അറ്റ്‌ലീ വന്നത് മകള്‍ക്ക് വേണ്ടി, എനിക്കത് മനസിലായില്ല; അന്ന് തനിക്ക് അബദ്ധം പറ്റിയെന്ന് മീന !
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മീന. മലയാളത്തിലും തമിഴിലും തെലുഗിലും ഹിന്ദിയിലും അഭിനയിച്ച മീന തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിപ്പെട്ട നടിയാണ്. ബാലതാരമായാണ് മീന സിനിമയിലേക്ക് എത്തുന്നത്. നെഞ്ചങ്ങള്‍ എന്ന ശിവാജി ഗണേശ് ചിത്രത്തിലായിരുന്നു തുടക്കം. പിന്നീട് എങ്കെയോ കേട്ട കുരല്‍, അന്‍പുള്ള രജിനികാന്ത് എന്നീ ചിത്രങ്ങളില്‍ രജിനികാന്തിനൊപ്പം ബാലതാരമായി മീന അഭിനയിച്ചു.
മലയാളത്തിലും ബാലതാരമായി എത്തിയ മീന നിരവധി സിനിമകളില്‍ അഭിനയിച്ചു. ഇപ്പോഴിതാ വിജയ് ചിത്രമായ തെരിയില്‍ മകള്‍ നൈനിക അഭിനയിച്ചതിനെക്കുറിച്ച് പറയുകയാണ് മീന സിനിഉലഗം എന്ന യൂട്യൂബ് ചാനലില്‍ സുഹാസിനി നടത്തിയ അഭിമുഖത്തിലാണ് മീന തന്റെ മകള്‍ അഭിനയിച്ച അനുഭവം പങ്കുവെക്കുന്നത്.

പ്രൊഡ്യൂസര്‍ ധാനു സാറിന്റെ ഓഫീസില്‍ നിന്ന് ഒരിക്കല്‍ എനിക്ക് കോള്‍ വന്നു. അറ്റലീക്ക് എന്നെ കാണണം എന്ന് പറഞ്ഞു. സ്വഭാവികമായും തന്നോട് കഥപറായനാണ് എന്നാണ് വിചാരിക്കുന്നത്. കാണാമല്ലോ, വരാന്‍ പറയൂ എന്ന് പറഞ്ഞു. സമയം ഒക്കെ പറഞ്ഞു, അറ്റ്‌ലീ വന്നു കണ്ടു. ആദ്യമൊക്കെ അദ്ദേഹത്തിനും ഇങ്ങനെ പറയാന്‍ ഒരു ബുദ്ധിമുട്ട് ഒക്കെ ഉണ്ടായിരുന്നു എന്ന് മീന പറയുന്നു.
'കഥ ചോദിച്ചപ്പോള്‍ അറ്റ്‌ലീ പറഞ്ഞു, അന്‍പുള്ള രജിനികാന്ത് പോലെ ഒരു സിനിമയാണെന്ന്. അതില്‍ എന്ത് കാരക്ടറായിരിക്കും എന്നോട് പറയാന്‍ പോകുന്നത് എന്നാണ് താന്‍ ആദ്യം ആലോചിച്ചത്. വിജയ് സര്‍ ഒരു പൊലീസ് ഇന്‍സ്‌പെക്ടര്‍ ആണ്, അദ്ദേഹത്തിന് ഒരു ചെറിയ മകളുണ്ട്. ആ കുട്ടിയെ ചുറ്റിപ്പറ്റിയാണ് കഥ എന്നൊക്കെ അറ്റലീ പറഞ്ഞു. ഞാന്‍ ആലോചിച്ചത്, കുട്ടിയോ? ഞാന്‍ എങ്ങനെ കുട്ടിയായി അഭിനയിക്കും എന്നാണ്,' മീന പറയുന്നു.
നിങ്ങള്‍ പറഞ്ഞുവരുന്നത് മനസിലായില്ല എന്ന് ഞാന്‍ അറ്റലീയോട് പറഞ്ഞു. അപ്പോഴാണ് അറ്റലീ പറഞ്ഞത്, നിങ്ങള്‍ക്ക് ഒരുകുട്ടി ഉണ്ടെന്ന് കേട്ടിരുന്നു എന്ന്. അപ്പോഴാണ് നൈനികയ്ക്ക് വേണ്ടിയാണ് ഇവര്‍ വന്നത് എന്ന് തനിക്ക് മനസിലായതെന്ന്. മൂന്ന്-നാല് വയസുള്ള കുട്ടിയാണ്. അവള്‍ ഇങ്ങനെ ചെയ്യുമോ എന്ന് പോലും അറിയില്ലായിരുന്നു എന്നും മീന പറയുന്നു.
'പക്ഷെ ഞാനും ആ സമയത്ത് അതുപോലെ തന്നെ ആയിരുന്നു ഉണ്ടായിരുന്നത്. സിനിമ പോലും അധികം കാണാത്ത കുട്ടിയാണ്. അവള്‍ക്ക് ഇതിനെ പറ്റിയൊന്നും ഒരു ഐഡിയയും ഇല്ല. നിനക്ക് താത്പര്യമുണ്ടോ, ഇത് ചെയ്യുന്നോ എന്നൊന്നും അവളോടും ചോദിക്കാന്‍ പറ്റുന്ന പ്രായമല്ല. എന്റെ ഭര്‍ത്താവിനോട് ചോദിച്ചപ്പോള്‍ പുള്ളിയും പറഞ്ഞു, എനിക്ക് അറിയില്ല, നിനക്കല്ലേ സിനിമയെക്കുറിച്ചൊക്കെ കൂടുതല്‍ അറിയാവുന്നത്. നീ തന്നെ ഒരു തീരുമാനം എടുക്ക് എന്ന്,' മീന ഓര്‍ത്തെടുക്കുന്നു.
പിന്നെ ചിന്തിച്ചത് ഒരു ഓര്‍മയ്ക്ക് ഒരേ ഒരു സിനിമ ചെയ്യാം. എപ്പോള്‍ കണ്ടാലും അവള്‍ക്ക് ആ പ്രായം തന്നെ ആയിരിക്കുമല്ലോ. അങ്ങനെ നോക്കാം എന്ന് പറയുകയായിരുന്നു. ഡയലോഗ് ഒക്കെ മലയാളം കലര്‍ന്ന തമിഴ് ആയിരുന്നു. ഇവള്‍ക്ക് വാക്കുകള്‍ മര്യാദയ്ക്ക് പറയാന്‍ പോലും അറിയില്ല. അങ്ങനെ ട്രയല്‍ എടുത്ത് നോക്കുന്ന സമയത്ത് ഞാന്‍ അറ്റലീയോട് പറഞ്ഞു, അറ്റ്‌ലീ, എടുത്തിട്ട് ശരിയായില്ലെങ്കില്‍ ആരോടും പറയരുത്, എന്നൊക്കെ. പക്ഷെ തന്നേക്കാളും അദ്ദേഹത്തിനായിരുന്നു കോണ്‍ഫിഡന്‍സ് എന്നും മീന പറയുന്നു.

