ജെനീലിയ സെറ്റിൽ ദിവസവും കരച്ചിൽ; ആ സ്ഥാനത്ത് അവൾക്ക് പകരം മറ്റൊരാളില്ല; സിദ്ധാർത്ഥ്
തെന്നിന്ത്യൻ സിനിമകളിൽ സജീവ സാന്നിധ്യമാണ് നടൻ സിദ്ധാർത്ഥ്. 'ബോയ്സ്' എന്ന സിനിമയിലെ മുന്ന എന്ന കഥാപാത്രമായാണ് ഇന്നും ആരാധകർ നടനെ കാണുന്നത്. ശങ്കറിന്റെ സംവിധാനത്തിൽ 2003 ൽ പുറത്തിറങ്ങിയ സിനിമ വൻ ഹിറ്റായിരുന്നു. പൂർണമായും പുതുമുഖങ്ങളെ വെച്ച് ചെയ്ത സിനിമ പ്രക്ഷകർക്കും പുത്തൻ ദൃശ്യാനുഭവമായി. തന്റെ 23ാം വയസ്സിലാണ് സിദ്ധാർത്ഥ് ബോയ്സ് എന്ന സിനിമയിൽ നായകനായെത്തുന്നത്.
ജെനീലിയ ഡിസൂസയായിരുന്നു നായിക. ഉത്തരേന്ത്യക്കാരിയായ ജെനീലിയയുടെയും ആദ്യ സിനിമയായിരുന്നു ബോയ്സ്. രണ്ട് പേരുടെയും കരിയറിലെ വഴിത്തിരിവായി സിനിമ മാറി. ജെനീലിയെ തേടി പിന്നീട് നിരവധി തമിഴ്, തെലുങ്ക് സിനിമകളെത്തി. 'ഉറുമി' എന്ന മലയാള സിനിമയിലും നടി അഭിനയിച്ചിട്ടുണ്ട്. ബോളിവുഡിൽ നടി ചെയ്ത സിനിമകൾ താരതമ്യേന കുറവാണ്.

നടിക്ക് മികച്ച അവസരങ്ങൾ ലഭിച്ചത് തെന്നിന്ത്യൻ സിനിമാ രംഗത്ത് നിന്നാണ്. കരിയറിന്റെ മികച്ച സമയത്ത് നിൽക്കുമ്പോഴാണ് ജെനീലിയ വിവാഹം കഴിക്കുന്നത്. നടൻ റിതേഷ് ദേശ്മുഖാണ് ജെനീലിയയുടെ ഭർത്താവ്. വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും മാറിയ ജെനീലിയ അടുത്തിടെ വീണ്ടും സിനിമാ രംഗത്തേക്ക് തിരിച്ചു വന്നു.
മറുവശത്ത് സിദ്ധാർത്ഥിന്റെ കരിയർ ഗ്രാഫ് ഉയർന്നും താഴ്ന്നും പോയിക്കൊണ്ടിരുന്നു. ബോയ്സിന് ശേഷം മണിരത്നത്തിന്റെ 'ആയുധ എഴുത്ത്' എന്ന സിനിമയിലാണ് നടന് ശ്രദ്ധേയ വേഷം ലഭിച്ചത്. പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിൽ നടൻ സജീവമായി. 'രംഗ് ദേ ബസ്താനി', 'ബൊമ്മറില്ലു' തുടങ്ങി നിരവധി സിനിമകൾ നടനെ തേടി വന്നു.
മുൻനിര നായക നടനായി സിദ്ധാർത്ഥ് വളരുമെന്ന് ഏവരും കരുതിയെങ്കിലും ഇടക്കാലത്ത് നടന്റെ കരിയർ ഗ്രാഫിന് താഴ്ച സംഭവിച്ചു. 2011 ന് ശേഷമാണ് തമിഴകത്ത് വീണ്ടും സിദ്ധാർത്ഥിന് ശ്രദ്ധിക്കപ്പെടനായായത്. 'തക്കർ' ആണ് സിദ്ധാർത്ഥിന്റെ പുതിയ ചിത്രം. ജൂൺ 9 ന് സിനിമ റിലീസ് ചെയ്യും. സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് സിദ്ധാർത്ഥ്.

തമിഴ് ഗലാട്ട ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ ആദ്യ സിനിമയിലെ നായിക ജെനീലിയയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സിദ്ധാർത്ഥ്. ജെനീലിയ തനിക്ക് കുട്ടിയെ പോലെയായിരുന്നെന്ന് സിദ്ധാർത്ഥ് ഓർത്തു. അവളെ ഞാൻ തമിഴും തെലുങ്കും പഠിപ്പിച്ചു. അവൾ ദിവസവും സെറ്റിൽ കരയുമായിരുന്നു. ശങ്കർ സാർ രണ്ട് മൂന്ന് പേജ് ഡയലോഗ് കൊടുത്തിട്ട് പോവും. എനിക്ക് തമിഴ് അറിയില്ലെന്ന് പറഞ്ഞ് കരയും. ഈ കുട്ടി വല്ലാതെ പേടിക്കുന്നു, നീ ഡയലോഗ് പറഞ്ഞ് കൊടുക്കുമോ എന്ന് എന്നോട് സാർ ചോദിച്ചു. അങ്ങനെ ഡയലോഗ് ട്യൂഷൻ ഞാനെടുത്തു.
ഗാനരംഗം ഷൂട്ട് ചെയ്യുന്ന ദിവസത്തിന്റെ പിറ്റേന്ന് ജെനീലിയക്ക് ബോംബെയിൽ പരീക്ഷയായിരുന്നു. രാത്രിയായിരുന്നു ഷൂട്ട്. കട്ട് പറഞ്ഞാൽ ഉടനെ കാറിലിരുന്ന് ഞാൻ അവൾക്ക് എക്കണോമിക്സിന്റെ ട്യൂഷനെടുക്കും. അവളുടെ ആദ്യ നായകൻ ഞാനാണ്. എന്റെ ആദ്യ നായിക അവളും. എന്റെ ആദ്യ നായികയായി ഈ ജൻമത്തിൽ മറ്റൊരാളെയും സങ്കൽപ്പിക്കാൻ പറ്റില്ലെന്നും സിദ്ധാർത്ഥ് പറഞ്ഞു. മലയാളത്തിൽ 'കമ്മാരസംഭവം' എന്ന സിനിമയിൽ നടൻ അഭിനയിച്ചിട്ടുണ്ട്. 2018 ൽ പുറത്തിറങ്ങിയ സിനിമയിൽ ദിലീപായിരുന്നു നായകൻ.
2003 ൽ വിവാഹിതനായ സിദ്ധാർത്ഥ് പിന്നീട് വിവാഹമോചിതനായി. കാമുകിയായിരുന്ന മേഘനയെയായിരുന്നു സിദ്ധാർത്ഥ് വിവാഹം ചെയ്തത്. 2006 ൽ ഈ ബന്ധം വേർപിരിയലിൽ അവസാനിച്ചു. നടി അതിഥി റാവു ഹൈദരിയുമായി പ്രണയത്തിലാണ് സിദ്ധാർത്ഥിപ്പോൾ.


Click it and Unblock the Notifications











