചാണ് എ.ആർ റഹ്‌മാൻ. കേരള സ്റ്റോറിയോടുള്ള എതിർപ്പ് പ്രകടിപ്പിച്ചത്.
എന്നാൽ ഇപ്പോൾ കേരള സ്റ്റോറിയുടെ സംവിധായകൻ സുദീപ്തോ സെന്നിന്റെ പുതിയ സിനിമയ്ക്ക് സംഗീതം നൽകാൻ പോകുന്നത് എ.ആർ റഹ്മാനാണെന്നാണ് പുതിയ റിപ്പോർട്ട്. സഹാറ ഇന്ത്യ പരിവാർ സ്ഥാപകനും വ്യവസായിയുമായ സുബ്രതാ റോയിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് സുദീപ്തോ സെൻ ഇനി സംവിധാനം ചെയ്യാൻ പോകുന്നത്. സഹാറശ്രീ എന്നാണ് ചിത്രത്തിന്റെ പേര്.
സുബ്രത റോയിയുടെ 75ആം ജന്മദിനമായ ജൂൺ 10നാണ് നിർമ്മാതാക്കളായ സന്ദീപ് സിങ്, ഡോ. ജയന്തിലാൽ ഗഡ എന്നിവർ ചിത്രം പ്രഖ്യാപിച്ചത്. ചിത്രത്തിന്‍റെ ടൈറ്റില്‍ ടീസറും പുറത്തുവിട്ടിട്ടുണ്ട്. ഹിന്ദി, ബംഗാളി, കന്നഡ, തെലുങ്ക്, മലയാളം എന്നീ ഭാഷകളിൽ ചിത്രം പുറത്തിറങ്ങും. സിനിമയുടെ പോസ്റ്ററിൽ എ.ആർ റഹ്മാന്റെ പേര് കണ്ടതോടെ ആരാധകർ ആശ്ചര്യപ്പെട്ടു.
റഹ്മാൻ വിവാദ സംവിധായകനൊപ്പം സിനിമ ചെയ്യാൻ പോകുന്നുവെന്ന് അറിഞ്ഞതോടെ താരത്തിനെ വിമർശിക്കുന്നുണ്ട് ആരാധകർ. കേരള സ്റ്റോറിക്ക് എതിരെ പ്രതിഷേധം ശക്തമായിരുന്ന സമയത്ത് എ.ആർ റഹ്മാൻ പങ്കുവെച്ച കുറിപ്പ് അടക്കം വെച്ചാണ് ആരാധകർ താരത്തെ വിമർശിക്കുന്നത്.

വിവാദ സംവിധായകർക്കൊപ്പം പ്രവർത്തിക്കുന്ന സാഹചര്യം വരാതിരിക്കാൻ ശ്രദ്ധിക്കാറുള്ള എ.ആർ റഹ്മാൻ എങ്ങനെയാണ് ദി കേരള സ്റ്റോറിയുടെ സംവിധായകനുമായി കൂട്ടുകൂടിയത് എന്നാണ് ആരാധകർ ചോദിക്കുന്ന മറ്റൊരു ചോദ്യം. 'പണത്തിന് വേണ്ടി ഇങ്ങനെയൊക്കെ ചെയ്യണോ?', എന്നുള്ള ചോദ്യങ്ങളും ആരാധകരിൽ നിന്നും ഉയരുന്നുണ്ട്.
ദി കേരള സ്റ്റോറിയുടെ റിലീസിന് പിന്നാലെ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. 'കഥ കാണിച്ച് അവർ ഒരു നല്ല കാര്യവും ചെയ്തില്ല' എന്നെഴുതിയ ഭീഷണി സന്ദേശം ക്രൂ അംഗങ്ങളിൽ ഒരാൾക്ക് ലഭിച്ചതായി സംവിധായകൻ സുദീപ്തോ സെൻ പോലീസിനെ അറിയിച്ചത് വാർത്തയായിരുന്നു.
അതേസമയം സഹാറശ്രീ എന്ന ചിത്രത്തിലെ നായകനെ പ്രഖ്യാപിച്ചിട്ടില്ല. ഒരു സൂപ്പര്‍താരം തന്നെയായിരിക്കും സുബ്രത റോയിയെ അവതരിപ്പിക്കുകയെന്നാണ് വിവരങ്ങൾ. ഋഷി വിർമാണി, സുദീപ്തോ സെൻ, സന്ദീപ് സിങ് എന്നിവരുടേതാണ് തിരക്കഥ. അടുത്ത വർഷം ആദ്യം ചിത്രം തിയേറ്ററുകളിലെത്തും. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി, ബിഹാർ, കൊൽക്കത്ത, ലണ്ടൻ എന്നിവിടങ്ങളിലാകും ചിത്രീകരണം.


Click it and Unblock the Notifications