'നിങ്ങളെയല്ലാതെ മറ്റാരെയും ചിന്തിക്കാൻ കഴിയില്ല, എന്ത് സൗകര്യവും ചെയ്യാം'; ദൃശ്യത്തിലെ റോൾ മീന നിരസിച്ചപ്പോൾ!
1982ൽ നടികർ തിലകം ശിവാജി ഗണേശനെ നായകനാക്കി പുറത്തിറങ്ങിയ നെഞ്ചങ്ങൾ എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ചതാണ് നടി മീന. പിന്നീട് അൻപുള്ള രജനികാന്ത് എന്ന ചിത്രത്തിൽ സൂപ്പർസ്റ്റാർ രജനികാന്തിനൊപ്പം ബാലതാരമായി അഭിനയിച്ചു.
ഇരുപതിലധികം സിനിമകളിൽ ബാലതാരമായി അഭിനയിച്ച മീന പതിനാലാം വയസ് മുതലാണ് നായിക വേഷം ചെയ്ത് തുടങ്ങിയത്. 1990ൽ നവയുഗം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് മീന നായികയായി അരങ്ങേറ്റം കുറിച്ചത്.
ശേഷം ഒരു പുതിയ കഥൈ എന്ന ചിത്രത്തിലൂടെ തമിഴിലും നായികയായി. നടൻ രാജ്കിരണിനൊപ്പം എൻ രാജവിൻ മനസ്സിലെ എന്ന ചിത്രത്തിൽ ചോലൈയമ്മ എന്ന കഥാപാത്രത്ത അവതരിപ്പിച്ചതോടെ മീനയുടെ സ്വീകാര്യത വർധിച്ചു. 1993ൽ സൂപ്പർ സ്റ്റാർ രജനികാന്തിന്റെ യജ്മാനിൽ അഭിനയിച്ചതോടെ മുൻനിര നടിയായി മീന മാറി.

പിന്നീട് അങ്ങോട്ട് നായികയായി തുടരെ തുടരെ അവസരങ്ങൾ മീനയെ തേടിയെത്തി. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിലായി നിരവധി മുൻനിര താരങ്ങൾക്കൊപ്പം അഭിനയിച്ചു. രജനികാന്ത്, കമൽഹാസൻ, വിജയകാന്ത്, ശരത്കുമാർ, അർജുൻ, അജിത്ത്, മോഹൻലാൽ, മമ്മൂട്ടി തുടങ്ങി നിരവധി മുൻനിര താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട് മീന.
മലയാളത്തിൽ മീന ചെയ്ത സിനിമകളെല്ലാം വലിയ ഹിറ്റാണ്. മീനയുടെ അമ്മ മലയാളിയാണ്. എന്നാൽ മീന ജനിച്ചതും വളർന്നതുമെല്ലാം തമിഴ്നാട്ടിലായിരുന്നു. നായികയായി തിളങ്ങി നിൽക്കുന്ന കാലത്താണ് 2009ൽ ബാംഗ്ലൂരിൽ സോഫ്റ്റ്‌വേര്‍ രംഗത്തെ വ്യവസായിയായിരുന്നു വിദ്യാസാഗറിനെ മീന വിവാഹം ചെയ്യുന്നത്.
പതിമൂന്ന് വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം കഴിഞ്ഞ വർഷമാണ് വിദ്യാസാഗർ മരിച്ചത്. ഭർത്താവിന്റെ പെട്ടന്നുള്ള വേർപാട് മീനയേയും ഏക മകളേയും വല്ലാതെ തളർത്തിയിരുന്നു. ഇപ്പോൾ താരം വീണ്ടും ഷൂട്ടിങ് തിരക്കുകളിൽ മുഴുകി ഭർത്താവിന്റെ വിയോഗം സൃഷ്ടിച്ച വേദനയിൽ നിന്നും കരകയറി വരികയാണ്. കുറച്ച് വര്‍ഷങ്ങളായി ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടര്‍ന്ന് വിദ്യാസാഗര്‍ ചികിത്സയിലായിരുന്നു.
ഇതിനിടെയാണ് കോവിഡ് പിടിപെട്ടത്. കോവിഡ് മുക്തനായെങ്കിലും പിന്നീട് വിദ്യാസാഗറിന്റെ ആരോഗ്യസ്ഥിതി വഷളാകുകയായിരുന്നു. അണുബാധ രൂക്ഷമായതിനെത്തുടര്‍ന്ന് ശ്വാസകോശം മാറ്റിവെയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാന്‍ വൈകി.

പൊതുവെ വിവാഹം കഴിഞ്ഞാൽ നായികമാർ അഭിനയം ഉപേക്ഷിക്കുന്ന രീതിയാണ് കണ്ടുവരാറുള്ളത്. മീന പക്ഷെ അഭിനയത്തിന് ഫുൾ സ്റ്റോപ്പിട്ടില്ല. ഭർത്താവിന്റെ പിന്തുണയും ഉണ്ടായിരുന്നതിനാൽ നായികയായും സഹനടിയായുമെല്ലാം മീന അഭിനയിച്ചു. പിന്നീട് മകൾ നൈനിക ജനിച്ചതോടെ സിനിമയിൽ നിന്ന് താത്കാലികമായി മീന വിടപറഞ്ഞു.
ആ സമയത്താണ് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം എന്ന മലയാള സിനിമയിൽ അഭിനയിക്കാൻ നിർമ്മാതാവ് മീനയെ സമീപിച്ചത്. പക്ഷെ മീന എതിർത്തു. മോഹൻലാൽ-മീന ജോഡിക്കുള്ള സ്വീകാര്യത മനസിലാക്കിയാണ് റാണി ജോർജായി അഭിനയിക്കാൻ ദൃശ്യം ടീം മീനയെ ക്ഷണിച്ചത്.
ഏക മകൾക്ക് രണ്ട് വയസ് മാത്രമെ പ്രായമുള്ളുവെന്ന കാരണം കൊണ്ടാണ് മീന ദൃശ്യത്തിൽ അഭിനയിക്കുന്നില്ലെന്ന തീരുമാനത്തിലേക്ക് എത്തിയത്. താൻ ഷൂട്ടിങിന് പോകുന്ന അവസരങ്ങളിൽ മകളെ ശ്രദ്ധിക്കാൻ പറ്റാതെയാകുമോ എന്നതായിരുന്നു മീനയുടെ ടെൻഷൻ. എന്നാൽ ദൃശ്യം ടീം മീന തന്നെ അഭിനയിക്കണമെന്ന തീരുമാനത്തിൽ ഉറച്ച് നിന്നു.
'നിങ്ങളെയല്ലാതെ മറ്റാരെയും റാണി എന്ന കഥാപാത്രമായി ചിന്തിക്കാൻ കഴിയില്ല. അതുകൊണ്ട് അൽപ്പം അഡ്ജസ്റ്റ് ചെയ്ത് അഭിനയിക്കൂ. എന്ത് സൗകര്യം വേണമെങ്കിലും ഷൂട്ടിങ് സ്പോട്ടിൽ ചെയ്ത് തരാമെന്നും', പറഞ്ഞതോടെയാണ് ദൃശ്യത്തിൽ അഭിനയിക്കാമെന്ന് മീന സമ്മതിച്ചതെന്നാണ് റിപ്പോർട്ട്.


Click it and Unblock the Notifications