അങ്ങനെ ഡയലോഗ് ഒക്കെ അവള്‍ക്ക് പറഞ്ഞുകൊടുത്തു, ഈ അങ്കിള്‍ ഇങ്ങനെ പറയുമ്പോള്‍ മോള്‍ ഇതുപോലെ മറുപടി പറയണം എന്നൊക്കെ പറഞ്ഞാണ് അഭിനയിച്ചൊക്കെ കാണിച്ച് കൊടുത്തത്. ഫസ്റ്റ് ഡേ റിഹേഴ്‌സലിന് അദ്ദേഹം ഡയലോഗ് പറഞ്ഞു, അവള്‍ തിരിച്ചു പറഞ്ഞു, അങ്ങനെ ആ ഫുള്‍ സീന്‍ രണ്ട് പേരും ഒറ്റയടിക്ക് റിഹേഴ്‌സലില്‍ പറഞ്ഞു. ഞാന്‍ ശരിക്കും ഞെട്ടിപ്പോയി.
വിജയ്ക്കും ആദ്യം ഒന്നും മനസിലായില്ല. അദ്ദേഹം എന്നെ നോക്കിയിട്ട്, എന്താ ഇത് എന്ന് അത്ഭുതത്തോടെ ചോദിച്ചു. ഞാന്‍ എനിക്ക് ഒന്നും മനസിലാവുന്നില്ലെന്ന് പറഞ്ഞു. അത് പറഞ്ഞ് കഴിഞ്ഞപ്പോള്‍ വിജയ് ആദ്യം കൈയ്യടിച്ചു. പിന്നാലെ സെറ്റ് മുഴുവന്‍ കൈയ്യടിച്ചു. അതൊക്കെ കണ്ടപ്പോഴേക്കും അവള്‍ക്കും താത്പര്യമായി. എല്ലാവരും എന്നെ നോക്കി കൈയ്യടിക്കുന്നല്ലോ എന്നൊക്കെ ആയെന്നും മീന പറഞ്ഞു. തെരിയില്‍ അഭിനയിച്ചത് നല്ല ഒരു അനുഭവം ആയിരുന്നെന്നും മീന പറഞ്ഞു.


Click it and Unblock the Notifications