നടി ശ്രീ റെഡ്ഡിയെ ലൈംഗികമായി പീഡിപ്പിച്ചോ? മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയുമായി നടന്‍ വിശാല്‍
മലയാളത്തില്‍ മാത്രമല്ല ഇന്ത്യന്‍ സിനിമയില്‍ തന്നെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും അനുബന്ധമായി ഉയര്‍ന്ന് വന്ന വിവാദങ്ങളും ചൂടുപിടിച്ച വിഷയമായി മാറിയിരിക്കുകയാണ്. സിനിമാ ലോകത്ത് നടിമാര്‍ക്ക് നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തെ കുറിച്ച് ഗുരുതരമായ വെളിപ്പെടുത്തലുകളാണ് നടന്ന് കൊണ്ടിരിക്കുന്നത്.
ഇതിന് പിന്നാലെ തെന്നിന്ത്യന്‍ സിനിമയില്‍ നിന്നും മറ്റ് ചില നടിമാരും ആരോപണവുമായി വന്ന് കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ തമിഴ് നടന്‍ വിശാലും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ചും തന്റെ പേരില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ക്കും മറുപടിയുമായി എത്തിയിരിക്കുകയാണ്.

നടന്‍ വിശാല്‍ അദ്ദേഹത്തിന്റെ 47-ാം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന്. പിറന്നാളിനോട് അനുബന്ധിച്ച് ക്ഷേത്രദര്‍ശനം നടത്തിയ നടന്‍ ചെന്നൈയിലെ വൃദ്ധസദനത്തില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം നല്‍കുകയും ചെയ്തിരുന്നു. അതിനിടെ മാധ്യമങ്ങളെ കാണുകയും അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്തിരുന്നു.
മാധ്യമങ്ങളുമായി നടത്തിയ സംസാരത്തില്‍ വിവിധ വിഷയങ്ങളെ പറ്റിയും നടന്‍ സംസാരിച്ചിരുന്നു. അതിലൊന്ന് മലയാള സിനിമയിലെ ലൈംഗികാതിക്രമങ്ങളെ കുറിച്ചും റിട്ടയേര്‍ഡ് ജഡ്ജി ഹേമ അധ്യക്ഷയായ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടിനെ കുറിച്ചുമായിരുന്നു. ഇതിന് മറുപടിയായി തമിഴ് സിനിമയിലും സമാനമായൊരു കമ്മിറ്റി വേണമെന്നാണ് നടന്‍ പറയുന്നത്.
'മലയാള സിനിമയില്‍ ഹേമ കമ്മിറ്റി അന്വേഷണം നടത്തിയത് പോലെ തമിഴിലും അന്വേഷണം വേണം. അതിന്റെ നടപടികള്‍ ഉടനെ നടികര്‍ സംഘം ആലോചിക്കും. പുരുഷന്മാര്‍ക്ക് വേണ്ടി മാത്രമല്ല നടികര്‍ സംഘം. അത് തമിഴ് സിനിമയിലെ സ്ത്രീകള്‍ക്ക് വേണ്ടി കൂടി ഉള്ളതാണ്. പരാതിയുള്ള സ്ത്രീകള്‍ നടികര്‍ സംഘത്തെ സമീപിച്ചാല്‍ അതില്‍ സംഘടന ശക്തമായ നടപടിയെടുക്കുമെന്നും' വിശാല്‍ പറയുന്നു.
അഡ്ജസ്റ്റ്‌മെന്റ് ചെയ്യണമെന്ന് പറയുന്നവരോട് അന്നേരം തന്നെ സ്ത്രീകള്‍ ചെരുപ്പൂരി അടിക്കണം. സ്ത്രീകള്‍ അങ്ങനെ മറുപടി കൊടുത്താലേ ഇവരെ നിയന്ത്രിക്കാന്‍ സാധിക്കുകയുള്ളു. തെറ്റ് ചെയ്‌തെങ്കില്‍ ശിക്ഷ അനുഭവിക്കണം. തങ്ങള്‍ നേരിട്ട അനുഭവത്തെ കുറിച്ച് പറയാന്‍ സ്ത്രീകള്‍ മുന്നേട്ട് വരണമെന്നും' നടന്‍ കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ നടി ശ്രീ റെഡ്ഡി നിങ്ങള്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചിട്ടുണ്ടോ എന്നും അതിനുള്ള മറുപടി എന്താണെന്നും വിശാലിനോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു.
'ശ്രീ റെഡ്ഡി ആരാണെന്ന് എനിക്കറിയില്ല. പക്ഷെ അവരുടെ തമാശകള്‍ എനിക്ക് നന്നായി അറിയാം. സത്യമറിയാതെ ഒരാളെ കുറ്റപ്പെടുത്തുന്നത് തെറ്റാണ്. ഇപ്പോള്‍ അത് ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെന്നും ഈ ചോദ്യത്തിന് മറുപടി പറയവേ നടന്‍ പ്രതികരിച്ചു.

സിനിമയില്‍ അഭിനയിക്കാന്‍ അവസരം തരാമെന്ന് പറഞ്ഞ് നടന്‍ വിശാല്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പറഞ്ഞായിരുന്നു നടി ശ്രീ റെഡ്ഡി രംഗത്ത് വന്നത്. പല അഭിമുഖങ്ങളിലും വിശാലിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് നടി ഉന്നയിച്ചത്. ഇടയ്ക്ക് നടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതായും സൂചനയുണ്ട്.
നിലവില്‍ മലയാള സിനിമയില്‍ കോളിളക്കമായി മാറിയിരിക്കുകയാണ് നടിമാരുടെ വെളിപ്പെടുത്തല്‍. പ്രമുഖരായ നടന്മാര്‍ക്കും സംവിധായകര്‍ക്കുമെതിരെയാണ് ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. സൂപ്പര്‍ താരങ്ങള്‍ക്കെതിരെ ആരോപണം ഉന്നയിച്ച് നടി ഷക്കീല കൂടി രംഗത്ത് വന്നിരിക്കുകയാണ്.
ഇനി വരും ദിവസങ്ങളിലും കൂടുതല്‍ തുറന്ന് പറച്ചിലുകള്‍ക്ക് സാധ്യതയുണ്ടെന്നാണ് വിവരം. മാത്രമല്ല മറ്റ് ഇന്‍ഡസ്ട്രികളിലേക്ക് കൂടി സമാനമായ രീതിയില്‍ ഇടപെടലുകള്‍ നടത്തുകയാണെങ്കില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടായേക്കും എന്നാണ് അറിയുന്നത്.
.


Click it and Unblock the Notifications