പതിനെട്ട് വയസായില്ല... ലൈസൻസുമില്ല ഹെൽമെറ്റുമില്ല..., പൊതുനിരത്തിൽ ബൈക്ക് റൈഡ് ചെയ്ത് ധനുഷിന്റെ മൂത്ത മകൻ!
തെന്നിന്ത്യൻ സിനിമയുടെ അഭിമാനത്താരങ്ങളിൽ ഒരാളാണ് ധനുഷ്. ഐശ്വര്യ രജിനികാന്തും ധനുഷും ആരാധകർ ഏറെയുണ്ടായിരുന്ന താരദമ്പതികളായിരുന്നു. ഇരുവർക്കും യാത്ര, ലിംഗ എന്നിങ്ങനെ പേരായ രണ്ട് ആൺ മക്കളാണുള്ളത്.
നടൻ, ഗായകൻ, ഗാനരചയിതാവ്, നിർമ്മാതാവ്, സംവിധായകൻ എന്നീ നിലകളിൽ ചലച്ചിത്രമേഖലയിൽ വിവിധ മേഖലകളിൽ പ്രവർത്തിച്ചിട്ടുള്ള ധനുഷ് ലോകമെമ്പാടും ഏറ്റവും ജനപ്രിയനായ ഇന്ത്യൻ നടന്മാരിൽ ഒരാളാണ്.
ധനുഷിനെ വിവാഹം കഴിച്ചതിന് ശേഷം ധനുഷിനെ നായകനാക്കി ത്രീയും ഗൗതം കാർത്തിക് നായകനായ വെയ് രാജ വെയ് എന്നീ ചിത്രങ്ങളും ഐശ്വര്യ സംവിധാനം ചെയ്തിരുന്നു. ധനുഷിനെക്കാൾ രണ്ട് വയസിന് മൂത്തതാണ് ഐശ്വര്യ. 21ആം വയസിലാണ് ധനുഷ് ഐശ്വര്യയെ വിവാഹം ചെയ്തത്. അതൊരു പ്രണയവിവാഹവുമായിരുന്നു.

ഐശ്വര്യയുമായുള്ള വിവാഹത്തിന് ശേഷം ധാരാളം നെഗറ്റിവിറ്റി അനുഭവിക്കേണ്ടി വന്നിരുന്നു ധനുഷിന്. പക്ഷെ വിവാഹശേഷം കരിയറിൽ വെച്ചടി വെച്ചടി കയറ്റം മാത്രമാണ് ഉണ്ടായത്. അതുവരെ അഭിനയത്തിൽ മാത്രം ശ്രദ്ധിച്ചിരുന്ന ധനുഷ് ഗായകൻ, നിർമാതാവ് തുടങ്ങിയ മേഖലകളിലും ഭാഗ്യം പരീക്ഷിക്കാൻ ഇറങ്ങിയത് ഐശ്വര്യയുമായുള്ള വിവാഹശേഷമാണ്.
നാൽപ്പത് വയസിനുള്ളിൽ ഹോളിവുഡിൽ വരെ സിനിമകൾ ചെയ്ത് കഴിഞ്ഞു ധനുഷ്. കഴിഞ്ഞ വർഷമാണ് പതിനെട്ട് വർത്തോളം നീണ്ട ദാമ്പത്യ ജീവിതം ഐശ്വര്യയും ധനുഷും അവസാനിപ്പിച്ചത്. വിവാഹമോചനം പ്രഖ്യാപിച്ചുവെങ്കിലും ഇരുവരും നിയമപരമായി ഇതുവരെയും ബന്ധവേർപ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
ധനുഷിനൊപ്പവും ഐശ്വര്യയ്ക്കൊപ്പവും മാറി മാറി താമസിച്ചാണ് ഇരുവരുടെയും മക്കൾ വളരുന്നത്. അതേസമയം ഇപ്പോൾ വീണ്ടും ധനുഷും കുടുംബവും വാർത്തകളിൽ നിറയുകയാണ്. അതിന് കാരണം ധനുഷിന്റെ മൂത്ത മകൻ യാത്ര R15 ബൈക്കിൽ സഞ്ചരിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി എന്നതാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യാത്രയുടെ ബൈക്ക് റൈഡ് തന്നെയാണ് സിനിമാപ്രേമികളുടെ ചർച്ചാ വിഷയം.
പേയസ് ഗാർഡനിലുള്ള രജിനികാന്തിന്റെ വീട്ടിൽ നിന്നും ധനുഷിന്റെ വീട്ടിലേക്കാണ് യാത്ര ആർവൺഫൈവ് ബൈക്കിൽ സഞ്ചരിച്ചത്. വൈറലായ വീഡിയോയിൽ ഒരു സഹായിയാണ് യാത്രയെ ബൈക്ക് ഓടിക്കാൻ പഠിപ്പിക്കുന്നത്. യാത്ര ബൈക്ക് ഓടിക്കുന്നത് വഴിയാത്രക്കാരിൽ ഒരാൾ വീഡിയോ എടുത്ത് സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയായിരുന്നു.

