ആര്യ യെസ് പറഞ്ഞാലും വിവാഹം നടക്കില്ലായിരുന്നു; വാശി ഉപേക്ഷിച്ച് അബർനദി; പക്വത വന്നെന്ന് സോഷ്യൽ മീഡിയ
തമിഴകത്ത് വിവാദം സൃഷ്ടിച്ച ഷോയാണ് എങ്ക വീട്ട് മാപ്പിളെെ. നടൻ ആര്യക്ക് വധുവിനെ തേടി നടത്തിയ ഷോയിൽ പതിനാറ് മത്സരാർത്ഥികളാണ് പങ്കെടുത്തത്. 16 പെൺകുട്ടികളും ഷോയിൽ ആര്യയോടുള്ള സ്നേഹം തുറന്ന് പറഞ്ഞു. നടന്റെ ഭാര്യയാകാൻ ആഗ്രഹിച്ച പെൺകുട്ടികൾ ഷോ നൽകിയ ടാസ്കുകൾ ചെയ്യാൻ തയ്യാറായി. രസകരമായി മുന്നോട്ട് പോയ ഷോ ഫൈനലിലെത്തിയതോടെ വിവാദത്തിലായി. ഫൈനലിൽ ഒരു പെൺകുട്ടിയെയും ഭാര്യയായി തെരഞ്ഞെടുക്കാൻ പറ്റില്ലെന്ന് ആര്യ വ്യക്തമാക്കി.
ആര്യയുടെ തീരുമാനം അന്ന് വ്യാപകമായി വിമർശിക്കപ്പെട്ടു. മത്സരാർത്ഥികളായ പെൺകുട്ടികളെ നടൻ അപമാനിച്ചെന്ന ആരോപണം വന്നു. എന്നാൽ ആര്യ തന്റെ തീരുമാനത്തിൽ നിന്നും പിൻമാറിയില്ല. ഷോയിലെ മത്സരാർത്ഥികളിൽ ഒരാളായിരുന്നു അബർനദി. ഫൈനലിൽ എത്തുന്നതിന് മുമ്പേ അബർനദി ഷോയിൽ നിന്നും പുറത്തായി. അന്ന് അബർനദി പാെട്ടിക്കരഞ്ഞതെല്ലാം വലിയ തോതിൽ പ്രേക്ഷക ശ്രദ്ധ നേടി.

ഷോയിൽ നിന്ന് പുറത്തായ ശേഷവും ആര്യയെ മാത്രമേ വിവാഹം ചെയ്യൂ എന്ന വാശിയിലായിരുന്നു അബർനദി. കുറച്ച് കൂടി പക്വത വന്നാൽ ചിന്താഗതി മാറുമെന്നാണ് പലരും പറഞ്ഞത്. പക്ഷെ എനിക്ക് യാതൊരു മാറ്റവും ഇല്ല. ആര്യയെ മാത്രമേ വിവാഹം ചെയ്യൂ. ഇല്ലെങ്കിൽ വിവാഹമേ വേണ്ടെന്ന് വെക്കും. ഇപ്പോൾ സിനിമാ കരിയറിനാണ് പ്രാധാന്യം നൽകുന്നതെന്നും അബർനദി പിന്നീടൊരിക്കൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
എന്നാൽ അബർനദിയുടെ പ്രസ്താവനകളൊന്നും ആര്യ കാര്യമാക്കിയില്ല. നടി സയേഷയെയാണ് ആര്യ വിവാഹം ചെയ്തത്. ഇരുവർക്കും ഇന്നൊരു മകളുമുണ്ട്. വർഷങ്ങൾക്കിപ്പുറം ആര്യയോടുള്ള ഭ്രമവും തന്റെ വാശിയുമെല്ലാം ഒഴിവാക്കിയിരിക്കുകയാണ് അബർനദി. അടുത്തിടെ ഒരു തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് അബർനദി തന്റെ മനസ് തുറന്നത്.

ആ സമയത്തൊന്നും സോഷ്യൽ മീഡിയ എനിക്കില്ല. സാധാരണ ഫോണായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് സോഷ്യൽ മീഡിയയിലേക്ക് വന്നപ്പോഴാണ് എല്ലാവരുടെയും കമന്റുകൾ കണ്ടത്. ചില കമന്റുകൾ കണ്ടപ്പോൾ വിഷമിച്ചു. ഇപ്പോൾ ഇതൊന്നും കാര്യമാക്കുന്നില്ലെന്നും അബർനദി പറഞ്ഞു. ആര്യ വിവാഹത്തിന് യെസ് പറഞ്ഞാലും വീട്ടിൽ സമ്മതിക്കുമായിരുന്നെന്ന് തോന്നുന്നില്ല. അച്ഛനും സഹോദരിയുമൊന്നും സമ്മതിക്കില്ല. അമ്മ ഓക്കെ ആയിരിക്കും.
പക്ഷെ അച്ചൻ സമ്മതിക്കില്ല. ഒരുപക്ഷെ എല്ലാവരും സമ്മതിച്ച് വിവാഹം നടന്നാൽ സിനിമാ രംഗത്ത് ഞാനുണ്ടാകുമായിരുന്നോ അറിയില്ല. കാരണം കല്യാണത്തിന് ശേഷം സിനിമാ കരിയറിൽ തുടരാനെനിക്ക് താൽപര്യമില്ല. കുടുംബ ജീവിതത്തിന് പ്രാധാന്യം നൽകാനാണ് ഇഷ്ടമെന്നും അബർനദി വ്യക്തമാക്കി. പ്രണയ ബന്ധങ്ങളെ ഇപ്പോൾ നോക്കിക്കാണുന്നതെങ്ങനെയെന്നും അബർനദി ചൂണ്ടിക്കാട്ടി.
ബന്ധങ്ങളിൽ പരസ്പര വിശ്വാസം വേണം. ഇത് എന്റെ ആളാണ്, വേറെ ആരോടും സംസാരിക്കാൻ പാടില്ല തുടങ്ങിയ നിബന്ധനകളൊന്നും പാടില്ല. സംശയമില്ലാതെ മുന്നോട്ട് പോകാൻ കഴിയണമെന്നും നടി പറയുന്നു.
പഴയ അബർനദിയിൽ നിന്നും ഒരുപാട് മാറ്റങ്ങൾ ഇപ്പോൾ വന്നിട്ടുണ്ടെന്നും നടിക്ക് ഇപ്പോൾ കൂറേകൂടി പക്വത വന്നെന്നുമാണ് ആരാധകർ പറയുന്നത്. 2019 ലാണ് ആര്യ വിവാഹിതനാകുന്നത്. കഴിഞ്ഞ ദിവസം നടി സംഗീത കൃഷും ഈ ഷോയെക്കുറിച്ച് സംസാരിച്ചിരുന്നു. എങ്ക വീട്ട് മാപ്പിളെെയുടെ അവതാരകയായിരുന്നു സംഗീത. ഫൈനലിൽ ഒരു തീരുമാനം എടുക്കാൻ ആര്യക്ക് കഴിഞ്ഞില്ലെന്നും അത് തനിക്ക് മനസിലാക്കാൻ കഴിഞ്ഞെന്നും സംഗീത വ്യക്തമാക്കി.


Click it and Unblock the Notifications











