പ്രശാന്ത് ഓവറാണ്, അവന്റെ മുഖത്ത് നോക്കി ഞാൻ പറഞ്ഞു; ആരാധികമാർ കാരണം വീട് മാറേണ്ടി വന്നു; അബ്ബാസ്
തെന്നിന്ത്യൻ സിനിമകളിൽ ഒരുകാലത്ത് തരംഗം സൃഷ്ടിച്ച നടനാണ് അബ്ബാസ്. 90 കളിൽ നിരവധി ശ്രദ്ധേയ സിനിമകളുടെ ഭാഗമായ അബ്ബാസ് റൊമാന്റിക് ഹീറോയായി വളരുമെന്ന് ഏവരും കരുതി. എന്നാൽ കുറച്ച് വർഷങ്ങൾക്കുള്ളിൽ തന്നെ അബ്ബാസിന്റെ കരിയർ ഗ്രാഫ് താഴ്ന്നു. സഹനായക വേഷങ്ങളിലേക്ക് അബ്ബാസിന് മാറേണ്ടി വന്നു. 2014 ഓടെ നടൻ വിദേശത്തേക്ക് താമസം മാറുകയും ചെയ്തു. ഇന്ന് കുടുംബത്തോടൊപ്പം ന്യൂസിലന്റിലാണ് അബ്ബാസ് കഴിയുന്നത്.
സിനിമാ രംഗത്ത് നിന്നും മാറി നിൽക്കുന്ന അബ്ബാസ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി സോഷ്യൽ മീഡിയയിൽ സജീവമാണ്. മാനസികാരോഗ്യത്തെക്കുറിച്ചാണ് അബ്ബാസ് കൂടുതലായും തന്റെ ഫോളോവേഴ്സിനോട് സംസാരിക്കാറ്. കരിയറിലെ പഴയ ഓർമ്മകൾ പങ്കുവെക്കുകയാണ് അബ്ബാസ് ഇപ്പോൾ. ആരാധികമാരുടെ സ്നേഹത്തെക്കുറിച്ചും നടൻ പ്രശാന്തിനെക്കുറിച്ചും അബ്ബാസ് സംസാരിച്ചു. ബിഹൈന്റ്വുഡ്സ് ടിവിയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

എനിക്ക് കല്യാണെന്ന വാർത്ത മാധ്യമങ്ങളിൽ വന്നപ്പോൾ നിങ്ങൾ കല്യാണം കഴിക്കരുതെന്ന് പറഞ്ഞ് ആരാധികമാരുടെ കത്തുകൾ വന്നു. കല്യാണം കഴിഞ്ഞാൽ മാർക്കറ്റ് പോകുമെന്ന് എന്റെ മാനേജറും പറഞ്ഞു. പക്ഷെ ആ ഭയത്തിൽ ജീവിക്കാൻ പറ്റില്ലെന്നാണ് താൻ വ്യക്തമാക്കിയത്. ആരാധികമാരുടെ സ്നേഹവും സമ്മാനങ്ങളും കാരണം തനിക്ക് വീടുകൾ മാറേണ്ടി വന്നിട്ടുണ്ടെന്നും അബ്ബാസ് തുറന്ന് പറഞ്ഞു.
വിജയ് സേതുപതിയാണ് ഇപ്പോഴത്തെ നടൻമാരിൽ ഇഷ്ടം. ഒരു കാലത്ത് നടൻമാരിൽ കുറച്ച് ഓവറായി തോന്നിയത് പ്രശാന്തിനെയാണ്. പ്രശാന്തിന്റെ മുഖത്ത് നോക്കി അക്കാര്യം പറഞ്ഞിട്ടുണ്ട്. ബോളിവുഡ് നടൻ അംജദ് ഖാന്റെ മകളുടെ വിവാഹ ആലോചന തനിക്ക് വന്നിരുന്നു. കരിയറിന്റെ തുടക്ക കാലത്തായിരുന്നു ഇതെന്നും അബ്ബാസ് വ്യക്തമാക്കി. അഭിമുഖത്തിലെ റാപിഡ് ഫയർ സെഷനിലാണ് നടൻ ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.

ഇരും ഹുസൈൻ ഖാൻ എന്നാണ് അബ്ബാസിന്റെ ഭാര്യയുടെ പേര്. 1997 ലായിരുന്നു വിവാഹം. രണ്ട് മക്കളും ദമ്പതികൾക്ക് പിറന്നു. അടുത്തിടെ നൽകിയ മറ്റൊരു അഭിമുഖത്തിൽ തന്റെ കരിയറിൽ സംഭവിച്ച വീഴ്ചയെക്കുറിച്ച് അബ്ബാസ് തുറന്ന് സംസാരിച്ചു. കാതൽ ദേശം എന്ന ആദ്യ സിനിമയ്ക്ക് ശേഷം പെട്ടെന്നാണ് താൻ ആഘോഷിക്കപ്പെട്ടത്.
പക്ഷെ ഇതിനിടെ എട്ട് മാസം തനിക്ക് വർക്കില്ലാതായി. സാമ്പത്തിക പ്രതിസന്ധി വന്നു. വീട്ടുവാടകയ്ക്കോ ജോലിക്കാരുടെ ശമ്പളത്തിനോ പണമില്ലാത്ത അവസ്ഥ. അങ്ങനെ ആർബി ചൗധരി സാറിനെ കണ്ടു. ഇതോടെയാണ് തനിക്ക് പൂവേലി എന്ന ചിത്രം ലഭിച്ചത്. വലിയ താരത്തിന്റെ ഇപ്പോൾ ചെറിയ വേഷം ചെയ്യുന്നെന്ന് ആ സെറ്റിൽ സംസാരമുണ്ടായി. എന്നാൽ അത്തരം ഈഗോകളല്ല തന്നെ ഇപ്പോൾ മുന്നോട്ട് നയിക്കുന്നതെന്ന് അബ്ബാസ് വ്യക്തമാക്കി.
സിനിമയിൽ മൂന്നോ നാലോ വർഷം കൂടെ നിലനിന്നേക്കാം. അതിന് മുമ്പ് നമ്മളായിട്ട് പോകാമെന്ന് കരുതി. കുടുംബവുമായി കുറേക്കൂടി അടുക്കാം എന്ന് കരുതി. അങ്ങനെയാണ് ന്യൂസിലന്റിലേക്ക് പോകുന്നത്. ന്യൂസിലന്റിൽ കുടുംബം മുന്നോട്ട് നയിക്കാൻ എല്ലാവിധ ജോലികളും താൻ ചെയ്തെന്നും അബ്ബാസ് വ്യക്തമാക്കി.
കാതൽ ദേശം, പടയപ്പ, ആനന്ദം, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങി ഒരുപിടി ശ്രദ്ധേയ സിനിമകളിൽ അബ്ബാസ് അഭിനയിച്ചിട്ടുണ്ട്. നല്ല വേഷം ലഭിച്ചാൽ സിനിമാ രംഗത്തേക്ക് തിരിച്ചെത്തുമെന്നാണ് അബ്ബാസ് പറയുന്നത്. സിനിമയോട് മുമ്പ് വലിയ ആത്മാർത്ഥത ഇല്ലായിരുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ലെന്നും അബ്ബാസ് വ്യക്തമാക്കി. നടന്റെ തിരിച്ച് വരവിനായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications