അച്ഛന്‍ അത്യാഗ്രഹി, മോശം സിനിമകള്‍ കമ്മിറ്റ് ചെയ്തു, തുടര്‍ പരാജയങ്ങള്‍; തുറന്നു പറഞ്ഞ് ഖുഷ്ബു
തെന്നിന്ത്യന്‍ താരങ്ങളില്‍ ഏറെ ജനപ്രീതിയുള്ള നടിയാണ് ഖുഷ്ബു. മഹാരാഷ്ട്രയില്‍ ജനിച്ച് ഹിന്ദി സിനിമകളില്‍ കരിയര്‍ ആരംഭിച്ച ഖുഷ്ബു തെന്നിന്ത്യന്‍ സിനിമകളിലെ ഒരുകാലത്തെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു. നിരവധി ഹിറ്റുകളാണ് ഖുഷ്ബു സമ്മാനിച്ചത്. തെലുഗുവിലൂടെ തെന്നിന്ത്യന്‍ സിനിമയിലേക്കെത്തിയ ഖുഷ്ബു കന്നടയിലും തമിഴിലും മലയാളത്തിലും വരെ അഭിനയിച്ചു.
തമിഴിലെ ചിന്നത്തമ്പി, അലൈപായുതേ സിനിമയിലെ വൈകാരിക രംഗം ഒന്നും ആരാധകര്‍ ഒരിക്കലും മറക്കില്ല. തുടര്‍ന്ന് പ്രഭുവുമായി പ്രണയത്തിലായ ഖുഷ്ബു പ്രഭുവിനെ വിവാഹം കഴിച്ചതായും അഭ്യൂഹങ്ങളുണ്ടായിരുന്നു. ശിവാജി ഗണേശന്‍ ഇടപെട്ടതോടെ ഇരുവരും വേര്‍പിരിയുകയും ചെയ്തു. പിന്നീട് സംവിധായകന്‍ സുന്ദര്‍ സിയുമായി പ്രണയത്തിലാവുകയും ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു.

