ഞാൻ വിവാഹിതയല്ല, മുൻ നടിയാണെന്ന് ആരാണ് പറഞ്ഞത്?; വർഷങ്ങൾക്കിപ്പുറം നടി അനുയ
തമിഴ് സിനിമാ രംഗത്ത് ചെറിയ കാലഘട്ടത്തിൽ സെൻസേഷനായി മാറിയ നടിയാണ് അനുയ വൈ ഭഗതവ്. ശിവ മനസുല ശക്തി എന്ന ചിത്രത്തിലൂടെ തമിഴകത്ത് അരങ്ങേറിയ അനുയ ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധ നേടി. നിരവധി അവസരങ്ങൾ വന്നെങ്കിലും മുൻനിര നായിക നടിയായി മാറാൻ അനുയക്ക് സാധിച്ചില്ല. ഇതിനിടെ സുചി ലീക്ക്സിലൂടെ തന്റെ വ്യാജ ചിത്രങ്ങൾ പുറത്ത് വന്നത് അനുയയെ ഏറെ ബാധിച്ചു. സിനിമാ രംഗത്ത് നിന്നും വലിയ ഇടവേളയും അനുയക്ക് വന്നു. സിനിമാ രംഗത്ത് വീണ്ടും സജീവമാവുകയാണ് അനുയ.
കരിയറിനെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചും പ്രതികരിക്കുകയാണ് നടി അനുയ. സുചി ലീക്ക്സ് അന്ന് വേദനിപ്പിച്ചിരുന്നു. പിന്നീട് സാരമില്ലെന്ന് കരുതി. തന്നെക്കുറിച്ച് വന്ന എല്ലാ ഗോസിപ്പുകളും തെറ്റാണെന്നും അനുയ പറയുന്നു. വിവാദങ്ങളുടെ സമയത്ത് താൻ ആളുകളിൽ നിന്നും മാറി നിന്നു. ഗോസിപ്പുകൾ മാനസികമായി ബാധിച്ചിരുന്നു. ഇന്ന് ഇൻസ്റ്റഗ്രാം ഉള്ളതിനാൽ ആളുകൾക്ക് ഞാൻ യഥാർത്ഥത്തിൽ ആരാണെന്ന് മനസിലാവും.

ഞാൻ വിവാഹിതയാണെന്ന് ഇന്റർനെറ്റ് പറയുന്നു. വിക്കിപീഡിയയിലുള്ളത് മുൻ നടിയെന്നാണ്. ആരാണ് ഞാൻ മുൻ നടിയാണെന്ന് പറഞ്ഞത്. വർക്ക് ചെയ്യുന്നില്ലെന്ന് ഞാനൊരിക്കലും പറഞ്ഞിട്ടില്ല. പക്ഷെ ആരോ അങ്ങനെ ഇട്ടതിനാൽ ആളുകൾ കരുതുന്നത് താൻ അഭിനയിക്കുന്നില്ലെന്നാണ്. താൻ സിനിമകളിൽ അഭിനയിക്കാൻ തയ്യാറാണെന്നും അനുയ വ്യക്തമാക്കി.തന്റെ കരിയർ ഗ്രാഫിനെക്കുറിച്ചും അനുയ സംസാരിച്ചു.
ഹിന്ദി സിനിമയിൽ അഭിനയിക്കാനായിരുന്നു തുടക്കത്തിൽ താൽപര്യം. തെന്നിന്ത്യൻ സിനിമകൾ വേണ്ടെന്ന് തീരുമാനിച്ചു. എന്നാൽ പിന്നീട് ശ്രമിച്ച് നോക്കാമെന്ന് കരുതി. ഭാഷ അറിയാത്തതായിരുന്നു പ്രശ്നം. ആശങ്കയോടെയാണ് ചെയ്തത്. ആദ്യ തമിഴ് സിനിമ ഹിറ്റായ ശേഷം ഹിന്ദി സിനിമകൾ വേണ്ട, തെന്നിന്ത്യയിൽ തുടരാമെന്ന് തീരുമാനിച്ചെന്നും അനുയ വ്യക്തമാക്കി.

നൻപൻ എന്ന ചിത്രത്തിൽ നായികയുടെ ചേച്ചിയുടെ വേഷം ചെയ്ത ശേഷം തന്നെ തേടി സമാന കഥാപാത്രങ്ങൾ തുടരെ വന്നു. തനിക്ക് നല്ല കഥാപാത്രങ്ങൾ ചെയ്യാനാണ് ഇഷ്ടമെന്നും അനുയ പറഞ്ഞു. മഹെക് എന്ന ഹിന്ദി സിനിമയിലൂടെയാണ് അനുയ അഭിനയ രംഗത്ത് തുടക്കം കുറിക്കുന്നത്. പിന്നീട് തമിഴകത്തേക്ക് കൂടുതൽ ശ്രദ്ധ നൽകി. 2017 ൽ ബിഗ് ബോസ് തമിഴിന്റെ ആദ്യ സീസണിൽ മത്സരാർത്ഥിയായി അനുയ എത്തിയിരുന്നു. എന്നാൽ ആദ്യ ആഴ്ച തന്നെ ഷോയിൽ നിന്നും അനുയ പുറത്താവുകയാണുണ്ടായത്.
കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ സുചിലീക്കസ് വിവാദമുണ്ടാക്കിയ ആഘാതത്തെക്കുറിച്ച് അനുയ സംസാരിക്കുകയുണ്ടായി. സുചി ലീക്ക്സിന് ശേഷം സിനിമാ രംഗത്തേക്ക് തിരിച്ച് വരാൻ താൽപര്യമുണ്ടായിരുന്നില്ല. മാനസികമായി വളരെ ബുദ്ധിമുട്ടായിരുന്നു. സിനിമകൾ വേണ്ടെന്ന് വെച്ചു. അപ്പോഴത്തെ മാനസികാവസ്ഥയിൽ അഭിനയിക്കാൻ പറ്റില്ലായിരുന്നു.
പിന്നീട് എത്ര നാൾ വീട്ടിലിരിക്കാൻ പറ്റുമെന്ന് ചിന്തിച്ചു. അത് കൂടുതൽ ഡിപ്രഷനിലാക്കുമെന്ന് മനസിലാക്കിയെന്നും അനുയ വ്യക്തമാക്കി. വിഷമഘട്ടത്തിൽ കുടുംബം നൽകിയ പിന്തുണ വളരെ വലുതാണ്. അതേസമയം ഇത്തരം പ്രശ്നങ്ങൾ നേരിടുന്ന എല്ലാ സ്ത്രീകൾക്കും കുടുംബത്തിന്റെ പിന്തുണ ലഭിക്കാറില്ലെന്നും അനുയ ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications