തമിഴരും ഇന്ത്യക്കാരും ഇല്ലാത്ത സ്ഥലങ്ങൾ നോക്കിയാണ് യാത്രകൾ, ഇന്ത്യൻസിനെ കണ്ടാൽ ഞാൻ ഓടി ഒളിക്കും; സിദ്ധാർത്ഥ്
മണിരത്നം സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ച് പിന്നീട് നായക നടനായി ജനഹൃദയങ്ങൾ കീഴടക്കിയ താരമാണ് സിദ്ധാർത്ഥ്. കന്നത്തിൽ മുത്തമിട്ടാൽ എന്ന സിനിമയിലായിരുന്നു ആദ്യം സിദ്ധാർത്ഥ് സഹ സംവിധായകനായി പ്രവർത്തിച്ചത്. ശേഷം ശങ്കറിന്റെ ബോയ്സ് സിനിമയുടെ ഓഡീഷനിൽ പങ്കെടുക്കുകയും നായകനായി ആദ്യ സിനിമ ചെയ്യുകയുമായിരുന്നു. ബോയ്സും ഈ ചിത്രത്തിലെ ഗാനങ്ങളും സിദ്ധാർത്ഥിന്റെ നായക വേഷവും എല്ലാം വലിയ വിജയമായിരുന്നു.
ബോയ്സിനുശേഷം നിരവധി സിനിമകളിൽ അഭിനയിച്ചുവെങ്കിലും സിദ്ധാർത്ഥ് എന്നും സിനിമാ പ്രേമികൾക്ക് ബോയ്സിലെ മുന്നയാണ്. നാൽപ്പത്തിയാറുകാരനായ താരം അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. യാത്രകൾ ഏറെ ഇഷ്ടപ്പെടുന്നയാളാണ് താനെന്നും എന്നാൽ പലപ്പോഴും സിനിമകൾ കണ്ട് തന്നെ ഇഷ്ടപ്പെടുന്നവർ സംസാരിക്കാനും സ്നേഹിക്കാനും സമീപിക്കുമ്പോൾ യാത്രകളിലെ സുഖം നഷ്ടപ്പെടാറുണ്ടെന്നും നടൻ പറയുന്നു.

വിദേശ യാത്രകളിൽ ഇന്ത്യൻസിനെ കണ്ടാൽ താൻ ഓടി ഒളിക്കുമെന്നും താരം പറയുന്നു. അസിസ്റ്റന്റ് ഡയറക്ടറായിരുന്നപ്പോൾ ഒരുപാട് ക്രൗഡിനെ മാനേജ് ചെയ്തിട്ടുണ്ട്. പക്ഷെ അഭിനേതാവായശേഷം ആ ക്രൗഡെല്ലാം എന്നിലേക്ക് തിരിഞ്ഞു. പക്ഷെ അതൊരു തരത്തിൽ ചിലപ്പോഴൊക്കെ മാനേജ് ചെയ്യാൻ ബുദ്ധിമുട്ടാണ്. എനിക്ക് അത് ഇഷ്ടമല്ല.
ഞാൻ തന്നെ ഒരു ഷെല്ലിലേക്ക് ഒതുങ്ങി. മറ്റൊരാളുടെ നോട്ടം എന്നിലേക്ക് വരുന്നത് എനിക്ക് ശീലമുള്ള കാര്യമല്ല. അതുകൊണ്ട് തന്നെ ചില ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട്. ഒരിടയ്ക്ക് ഒറ്റയ്ക്ക് ഒരുപാട് യാത്രകൾ ചെയ്തിട്ടുണ്ട്. തമിഴരും ഇന്ത്യക്കാരും ഇല്ലാത്ത സ്ഥലങ്ങൾ നോക്കിയാണ് യാത്രകൾ ഏറെയും നടത്താറ്. ആരും എന്നെ തിരിച്ചറിയരുതെന്ന് യാത്രകൾ നടത്തുമ്പോൾ എനിക്ക് നിർബന്ധമുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രാജ്യങ്ങളിൽ ഒന്ന് ടർക്കിയാണ്.
യൂറോപ്യൻ രാജ്യങ്ങളിൽ ഒരുപാട് ചുറ്റി സഞ്ചരിച്ചിട്ടുണ്ട്. ഇവിടെയൊക്കെ പോകുമ്പോഴും ദൂരത്തിൽ നിന്ന് ഇന്ത്യൻസിനെ കണ്ടാൽ തന്നെ ഞാൻ എവിടെ എങ്കിലും പോയി ഒളിക്കും. ആരും തെറ്റിദ്ധരിക്കരുത്. കാഴ്ചകൾ കാണാനാണ് യാത്രകൾ നടത്തുന്നത്. ഏതെങ്കിലും സ്ഥലത്ത് പോയി കാഴ്ചകൾ കണ്ടുകൊണ്ട് നിൽക്കുമ്പോഴാകും നിങ്ങൾ ബോയ്സിലെ മുന്നയല്ലേ എന്ന ചോദ്യം വരുന്നത്.
അതുവരെ ആസ്വദിച്ചുകൊണ്ടിരുന്ന കാര്യത്തിൽ നിന്ന് ആ നിമിഷം നമ്മുടെ മൈന്റ് മാറും. കാരണം ഞാൻ മുന്നയല്ല സിദ്ധാർത്ഥായിട്ടാണ് അവിടെ നിൽക്കുന്നത്. അതുകൊണ്ട് തന്നെ പടത്തിലെ കഥാപാത്രമായി എന്നെ കണ്ട് സംസാരിക്കാൻ വന്നാൽ എനിക്കൊന്നും മനസിലാവില്ല. സിനിമയും സംവിധാനവും അഭിനയവും എനിക്ക് ഇഷ്ടമുള്ളതുകൊണ്ട് മാത്രമാണ് ചെയ്യുന്നത്. അല്ലാതെ മറ്റാർക്കും വേണ്ടി ചെയ്യുന്നതല്ല.

ആരും എന്റെ അഭിനയം കണ്ട് എന്നെ ആരാധിക്കണമെന്നും എനിക്ക് ആഗ്രഹമില്ലെന്നുമാണ് താരം പറഞ്ഞത്. ആളുകൾ തന്റെ വാക്കുകൾ തെറ്റിദ്ധരിക്കരുതെന്ന് ആഗ്രഹിച്ച് തന്നെയാണ് നടൻ സംസാരിച്ചതെങ്കിലും വീഡിയോ വൈറലായതോടെ സിദ്ധാർത്ഥിന്റെ വാക്കുകൾ ആളുകൾ തെറ്റിദ്ധരിച്ച് വിമർശനവുമായി എത്തി. സ്വകാര്യതയ്ക്ക് താൻ നൽകുന്ന പ്രാധാന്യത്തെ കുറിച്ചാണ് നടൻ സംസാരിച്ചതെങ്കിലും ഫെയിം കിട്ടിയശേഷം വന്ന അഹങ്കാരമായാണ് സിദ്ധാർത്ഥിന്റെ വാക്കുകളെ ഒരു വിഭാഗം ആളുകൾ കണ്ടത്.
തമിഴ്നാട്ടിൽ നേർക്ക് നേർ വന്നാൽ പോലും ആരും സിദ്ധാർത്ഥിനെ ശ്രദ്ധിക്കാറില്ലെന്നാണ് ഏറെയും കമന്റുകൾ. നിരവധി പരിഹാസ കമന്റുകളും സോഷ്യൽമീഡിയയിൽ നടന് എതിരെ നിറയുന്നുണ്ട്.


Click it and Unblock the Notifications











