വിവാഹത്തിന് ഒരു വർഷം മുൻപേ ഒരുമിച്ചായിരുന്നോ? ശാലിനിയ്ക്കും അജിത്തിനും ആശംസകള്‍ അറിയിച്ച് അനിയത്തി ശ്യാമിലി
ഇന്ത്യയിലെ സൂപ്പര്‍സ്റ്റാറുകളില്‍ ഒരാളാണ് തല എന്ന് വിളിക്കുന്ന അജിത്ത് കുമാര്‍. തമിഴ് സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരം നല്ലൊരു കുടുംബനാഥന്‍ കൂടിയാണ്. താരജാഡകളൊന്നുമില്ലാത്ത അപൂര്‍വ്വം വ്യക്തിത്വങ്ങളില്‍ ഒരാളും അജിത്താണ്. അതേ സമയം ബേബി ശാലിനിയായി വന്ന് പിന്നീട് നായികയായി വളര്‍ന്ന മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ശാലിനി. ഇപ്പോഴും ബേബി ശാലിനി എന്ന പേരില്‍ തന്നെയാണ് നടി അറിയപ്പെടുന്നതും. പലപ്പോഴും താരങ്ങളുടെ പ്രണയവും കുടുംബവിശേഷങ്ങളുമൊക്കെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
ഇപ്പോഴിതാ പ്രിയപ്പെട്ട ചേട്ടനും ചേച്ചിയ്ക്കും ആശംസകള്‍ അറിയിച്ച് കൊണ്ട് ശാലിനിയുടെ സഹോദരിയും നടിയുമായ ശ്യാമിലിയും എത്തിയിരിക്കുകയാണ്. രണ്ടാളും ഒരുമിച്ചതിന്റെ ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ എന്ന് സൂചിപ്പിച്ച് കൊണ്ട് ഒരു റൊമാന്റിക് ചിത്രമാണ് ശ്യാമിലി പങ്കുവെച്ചത്. എന്നാല്‍ താരങ്ങളുടെ വിവാഹ വാര്‍ഷികം ഇന്നല്ല എന്നതാണ് അതിലെ ശ്രദ്ധേയമായ കാര്യം. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ചില ചര്‍ച്ചകള്‍ക്ക് വഴിയൊരുങ്ങിയിരിക്കുകയാണ്.

അജിത്തും ശാലിനിയും ഏതോ പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന ചിത്രമാണ് ശ്യാമിലി പങ്കുവെച്ചത്. ഭാര്യയെ പിന്നില്‍ നിന്നും കെട്ടിപ്പിടിച്ച് പ്രണയാതുരമായി ചുംബനം നല്‍കുന്നതാണ് ചിത്രങ്ങളിലുള്ളത്. എന്നാല്‍ ഇരുവരും ഒരുമിച്ചുള്ള ജീവിതത്തിന്റെ ഇരുപത്തിമൂന്ന് വര്‍ഷമായെന്നും ശ്യാമിലി സൂചിപ്പിച്ചു. ഈ പോസ്റ്റിന് പിന്നാലെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ താരദമ്പതിമാര്‍ക്കുള്ള ആശംസകള്‍ നിറയുകയാണ്. എന്നാല്‍ താരങ്ങള്‍ വിവാഹത്തിന് മുന്‍പേ ഒരുമിച്ച് ജീവിച്ച് തുടങ്ങിയിരുന്നോ എന്ന ചോദ്യവും ഉയര്‍ന്ന് വരികയാണ്.

2000 ഏപ്രില്‍ 24 നാണ് അജിത്തും ശാലിനിയും വിവാഹിതരാവുന്നത്. അങ്ങനെ നോക്കുമ്പോള്‍ ഈ വരുന്ന ഏപ്രിലില്‍ ഇരുപത്തിരണ്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതമാവും താരങ്ങളുടേത്. എന്നാല്‍ അതിനും ഒരു വര്‍ഷം മുന്‍പേ ഒരുമിച്ചു എന്ന താരസഹോദരിയുടെ പോസ്റ്റ് ഏറ്റുപിടിച്ചിരിക്കുകയാണ് ആരാധകര്‍. എന്തായാലും എന്നും ഇതുപോലെ മനോഹരമായ ദാമ്പത്യവുമായി ജീവിക്കാന്‍ താരങ്ങള്‍ക്ക് സാധിക്കട്ടേ എന്നുള്ള ആശംസകളാണ് ലഭിക്കുന്നത്. ഇതിനിടയില്‍ അജിത്ത്-ശാലിനി പ്രണയകഥ വീണ്ടും സോഷ്യല്‍ മീഡിയയില്‍ തരംഗമായി.

ഇരുവരും ഇഷ്ടത്തിലാവുന്നത് വളരെ നാടീകയമായ രീതിയിലാണെന്ന് മുന്‍പ് പല അഭിമുഖങ്ങളിലൂടെയും പറഞ്ഞിട്ടുണ്ട്. 1999 ല്‍ പുറത്തിറങ്ങിയ അമര്‍ക്കലം എന്ന സിനിമയിലാണ് താരങ്ങള്‍ ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്. അന്ന് ശാലിനി പ്ലസ് ടു വില്‍ പഠിക്കുകയാണ്. സിനിമാ ചിത്രീകരണത്തിനിടയില്‍ പരീക്ഷയ്ക്ക് പോയി വരാന്‍ ബുദ്ധിമുട്ട് ആയത് കൊണ്ട് അജിത്തിന്റെ നിര്‍ദ്ദേശ പ്രകാരം ശാലിനിയുടെ പരീക്ഷ കഴിയുന്നത് വരെ ഷൂട്ടിങ് നീട്ടി വെക്കാന്‍ തീരുമാനിച്ചു.
Recommended Video

അങ്ങനെ പരീക്ഷയൊക്കെ കഴിഞ്ഞതിന് ശേഷം ശാലിനി വീണ്ടും അഭിനയിച്ച് തുടങ്ങി. ഇതിനിടയില്‍ സിനിമയിലെ ഒരു ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ അജിത്തിന് പറ്റിയ അബദ്ധത്തിലൂടെ ശാലിനിയ്ക്ക് മുറിവുണ്ടായി. അജിത്ത് കൈയ്യില്‍ പിടിച്ചിരുന്ന കത്തി അറിയാതെ ശാലിനിയുടെ കൈതണ്ടയില്‍ തട്ടി വലിയൊരു മുറിവ് ആവുകയായിരുന്നു. മുറിവ് കണ്ട് ഭയന്ന് ശാലിനി കരയാന്‍ തുടങ്ങി. അന്നത് അജിത്തിന്റെയും മനസ് വേദനിപ്പിച്ചു. പിന്നീട് അതൊരു കുറ്റബോധമാവുകയും താരങ്ങള്‍ പ്രണയത്തിലാവുകയും ചെയ്തു.


Click it and Unblock the Notifications