ജാക്കി ഷ്‌റോഫിന്റെ കൂടെയും അനില്‍ കപൂറിന്റെ കൂടെയുമൊക്കെ ഹിന്ദി സിനിമകള്‍ ചെയ്ത് വരുന്നതിനിടെയാണ് ഖുഷ്ബു തെന്നിന്ത്യയിലേക്ക് ചേക്കേറുന്നത്. നേരത്തെ തന്നെ തന്റെ അച്ഛനുമായി ഉണ്ടായ പ്രശ്‌നങ്ങളെക്കുറിച്ച് ഖുശ്ബു തുറന്ന് സംസാരിച്ചിരുന്നു. ദേശീയ വനിതാ കമ്മീഷന്‍ അംഗമായി ചുമതലയേറ്റതിന് പിന്നാലെയായിരുന്നു ഖുശ്ബുവിന്റെ തുറന്നു പറച്ചില്‍. എട്ട് വയസുമുതല്‍ തന്നെ പിതാവ് ലൈംഗികായി പീഡിപ്പിച്ചിരുന്നെന്നാണ് ഖുശ്ബു പറഞ്ഞത്.
നിറയെ സിനിമകള്‍ ഹിന്ദിയില്‍ ചെയ്തുവന്ന നടിക്ക് അപ്രതീക്ഷിത പരാജയങ്ങളും ഹിന്ദി സിനിമകളില്‍ ഉണ്ടായി. സിനി ഉലകം എന്ന യൂട്യൂബ് ചാനലില്‍ സുഹാസിനിയുമായി സംസാരിക്കുകയായിരുന്നു ഖുഷ്ബു. അഭിമുഖത്തില്‍ അച്ഛനുമായി അകന്ന് കഴിയേണ്ട വന്ന സാഹചര്യത്തെക്കുറിച്ചും താന്‍ തെന്നിന്ത്യയിലേക്ക് എത്തിയതിനെക്കുറിച്ചും ഖുഷ്ബു മനസുതുറക്കുന്നുണ്ട്. അച്ഛനെക്കുറിച്ചുള്ള ഖുഷ്ബുവിന്റെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
'ആ സമയത്ത് ബോളിവുഡില്‍ നല്ല സിനിമകളില്‍ ചെയ്യാന്‍ ഓഫറുകള്‍ ഉണ്ടായിരുന്നു. പക്ഷെ എന്റെ അച്ഛന് ആ സമയത്ത് കുറച്ച് അത്യാഗ്രഹമുണ്ടായിരുന്നു. ആര് കൂടുതല്‍ പണം തരുന്നോ അവരുടെ സിനിമയിലായിരിക്കും അഭിനയിക്കേണ്ടി വരിക. എന്നെ സംബന്ധിച്ചിടത്തോളം സിനിമ നല്ലതായിരിക്കണം എന്നേ ഉണ്ടായിരുന്നുള്ളു. അച്ഛന്‍ കുറച്ച് മോശം സിനിമകളില്‍ അസൈന്‍ ചെയ്തതോടെ അടുപ്പിച്ച് കുറച്ച് സിനിമകള്‍ പരാജയപ്പെട്ടു. അന്നു തൊട്ടേ അച്ഛനുമായി എനിക്ക് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു,' ഖുഷ്ബു പറയുന്നു.
14 വയസിലേ എനിക്ക് മനസിലായിരുന്നു ഇവര്‍ കൂടെ ഉണ്ടായാല്‍ കാര്യങ്ങള്‍ നടക്കില്ലെന്ന്. അതില്‍ നിന്ന് വിട്ടു പോന്നതില്‍ ഒരു വിഷമവും ഇന്നുവരെയുമില്ല. ചെന്നൈ വന്ന് 36 വര്‍ഷമായി. ഇത്രയും വര്‍ഷത്തില്‍ ഞാന്‍ അച്ഛനെ കണ്ടിട്ടേ ഇല്ല. അത് കഴിഞ്ഞാണ് തെന്നിന്ത്യയിലേക്ക് വരുന്നത്. ആദ്യം തെലുങ്കിലാണ് അഭിനയിച്ചതെന്നും ഖുഷ്ബു പറയുന്നു.

തെലുഗു നടന്‍ വെങ്കിടേഷ് തന്റെ അഭിനയം കണ്ട് കലിയുഗ പണ്ടാവ്‌ലു എന്ന ചിത്രത്തിലേക്ക് സജസ്റ്റ് ചെയ്യുകയായിരുന്നു. അതായിരുന്നു തെലുങ്കിലേക്കുള്ള തുടക്കം. അത് കഴിഞ്ഞ ഉടനെ തന്നെ നാഗാര്‍ജുനയുടെ കൂടെ അടുത്ത സിനിമയും കിട്ടി. അങ്ങനെ ആദ്യത്തെ തമിഴ് സിനിമ 1988ല്‍ ധര്‍മത്തില്‍ തലൈവന്‍ ആയിരുന്നു. പ്രഭു ആണ് തന്നെ ആ ചിത്രത്തിലേക്ക് സജസ്റ്റ് ചെയ്തത്. അദ്ദേഹം ആ സിനിമയില്‍ ജോഡിയെ അന്വേഷിച്ച് നടക്കുകയായിരുന്നു എന്നും ഖുഷ്ബു പറഞ്ഞു.
ആദ്യമായി സുഹാസിനിയെ കാണുന്നതും അപ്പോഴാണെന്നും എന്നാല്‍ അന്ന് കാണുമ്പോള്‍ പേടിയായിരുന്നെന്നും സുഹാസിനിയോട് പരിപാടിയില്‍ പറഞ്ഞു. വെട്രിവിഴ എന്ന സിനിമയില്‍ 1989ല്‍ കമല്‍ഹാസനൊപ്പം അഭിനയിച്ചു. ഇന്നും കമല്‍ ഹാസനൊപ്പം വലിയ സൗഹൃദമാണ് തനിക്ക് ഉള്ളതെന്നും ഖുഷ്ബു അഭിമുഖത്തില്‍ പറഞ്ഞു.


Click it and Unblock the Notifications











