അവർ ഇന്ന് ഉണ്ടായിരുന്നുവെങ്കിൽ ഇത് പറയുമോ?, സിൽക്കിനെപ്പോലെ ഇന്റലിജെന്റായ ഒരാളെ കണ്ടിട്ടില്ലെന്ന് ഖുശ്ബു!
ഇനി ഒരിക്കലും ഇന്ത്യൻ സിനിമയിൽ സംഭവിക്കാൻ സാധ്യതയില്ലാത്ത താരമാണ് സിൽക്ക് സ്മിത. ഏറ്റവും വിദഗ്ദമായി വിപണനം ചെയ്യപ്പെട്ട താര ശരീരം എന്നാണ് സിനിമയെ സ്നേഹിക്കുന്നവർ സിൽക്കിനെ കുറിച്ച് പറയാറുള്ളത്. കാരണം ജീവിച്ചിരുന്ന കാലത്ത് അത്രയേറെ ഒറ്റപ്പെടലുകൾ നടി അനുഭവിച്ചിരുന്നു. സിൽക്കിനെ വെച്ച് പണവും പ്രശസ്തിയും സമ്പാദിച്ചവർ പോലും അവസാനം ആ ശരീരം ആശുപത്രി വരാന്തയിൽ അനാഥമായി കിടന്നപ്പോൾ തിരിഞ്ഞ് നോക്കിയില്ല.
സ്വയം ജീവനൊടുക്കാമെന്ന നടിയുടെ തീരുമാനത്തിന് പിന്നിലെ കാരണം ഇപ്പോഴും വ്യക്തമല്ല. മലയാളത്തിലെ സൂപ്പർ താരങ്ങൾക്കൊപ്പം വരെ അഭിനയിച്ചിട്ടുള്ള നടിയെ കുറിച്ച് ഖുശ്ബു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. സിൽക്ക് സ്മിതയെപ്പോലെ ഇന്റലിജെന്റായ ഒരാളെ താൻ കണ്ടിട്ടില്ലെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ നടി ഖുശ്ബു പറഞ്ഞത്.

ഒരു നടിയെ കണ്ട് താൻ വാപൊളിച്ച് നിന്നിട്ടുണ്ടെങ്കിൽ അത് സിൽക്ക് സ്മിതയെ കണ്ടപ്പോൾ മാത്രമാണെന്നും ഖുശ്ബു പറയുന്നു. സ്വന്തം ശരീത്തിൽ വളരെ അധികം കംഫേർട്ടായും കോൺഫിഡന്റായും ജീവിച്ച ഒരാളെ പറയാൻ പറഞ്ഞാൽ ഞാൻ സിൽക്ക് സ്മിതയുടെ പേര് പറയും. സിൽക്ക് സ്മിതയെ മാത്രമെ ഞാൻ അങ്ങനെ കണ്ടിട്ടുള്ളു.
എല്ലാ സമയത്തും ഞാൻ അവരെ ആരാധിച്ചിട്ടുണ്ട്. ഒരു താരത്തെ കണ്ട് ഞാൻ അത്ഭുതപ്പെട്ട് വാ പൊളിച്ച് നിന്നിട്ടുണ്ടെങ്കിൽ അത് സിൽക്ക് സ്മിതയെ കണ്ടപ്പോൾ മാത്രമാണ്. 1984ൽ ഞാനും അർജുനും ചേർന്ന് ഒരു സിനിമ ചെയ്തിരുന്നു. അതിൽ ഒരു ശ്രദ്ധേയവേഷം സിൽക്ക് സ്മിതയും ചെയ്തിരുന്നു. പക്ഷെ ആ സിനിമ പുറത്ത് വന്നില്ല. ചിത്രീകരണം പാതി വഴിയിൽ മുടങ്ങി.
സെറ്റിൽ ചെന്നപ്പോൾ മാഡം വരാൻ പോവുകയാണെന്ന് പറഞ്ഞ് എല്ലാവരും ഓരോ കാര്യങ്ങൾ റെഡിയാക്കാൻ പരക്കം പായുകയാണ്. ഞാൻ ആ സമയത്ത് പുതുമുഖ നടിയാണ്. ആദ്യം ഒരു ചെയർ വന്നു. പിന്നാലെ അതിൽ ചിലർ ടവ്വൽ വിരിച്ചു. കസേരയോട് ചേർന്ന് ഒരു ടേബിളും ഉണ്ടായിരുന്നു. എല്ലാവരും മാഡം... മാഡം എന്ന് പറഞ്ഞ് അലേർട്ടായി നിൽക്കുന്നത് കണ്ടപ്പോൾ ആരാണ് ഈ മാഡം എന്ന് അറിയാൻ എനിക്കും ആകാംഷയായി.
ആളാരാണെന്ന് അറിയാൻ ഞാൻ ആകാംഷയോടെ നോക്കി നിൽക്കുന്നതിനിടയിൽ അവിടേക്ക് സിൽക്ക് സ്മിത കടന്ന് വന്നു. അവരെ കണ്ടതും ഞാൻ വാപൊളിച്ച് നിന്ന് പോയി. ഞാനും സിൽക്കും തമ്മിൽ നാലോ, അഞ്ചോ വയസ് വ്യത്യാസം മാത്രമേയുള്ളു. ഇത്രയും ഊഷ്മളതയുള്ള, അത്ഭുതകരമായ, ബുദ്ധിമതിയായ ഒരു സ്ത്രീയെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ലെന്നുമാണ് ഖുശ്ബു പറഞ്ഞത്.

