കണ്ടക്ടറായിരുന്നപ്പോൾ കള്ളും സിഗരറ്റുമടക്കം ദുശ്ശീലമുണ്ടായിരുന്നു; എല്ലാം മാറ്റിയത് ഭാര്യയാണെന്ന് രജനികാന്ത്
സ്റ്റൈല്‍ മന്നനായി തമിഴ്‌നാട്ടില്‍ വാഴുകയാണ് രജനികാന്ത്. കേവലമൊരു ബസ് കണ്ടക്ടറായിരുന്ന രജനികാന്ത് സിനിമയിലേക്ക് എത്തി പിന്നീട് സൂപ്പര്‍താരമായി മാറുകയായിരുന്നു. എഴുപത് വയസും പിന്നിട്ടിട്ടും സിനിമയിലെ നായകനായി തിളങ്ങി നില്‍ക്കാന്‍ താരത്തിന് സാധിക്കുന്നുണ്ട്. ഇതിനെല്ലാം കാരണം മുന്‍നടിയും തന്റെ ഭാര്യ കൂടിയായ ലതയാണെന്നാണ് നടനിപ്പോള്‍ പറയുന്നത്.
കഴിഞ്ഞ ദിവസം ചെന്നൈയില്‍ ഒരു കുടുംബസംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രജനികാന്ത്. ഇപ്പോഴത്തെ തന്റെ ജീവിതത്തെ കുറിച്ചും ആരോഗ്യത്തെ കുറിച്ചും പറയുന്നതിന് മുന്‍പ് തനിക്ക് വേറൊരു കാര്യം കൂടി പറയാനുണ്ടെന്ന് പറഞ്ഞാണ് നടന്‍ സംസാരിച്ച് തുടങ്ങുന്നത്. തന്റെ ജീവിതത്തിലുണ്ടായിരുന്ന ദുശ്ലീലങ്ങളെ പറ്റിയും അത് മാറാനുണ്ടായ കാരണമെന്താണെന്നും രജനികാന്ത് വെളിപ്പെടുത്തി.

'എനിക്കിപ്പോള്‍ എഴുപത്തിമൂന്ന് വയസുണ്ട്. ഇപ്പോഴും താന്‍ ആരോഗ്യത്തോടെയിരിക്കുന്നതിന് കാരണം തന്റെ ഭാര്യ ലതയാണെന്നാണ് രജനികാന്ത് പറയുന്നത്. കണ്ടക്ടറായിരിക്കുന്ന കാലത്ത് എനിക്ക് ചില മോശം സ്വഭാവങ്ങള്‍ ഉണ്ടായിരുന്നു. രണ്ട് നേരം ഇറച്ചി കഴിക്കും. ഒരുപാട് വലിക്കുകയും എല്ലാ ദിവസവും കള്ള് കുടിക്കുകയും ചെയ്യുമായിരുന്നു. എത്ര സിഗരറ്റ് പാക്കറ്റുകള്‍ ഉണ്ടെന്ന് പോലും അറിയാതെ അത്രയധികം വലിച്ച് തള്ളാറുണ്ടായിരുന്നെന്നും', രജനികാന്ത് പറയുന്നു.

'വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നവരെ കണ്ടാല്‍ പാവം തോന്നുമായിരുന്നു. മദ്യം, സിഗരറ്റ്, മാംസഭക്ഷണം എന്നിവ ഒരു മാരക കോമ്പിനേഷനാണ്. ഇത് മൂന്നും അളവിലധികം തുടര്‍ച്ചയായി ഒരുപാട് വര്‍ഷങ്ങള്‍ കഴിച്ചവര്‍ എന്റെയറിവില്‍ അറുപത് വയസിനപ്പുറം ആരോഗ്യത്തോടെ ജീവിച്ചിട്ടില്ല. എല്ലാവരും അതിനുള്ളില്‍ ഈ ലോകം വിട്ടുപോവുകയോ അല്ലെങ്കില്‍ കട്ടിലില്‍ കിടക്കുകയോ ചെയ്യുന്നുണ്ടാവും.

അതുപോലെ അച്ചടക്കമില്ലാതെ ജീവിച്ച എന്നെ സ്‌നേഹം കൊണ്ട് മാറ്റിയെടുത്തത് ലതയാണ്. കൃത്യമായ സ്‌നേഹവും ലാളനയുമൊക്കെ തന്ന് എന്നെ അതില്‍ നിന്നും പതിയെ മാറ്റി എടുത്ത് കൃത്യമായ മരുന്നാണ് അവളെനിക്ക് നല്‍കിയത്. അങ്ങനെ ഒടുവില്‍ എന്നെ അച്ചടക്കമുള്ളയാളാക്കി ലത മാറ്റിയെടുത്തുവെന്നും' നടന്‍ പറഞ്ഞു. വിവാഹത്തിന് മുന്‍പും ശേഷവും എന്റെ ജീവിതത്തില്‍ രണ്ട് കാലഘട്ടമുണ്ടെന്നാണ് വേദിയില്‍ രജനികാന്ത് പറയുന്നത്.

നാല്‍പത്തിയൊന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് രജനികാന്തും ലതയും വിവാഹിതരാവുന്നത്. ഇപ്പോഴും സന്തുഷ്ടരായി ജീവിക്കാന്‍ താരങ്ങള്‍ക്ക് സാധിക്കുന്നുമുണ്ട്. അതേ സമയം അടുത്തിടെയും വിവാഹവാര്‍ഷികത്തോട് അനുബന്ധിച്ച് നടന്റെ പ്രണയകഥ പുറത്ത് വന്നിരുന്നു. 'ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ലതയെ ആദ്യമായി രജനികാന്ത് കാണുന്നത്. ഇന്ന് നടന്റെ ഭാര്യയായ ലത രംഗാചരി ആണ് അന്ന് അഭിമുഖം ചെയ്യാന്‍ വന്നത്.

ആദ്യ കാഴ്ചയില്‍ അവരോട് ഇഷ്ടം തോന്നിയ നടന്‍ അന്നേരം തന്നെ വിവാഹാഭ്യര്‍ഥന നടത്തുകയായിരുന്നു. 'എന്നെ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടോ' എന്ന ചോദ്യത്തിന്, അങ്ങനൊരു ആഗ്രഹം ഉണ്ടെങ്കില്‍ മാതാപിതാക്കളോട് ചോദിക്കാനാണ് ലത പറഞ്ഞത്. വൈകാതെ രജനികാന്ത് ലതയുടെ വീട്ടുകാരെ കാണുകയും വിവാഹത്തിന് സമ്മതം ചോദിക്കുകയുമായിരുന്നു. വീട്ടുകാര്‍ക്കും എതിര്‍പ്പില്ലാത്തതിനാല്‍ താരവിവാഹം നടക്കുകയായിരുന്നു.


Click it and Unblock the Notifications











