നടിയെ ആരും അറിയാതെ കടത്തികൊണ്ടു വന്നു; പാര്‍ത്ഥിപന്റെ സിനിമ സ്റ്റൈല്‍ വിവാഹം ഇങ്ങനെ
ഏറെ ആരാധകരുള്ള നടനാണ് തമിഴ് നടന്‍ പാര്‍ത്ഥിപന്‍. നിരവധി സിനിമകളില്‍ അഭിനയിച്ച പാര്‍ത്ഥിപന്‍ 15 സിനിമകള്‍ സംവിധാനം ചെയ്യുകയും നിരവധി ചിത്രങ്ങള്‍ പ്രൊഡ്യൂസ് ചെയ്യുകയും ചെയ്തിട്ടുണ്ട്. നടനും സംവിധായകനുമായ ഭാഗ്യരാജിന്റെ അസിസ്റ്റന്റ് ആയാണ് സിനിമയിലേക്കുള്ള തുടക്കം. പിന്നീട് ചെറിയ കഥാപാത്രങ്ങളിലൂടെയാണ് പാര്‍ത്ഥിപന്‍ അഭിനയ ജീവിതം ആരംഭിച്ചത്.
ഭാരതി കണ്ണമ്മ, നീ വരുവായി എന, വെട്രി കൊടു കാട്ര്, ആയിരത്തില്‍ ഒരുവന്‍, പൊന്നിയിന്‍ സെല്‍വന്‍ തുടങ്ങിയ ചിത്രങ്ങളിലെ പാര്‍ത്ഥിപന്റെ പ്രകടനം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജാതി അധിക്ഷേപവുമായി ബന്ധപ്പെട്ട മലയാളത്തില്‍ എടുത്ത മേല്‍വിലാസം എന്ന ചിത്രത്തിലെ പാര്‍ത്ഥിപന്റെ അഭിനയവും വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.