നടിയുടെ വാക്കുകൾ നൂറ് ശതമാനവും ശരിയാണെന്നാണ് ഭൂരിഭാഗം കമന്റുകളും. ഇനിയൊരു സിൽക്ക് ഇന്ത്യൻ സിനിമയിൽ ഉണ്ടാകില്ലെന്നും കമന്റുകളുണ്ട്. സിൽക്ക് സ്മിത ഡസ്കി ബ്യൂട്ടിയാണ്. അവരുടെ ഫാഷൻ സെൻസും സ്റ്റൈലും രൂപഭംഗിയും ബോളിവുഡ് നടിമാർക്ക് പോലും ഉണ്ടായിരുന്നില്ല, ഇത്ര ശക്തമായ വ്യക്തിത്വവും സൗന്ദര്യവുമുള്ള സ്ത്രീ എന്തിനാണ് അവളുടെ ജീവൻ അവസാനിപ്പിച്ചത്? എന്നിങ്ങനെയായിരുന്നു കമന്റുകൾ. സിൽക്ക് ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ ഇതുപോലെ അവരെ പ്രശംസിക്കാൻ സിനിമാ താരങ്ങൾ തയ്യാറാകുമായിരുന്നോ?. അവരെ സോഷ്യൽമീഡിയയിൽ ഇട്ട് ഇതേ ആളുകൾ തന്നെ അപമാനിച്ചേനെയെന്നും കമന്റുകളുണ്ട്.
ആന്ധ്രപ്രദേശിൽ ജനിച്ച് വളർന്ന സിൽക്കിന് വലിയ വിദ്യാഭ്യാസം ഇല്ലായിരുന്നുവെങ്കിലും ഇംഗ്ലീഷ് അടക്കം എല്ലാ ഭാഷകളും അനായാസം കൈകാര്യം ചെയ്യുമായിരുന്നു. മുപ്പത്തിയഞ്ചാമത്തെ വയസിലായിരുന്നു മരണം. ഹിറ്റ്ലിസ്റ്റ് എന്ന സിനിമയിലാണ് അവസാനമായി മലയാളത്തിൽ സിൽക്ക് സ്മിത അഭിനയിച്ചത്.


Click it and Unblock the Notifications











