ഒരു പെണ്‍കുട്ടിയുടെ ജീവിതം നശിപ്പിക്കുന്നുവെന്ന ആരോപണം! മകന്റെ വിവാഹത്തെ കുറിച്ച് പ്രതികരിച്ച് നടൻ നെപ്പോളിയൻ
നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ നെപ്പോളിയന്റെ മകന്‍ ധനുഷ് വിവാഹിതനാവുകയാണ്. അടുത്തിടെയാണ് താരപുത്രന്റെ വിവാഹ വാര്‍ത്ത പുറത്ത് വരുന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ള വളരെ സാധാരണക്കാരിയായ പെണ്‍കുട്ടിയാണ് ധനുഷിന് വധുവായിട്ടെത്തുന്നത്. അതേ സമയം മകന്റെ വിവാഹനിശ്ചയത്തെ കുറിച്ച് പറഞ്ഞെത്തിയ നെപ്പോളിയന്‍ വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു.
ധനുഷിന് മസ്‌കുലര്‍ ഡിസ്‌ട്രോഫി എന്നൊരു അസുഖമാണ്. മകന്റെ സംരക്ഷണത്തിന് വേണ്ടി നടന്‍ കുടുംബസമേതം അമേരിക്കയില്‍ സ്ഥിരതാമസമാക്കിയിരുന്നു. താരപുത്രന്‍ അവിടെ ജോലി ചെയ്തിരുന്നു. ഇതോടെയാണ് മകന്റെ വിവാഹം നടത്താന്‍ കുടുംബം തീരുമാനിച്ചത്. ഇതനുസരിച്ച് പെണ്‍കുട്ടിയെ കണ്ടെത്തുകയും വിവാഹനിശ്ചയം നടത്തുകയും ചെയ്തു.

ധനുഷിന്റെ വിവാഹം ഉടന്‍ ജപ്പാനില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹത്തോട് അനുബന്ധിച്ച് നടന്‍ കുടുംബത്തോടൊപ്പം ജപ്പാനിലേക്ക് പോയിരിക്കുകയാണ്. ഇതിനിടെ ബെയില്‍വാന്‍ രംഗനാഥനെ പോലുള്ളവര്‍ ധനുഷിനെതിരെ മോശമായി സംസാരിച്ചിരുന്നു. ഫ്‌ളൈറ്റില്‍ യാത്ര ചെയ്യാന്‍ പോലും പറ്റാത്ത ഒരുത്തന്‍ വിവാഹം കഴിക്കണോ എന്നായിരുന്നു ബെയില്‍വാന്റെ ചോദ്യം.
ഒരു സ്ത്രീയുടെ ജീവിതം നശിപ്പിക്കാന്‍ പോകുന്നുവെന്ന തരത്തില്‍ അതിരുവിട്ട് സംസാരങ്ങളും വന്നു. ഇതൊക്കെ ശ്രദ്ധയില്‍പ്പെട്ടതോടെ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും നടക്കുന്ന നെഗറ്റീവ് പ്രതികരണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നെപ്പോളിയനിപ്പോള്‍.
നെപ്പോളിയന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്...
'എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളേ, ലോകമെമ്പാടുമുള്ള തമിഴ് നാട്ടുകാരേ! ഞങ്ങളുടെ മൂത്ത മകന്‍ ധനുഷിന്റെ എട്ട് വര്‍ഷത്തെ സ്വപ്നം.. ഇന്ത്യയില്‍ ജനിച്ചെങ്കിലും സാഹചര്യങ്ങള്‍ കാരണം ഞങ്ങള്‍ അമേരിക്കയിലാണ്. ഇപ്പോള്‍ ഞങ്ങള്‍ ധനുഷിന്റെ ആഗ്രഹം നിറവേറ്റി. ലോകത്തിലെ 100 ദശലക്ഷം ആളുകളുള്ള ജപ്പാനിലേക്ക് യാത്ര ചെയ്യാന്‍ ഒരു വര്‍ഷമായി പ്ലാന്‍ ചെയ്യുന്നു. ധനുഷിന് ഫ്‌ളൈറ്റില്‍ യാത്ര ചെയ്യാന്‍ സാധിക്കാത്തത് കൊണ്ട് കപ്പലിലായിരുന്നു യാത്ര.
ധനുഷിന്റെ സന്തോഷത്തിന് അതിരുകളില്ല. അവന്‍ അത് നേടിയെടുത്തത് ഞങ്ങള്‍ക്ക് വലിയ സംതൃപ്തിയാണ്. ഈ അവസരത്തില്‍ ചില കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവെക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞങ്ങളുടെ ജീവിതത്തെ തെറ്റായി വിമര്‍ശിക്കുന്നവരോട് എനിക്കൊരു അപേക്ഷയുണ്ട്.
എല്ലാവരും അവരുടെ മാതാപിതാക്കളുടെ സ്വപ്നത്തിനും നമ്മുടെ സ്വപ്നത്തിനും മക്കളുടെ സ്വപ്നത്തിനും വേണ്ടി ജീവിക്കണം. അങ്ങനെ ജീവിച്ച് കാണിക്കണം. ഓരോരുത്തരും അവരുടെ കടമ നിറവേറ്റണം. ജീവിതം ഒരിക്കല്‍ മാത്രമേയുള്ളു. അങ്ങനെ നമുക്ക് ജീവിച്ച് നോക്കാം.

'മനുഷ്യര്‍ ഇതുപോലെ ജനിക്കുന്നത് അപൂര്‍വമാണ്'.. ഈ ലോകത്തേക്ക് വരുമ്പോള്‍ നമ്മള്‍ ഒന്നും കൊണ്ടുവന്നിട്ടില്ല. ഒന്നും കൊണ്ടുപോകാനും പോകുന്നില്ല. അവന്റെ ജീവിതത്തില്‍ നല്ലതും ചീത്തയുമായ ഒരായിരം മാറ്റങ്ങളുണ്ട്. അവരുടെ മനസ്സിന് അനുസരിച്ച് നന്നായി ജീവിക്കുക. മറ്റുള്ളവര്‍ അവരുടെ ഇഷ്ടം പോലെ ജീവിക്കട്ടെ. ആരുടെയും വികാരം വ്രണപ്പെടുത്തുകയോ കുറ്റം പറയുകയോ ചെയ്യരുത്.
സത്യമറിയാതെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ആരുടെയും വ്യക്തിജീവിതത്തെ വിമര്‍ശിക്കരുത്. നിങ്ങള്‍ക്കും ഒരു കുടുംബമുണ്ടെന്ന് ഒരിക്കലും മറക്കരുത്. എല്ലാവര്‍ക്കും ആശംസകള്‍. ഇഷ്ടപ്പെട്ടില്ലെന്ന് കരുതി വെറുതെ സംസാരിക്കരുത്. കാരണം അതൊരു ദിവസം നിങ്ങളിലേക്ക് മടങ്ങിവരും. ജീവിതം ഒരു ചിന്ത പോലെയാണ്. നന്നായി ചിന്തിക്കുക. ചിന്ത നടപ്പിലാക്കുക.
നിങ്ങള്‍ക്കും ഈ ലോകം കീഴടക്കാന്‍ കഴിയും. ശ്രമിച്ചാല്‍ അസാധ്യമായി ഒന്നുമില്ല. എല്ലാവരും ജീവിക്കട്ടെ... ഞാനിവിടെ ഇടുന്ന ഓരോ പോസ്റ്റും സിനിമാലോകത്തെ എന്റെ അഭിനയത്തെ കുറിച്ചാണ്. യഥാര്‍ത്ഥ ജീവിതം കണ്ട് ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രമാണിത്. എല്ലാവരോടും ഒരുപാട് നന്ദി,' എന്നും പറഞ്ഞാണ് നടന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.


Click it and Unblock the Notifications