തമിഴ് നടി സീതയെയായിരുന്നു പാര്‍ത്ഥിപന്‍ വിവാഹം ചെയ്തിരുന്നത്. ഈ വിവാഹത്തില്‍ ഇവര്‍ക്ക് രണ്ട് പെണ്‍കുട്ടികളുമുണ്ട്. ഒരു ആണ്‍കുട്ടിയെ ഇവര്‍ ദത്തെടുത്തതാണ്. അഭിനയ, കീര്‍ത്തന എന്നീ രണ്ട് പെണ്‍കുട്ടികളുടെയും വിവാഹം കഴിഞ്ഞു. കീര്‍ത്തന കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന ചിത്രത്തിലൂടെ എല്ലാവരുടെയും മനംകവര്‍ന്ന താരമാണ്. മാധവന്റെയും സിമ്രാന്റെയും മകളായി എത്തിയത് കീര്‍ത്തനായായിരുന്നു.
മലയാളികള്‍ക്കും ഏറെ പ്രിയങ്കരിയാണ് സീത. മലയാളത്തില്‍ ചില ചിത്രങ്ങളിലും സീരിയലുകളിലും സീത അഭിനയിച്ചിട്ടുണ്ട്. വിനോദയാത്രയിലെ മുകേഷിന്റെ ഭാര്യയായി എത്തിയതും സീതയായിരുന്നു. നോട്ട്ബുക്ക്, ഗ്രാന്‍ഡ് മാസ്റ്റര്‍, വിനോദയാത്ര, മൈ ബോസ്സ് തുടങ്ങിയ ചിത്രങ്ങളിലും സീത അഭിനയിച്ചു.
സിനിമയില്‍ പ്രവര്‍ത്തിക്കുന്ന കാലത്താണ് പാര്‍ത്ഥിപനും സീതയും പ്രണയിച്ച് വിവാഹം കഴിക്കുന്നത്. വീട്ടിലെ കഷ്ടപ്പാടുകളില്‍ നിന്ന് രക്ഷപ്പെടുന്നതിനായാണ് സീത അഭിനയിച്ചു തുടങ്ങിയത്. താത്പര്യമില്ലാതിരുന്ന കാലത്തും അച്ഛന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് സീത അഭിനയിച്ചത്. തനിക്ക് കിട്ടിയിരുന്ന കാശ് പോലും എത്രയാണെന്ന് അറിയില്ലായിരുന്നുവെന്ന് സീത പറഞ്ഞിട്ടുണ്ട്. ഈ ഘട്ടത്തിലാണ് സീത പാര്‍ത്ഥിപനെ പ്രണയിക്കുന്നത്.
ഇരുവരുടെയും പ്രണയം വീട്ടില്‍ അറിഞ്ഞതോടെ സീതയുടെ അച്ഛന്‍ ശക്തമായി എതിര്‍ത്തു. ഷൂട്ടിംഗിനും അമ്പലത്തിലും ഹോട്ടലിലുമൊക്കെ പോകുന്ന സീതയെ നിരീക്ഷിക്കാനും തുടങ്ങി. എല്ലാ അര്‍ത്ഥത്തിലും താന്‍ പെട്ടു എന്ന് മനസിലാക്കിയ സാഹചര്യത്തില്‍ സീത പാര്‍ത്ഥിപന് കത്തെഴുതുകയായിരുന്നു. തനിക്ക് ഇനിയും ഇവിടെ സഹിക്കാന്‍ പറ്റില്ലെന്ന തരത്തിലായിരുന്നു ആ കത്ത്. ഇത് വായിച്ച ഉടനെ സീതയെ കല്ല്യാണം കഴിക്കാന്‍ പാര്‍ത്ഥിപന്‍ തീരുമാനിക്കുകയായിരുന്നു.
ഇത് എങ്ങനെ സീതയെ അറിയിക്കും എന്നത് വീണ്ടും പ്രശ്‌നമായി. അറിയിക്കാന്‍ ഒരു വഴിയുമുണ്ടായിരുന്നില്ല. അങ്ങനെ സീതയുടെ വീടിന് മുന്നില്‍ കാര്യങ്ങള്‍ അറിയാന്‍ പാര്‍ത്ഥിപന്‍ കുറച്ചു സുഹൃത്തുക്കളെ നിര്‍ത്തി. എന്നിട്ടും കാര്യമായ ഫലമുണ്ടായില്ല. ഒടുവില്‍ സീതയുടെ ഒരു കസിന്‍ ഇവര്‍ക്ക് സഹായവുമായി എത്തിയത്. ഒരു തെലുങ്കു പടത്തിന്റെ ഷൂട്ടിനായി സീത വീടിന് വെളിയില്‍ വരുമെന്ന് ഇവര്‍ അറിഞ്ഞു. അങ്ങനെ സാധാരണ നടിമാരെ കാറിലാണ് ഷൂട്ടിംഗിന് ലൊക്കേഷനിലേക്ക് കൊണ്ടു പോകുന്നത്. അങ്ങനെ രണ്ട് കാറുകളിലായി പാര്‍ത്ഥിപന്റെ സുഹൃത്തുക്കള്‍ കാത്തിരുന്നു.

പാര്‍ത്ഥിപന്‍ സുഹൃത്തിന്റെ വീട്ടില്‍ വിവാഹ വേഷത്തില്‍ കാത്തു നില്‍ക്കുകയായിരുന്നു. സമയം കഴിഞ്ഞിട്ടും സീത വരുന്നത് കണ്ടില്ല. 5 മണിക്കാണ് വിവാഹം പ്ലാന്‍ ചെയ്തതെങ്കിലും 7 മണിയായിട്ടും സീത വന്നില്ല. അവസാനം സീത വന്നു എന്ന് കേട്ടതോടെയാണ് എല്ലാവര്‍ക്കും ആശ്വാസമായത്. തുടര്‍ന്ന് സീത വന്നയുടന്‍ പാര്‍ത്ഥിപന്‍ താലികെട്ടുകയായിരുന്നു.
സീതയും പാര്‍ത്ഥിപനും അഭിപ്രായ വ്യത്യസങ്ങളെ തുടര്‍ന്ന് വിവാഹ മോചനം നേടിയിരുന്നു. പാര്‍ത്ഥിപന്‍ തന്നെ വിവാഹ ശേഷം അഭിനയിക്കാന്‍ സമ്മതിച്ചില്ലെന്നും, തന്റെ ജീവിതത്തില്‍ എടുത്ത തെറ്റായ തീരുമാനമായിരുന്നു ഈ വിവാഹം എന്നും സീത നേരത്തെ പറഞ്ഞിരുന്നു. എന്നാലിതാ ഇപ്പോള്‍ ഇരുവരും എങ്ങനെയാണ് വിവാഹം കഴിച്ചതെന്ന് സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവരുന്നത്.


Click it and Unblock the Notifications