വീഡിയോ എടുക്കരുതെന്ന് പറഞ്ഞ് അയാളെ ധനുഷിന്റെ അസിസ്റ്റന്റ് തടയാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. പൊതുവഴിയിൽ കൂടി ഇത്തരത്തിൽ ബൈക്ക് ഓടിക്കുമ്പോൾ അത് പകർത്തുന്നത് ആർക്കും തടയാനാവില്ലെന്ന് വഴിയാത്രക്കാരൻ മറുപടി പറഞ്ഞതോടെ താരത്തിന്റെ അസിസ്റ്റന്റ് തിരികെ പോയി.
വീഡിയോ ഇന്റർനെറ്റിൽ വൈറലായതോടെ ആരാധകർ ധനുഷിനെയും മകൻ യാത്രയേയും കുറ്റപ്പെടുത്തി എത്തി. പതിനെട്ട് വയസ് തികയാത്ത മകന് ബൈക്ക് നൽകിയതിനാണ് ധനുഷിനും മുൻ ഭാര്യ ഐശ്വര്യയ്ക്കും വിമർശനം. പ്രായപൂർത്തിയാകും മുമ്പ് പൊതുനിരത്തിൽ ബൈക്ക് ഓടിച്ച് പരിശീലിക്കുന്നത് തെറ്റാണെന്നും ആരാധകർ കുറ്റപ്പെടുത്തി.
ഈ ചെറുപ്രായത്തിൽ ആർവൺഫൈവ് ബൈക്ക് ഓടിക്കുന്നത് വളരെ തെറ്റാണെന്നും ഡ്രൈവിങ് പരിശീലിക്കണമെങ്കിൽ സുരക്ഷിതമായ സ്ഥലത്ത് വാഹനമോടിക്കണമെന്നും ആരാധകർ കമന്റായി കുറിച്ചു. ഹെൽമെറ്റും യാത്ര ധരിച്ചിരുന്നില്ല. ലൈസൻസില്ലാതെ ബൈക്ക് ഓടിക്കുന്നത് കുറ്റകരമാണെന്നിരിക്കെ ധനുഷ് ഇതൊക്കെ മകന് പറഞ്ഞ് മനസിലാക്കി കൊടുക്കണമെന്നും ആരാധകർ പറയുന്നു.
ദക്ഷിണേന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള പ്രദേശമായ പോയസ് ഗാര്‍ഡനില്‍ അടുത്ത് അടുത്ത വീടുകളിലാണ് ധനുഷും രജിനിയും താമസിക്കുന്നത്. മക്കൾക്ക് അമ്മയുടെ അടുത്തേക്ക് വേഗത്തിൽ എത്തിച്ചേരുന്നതിനായാണ് പുതിയ വസതി അടുത്തിടെ പോയസ് ഗാര്‍ഡനില്‍ ധനുഷ് പണിതത്. 150 കോടി ചെലവില്‍ നാല് നിലകളിലായി ഏകദേശം 19000 ചതുരശ്ര അടിയിലാണ് വീട് പണി തീര്‍ത്തിരിക്കുന്നത്.


Click it and Unblock the Notifications