തന്റേതെന്ന പേരിൽ വന്ന നഗ്ന ചിത്രങ്ങൾ; ഡിപ്രഷനിലായി; പിടിച്ച് നിന്നതിന് കാരണം കുടുംബം; അനുയ പറയുന്നു
സിനിമാ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി അനുയ വൈ ഭഗവത്. ഗ്ലാമറസ് വേഷങ്ങളിലൂടെ ജനശ്രദ്ധ നേടിയ അനുയ മഹെക് എന്ന ഹിന്ദി സിനിമയിലൂടെയാണ് അഭിനയ രംഗത്ത് തുടക്കം കുറിക്കുന്നത്. അതേസമയം നടി കൂടുതൽ സിനിമകൾ ചെയ്തത് തമിഴിലാണ്. കരിയറിൽ സജീവമായിരുന്ന കാലത്താണ് സുചി ലീക്ക്സ് വിവാദത്തിൽ നടി അകപ്പെടുന്നത്. അനുയയുടേതെന്ന പേരിൽ നഗ്ന ചിത്രങ്ങൾ സുചി ലീക്സിലൂടെ പുറത്ത് വന്നു. വ്യാജ ചിത്രങ്ങൾക്കെതിരെ അനുയ രംഗത്തെത്തി. ഈ പ്രശ്നങ്ങൾക്കിടെ കരിയറിൽ നിന്നും അനുയ അകന്നു.
സിനിമകൾ ചെയ്യാതിരുന്ന അനുയ 2017 ൽ ബിഗ് ബോസ് തമിഴിന്റെ ആദ്യ സീസണിൽ മത്സരാർത്ഥിയായെത്തി. ഷോയിൽ നിന്നും ആദ്യ ആഴ്ച തന്നെ അനുയ പുറത്താവുകയും ചെയ്തു. കരിയറിൽ വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് അനുയ. സുചി ലീക്ക്സിന് ശേഷം തനിക്കുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് അനുയ.

മോർഫിംഗ് വളരെ വലിയ പ്രശ്നമാണെന്ന് അനുയ പറയുന്നു. സ്ത്രീകൾ ഇതിന്റെ പേരിൽ ആത്മഹത്യ പോലും ചെയ്യുന്നുണ്ട്. ഞാനിവിടെ നിൽക്കുന്നത് എന്റെ കുടുംബത്തിന്റെ പിന്തുണ കാരണമാണ്. ആളുകൾ ബിസിനസായി ഇത്തരം പ്രവൃത്തികൾ ചെയ്യുന്നു. മോർഫ് ചെയ്യാൻ എളുപ്പമാണ്. നിങ്ങളല്ലെന്ന് തെളിയിക്കാനും പറ്റില്ല. എന്റെ കുടുംബം നൽകിയ പിന്തുണ കൊണ്ടാണ് ഞാൻ ജീവനോടെയിരിക്കുന്നത്. എന്താണ് ഇതിന്റെ പരിഹാരം എന്നെനിക്കറിയില്ല. കുടുംബം എന്റെയൊപ്പം നിന്നതിൽ ഞാൻ ഭാഗ്യവതിയാണ്.
പക്ഷെ എല്ലാവരുടെയും കുടുംബം അങ്ങനെയല്ല. പെൺകുട്ടികൾക്ക് എവിടെയും പോകാൻ പറ്റില്ല. മാതാപിതാക്കൾ ഭർത്താവിന്റെ വീട്ടിലേക്ക് പോകാൻ പറയും. ഭർത്താവ് നിന്റെ വീട് അതാണ്, ഇത് നിന്റെ വീടല്ലെന്ന് പറയും. ഒട്ടുമിക്ക സ്ത്രീകളും ഈ ഘട്ടങ്ങളിലൂടെ കടന്ന് പോകുന്നുണ്ട്. ഒരു പെൺകുട്ടിയുടെ ജീവിതം ബുദ്ധിമുട്ടേറിയതാണെന്നും അനുയ വ്യക്തമാക്കി.

സുചി ലീക്ക്സിന് ശേഷം എനിത്ത് സിനിമാ രംഗത്തേക്ക് വരാൻ താൽപര്യമുണ്ടായിരുന്നില്ല. ഇമോഷണലി എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. കാരണം ഞാനൊന്നും ചെയ്തിട്ടില്ല. എന്റെ മാനസിക നില വെച്ച് വർക്ക് ചെയ്യാൻ പറ്റാതായി. പ്രൊജക്ടുകൾ വന്നപ്പോൾ വേണ്ടെന്ന് വെച്ചു. എത്ര നാൾ വീട്ടിലിരിക്കാൻ പറ്റും. അത് കൂടുതൽ ഡിപ്രഷനിലാക്കും. ഞാൻ ഡിപ്രഷനിലായിരുന്നു. ഒരു ഘട്ടത്തിൽ ഡ്രിപ്രസ്ഡ് ആയി എനിക്ക് മതിയായി. വീണ്ടും വർക്ക് ചെയ്യാൻ തീരുമാനിക്കുകയായിരിന്നെന്നും അനുയ വ്യക്തമാക്കി. അവൾഗ്ലിറ്റ്സിനോടാണ് പ്രതികരണം.
2017 ൽ ഗായിക സുചിത്രയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലാണ് സുചി ലീക്ക്സ് എന്ന പേരിൽ സിനിമാ താരങ്ങളുടെ സ്വകാര്യ ചിത്രങ്ങൾ വരാൻ തുടങ്ങിയത്. തൃഷ, റാണ ദഗുബതി, ധനുഷ് തുടങ്ങിയവരുടെ ഫോട്ടോകളും പുറത്ത് വന്നു. സിനിമാ താരങ്ങളെ ഓരോരുത്തരെയായി ലക്ഷ്യം വെച്ച് കൊണ്ടാണ് ഫോട്ടോകൾ ഇറങ്ങിയത്.
സോഷ്യൽ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും ഫോട്ടോകൾ പോസ്റ്റ് ചെയ്യുന്നത് താനല്ലെന്നും സുചിത്ര അന്ന് വ്യക്തമാക്കി. എന്നാൽ ഇതുകൊണ്ടൊന്നും വിവാദം കെട്ടടങ്ങിയില്ല. തമിഴകത്തെ തിരക്കേറിയ ഗായികയായിരുന്നു സുചിത്ര. സുചി ലീക്ക്സ് വിവാദം ഗായികയുടെ കരിയറിനെയും ബാധിച്ചു. ഈ സംഭവത്തിന് ശേഷം സുചി പിന്നണി ഗാന രംഗത്ത് സജീവമല്ല.


Click it and Unblock the Notifications