സൂര്യയുടെ സുരരൈ പോട്രു റിലീസ് പ്രതിസന്ധിയില്‍? നടന്റെ സിനിമകള്‍ക്ക് തിയ്യേറ്റര്‍ റിലീസ് വിലക്ക്
തമിഴ് താരം സൂര്യ അഭിനയിക്കുന്നതും നിര്‍മ്മിക്കുന്നതുമായ ചിത്രങ്ങള്‍ ഇനി തിയ്യേറ്റര്‍ റിലീസ് ചെയ്യേണ്ടതില്ലെന്ന് തമിഴ്‌നാട് തിയ്യേറ്റര്‍ ആന്‍ഡ് മള്‍ട്ടിപ്ലെക്‌സ് ഓണര്‍ അസോസിയേഷന്‍. സൂര്യയുടെ ഭാര്യ ജ്യോതികയുടെ എറ്റവും പുതിയ ചിത്രം പൊന്‍മകള്‍ വന്താല്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് അസോസിയേഷന്‍ നിലപാട് അറിയിച്ചത്. പൊന്‍മകള്‍ വന്താല്‍ നിര്‍മ്മിച്ചത് സൂര്യയുടെ 2ഡി എന്റര്‍ടെയ്ന്‍മെന്റ്‌സാണ്.

നിര്‍മ്മാതാക്കളുടെ തീരുമാനം ഞെട്ടലും വേദനയും ഉളവാക്കുന്നുവെന്ന് അസോസിയേഷന്‍ പ്രസിഡണ്ട് ആര്‍ പനീര്‍സെല്‍വം പറഞ്ഞു, സിനിമാശാലകള്‍ക്ക് വേണ്ടി തയ്യാറാക്കപ്പെടുന്ന ചിത്രങ്ങള്‍ ആദ്യം തിയ്യേറ്ററുകളില്‍ എത്തിയതിന് ശേഷമാണ് ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ എത്താറുളളത്. അതായിരുന്നു ഇതുവരെയുളള രീതി. എന്നാല്‍ അതിന് മാറ്റം വരുത്തിയാണ് ഈ നിര്‍മ്മാതാക്കള്‍ സിനിമ ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്നത്. അതിനെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു.
നിര്‍മ്മാതാക്കളോട് അവരുടെ തീരുമാനം പുന:പരിശോധിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതിന് അവര്‍ തയ്യാറായില്ലെങ്കില്‍ ഇനി മുതല്‍ ആ നിര്‍മ്മാണ കമ്പനിയുമായോ അതുമായി ബന്ധപ്പെട്ടവരുടെയോ ആയ ചിത്രങ്ങള്‍ ഇനി മുതല്‍ ഒടിടി റിലീസ് ചെയ്യാം. ഞങ്ങളുടെ തിയ്യേറ്ററുകളില്‍ അത് ആവശ്യമില്ല എന്നതാണ് അസോസിയേഷന്റെ തീരുമാനം. സില്‍വര്‍ സ്‌ക്രീന്‍ ഓണ്‍ലൈന് മാസികയോടാണ് പനീര്‍സെല്‍വം വിഷയത്തില്‍ പ്രതികരിച്ചത്.
ആമസോണ്‍ പ്രൈമിലാണ് ജ്യോതികയുടെ പൊന്‍മകള്‍ വന്താല്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം സുരരൈ പോട്രാണ് സൂര്യയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. സുധി കൊങ്കാര സംവിധാനം ചെയ്ത സിനിമ എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ജിആര്‍ ഗോപിനാഥിന്റെ ജീവിതകഥയാണ് പറയുന്നത്. അപര്‍ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക.
സുര്യയുടെ 2ഡി എന്റര്‍ടെയ്ന്‍മെന്റ്, സിഖീയ എന്റര്‍ടെയ്ന്‍മെന്റ് തുടങ്ങിയ ബാനറുകള്‍ ചേര്‍ന്നാണ് സുരരൈ പോട്രിന്റെ നിര്‍മ്മാണം. ഉര്‍വ്വശി, കരുണാസ്, ജാക്കി ഷ്റോഫ്, മോഹന്‍ ബാബു, പരേഷ് റാവല്‍, സമ്പത്ത് രാജ്, അച്യുത് കുമാര്‍, വിവേക് പ്രസന്ന തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ജിവി പ്രകാശ് കുമാറാണ് സുര്യ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്.


Click it and Unblock the Notifications