വിവാഹ ശേഷവും വിശ്രമം വേണ്ടെന്ന് നയൻതാര; തിരക്കോട് തിരക്ക്
തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാറായ നയൻതാര ഇൻഡസ്ട്രിയിൽ തിരക്കേറിയ സമയത്താണ്. ഒരു വശത്ത് സൂപ്പർ സ്റ്റാർ ചിത്രങ്ങളിലെ നായികയായും മറുവശത്ത് നടി തന്നെ പ്രധാന കഥാപാത്രമായെത്തുന്ന സിനിമകളിലൂടെയും നയൻതാര തുടരെ പ്രക്ഷേകർക്ക് മുമ്പിലെത്തുകയാണ്. ഹോട്സ്റ്റാറിൽ ഇറങ്ങിയ ഒ2 വാണ് അവസാനം പുറത്തിറങ്ങിയ സിനിമ. ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.
അതിന് മുമ്പ് പുറത്തിറങ്ങിയ കാതുവാക്കല രണ്ട് കാതൽ ബോക്സ് ഓഫീസ് വിജയം നേടിയിരുന്നു. നയൻതാരയുടെ ഭർത്താവായ വിഘ്നേശ് ശിവനാണ് ചിത്രം സംവിധാനം ചെയ്തത്. സമാന്തയായിരുന്നു ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. നടൻ വിജയ് സേതുപതിയുടെ നായികമാരായാണ് ഇരുവരും ചിത്രത്തിലെത്തിയത്. കൺമണി, ഖദീജ എന്നീ രണ്ട് കഥാപാത്രങ്ങളെയാണ് നയൻസും സമാന്തയും യഥാക്രമം അവതരിപ്പിച്ചത്.

ജൂൺ 9 നാണ് നയൻതാര വിഘ്നേശ് ശിവനുമായി വിവാഹം കഴിച്ചത്. മഹാബലിപുരത്ത് നടന്ന താര നിബിഡമായ ചടങ്ങിലായിരുന്നു വിവാഹം. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ, രജനീകാന്ത്, ഷാരൂഖ് ഖാൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തിരുന്നു. വിവാഹശേഷം തായ്ലന്റിൽ ഹണിമൂൺ ട്രിപ്പിന് പോയ ദമ്പതികൾ കുറച്ചു ദിവസങ്ങൾക്കുള്ളിൽ തിരിച്ചെത്തുകയും ചെയ്തു.
തിരിച്ചെത്തിയ ഉടനെ നേരെ മുംബൈയിലേക്കാണ് നയൻതാര പോയത്. അടുത്തതായി അഭിനയിക്കുന്ന ജവാൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് നയൻസ് മുബൈയിൽ എത്തിയത്. ഷാരൂഖ് ഖാനാണ് ചിത്രത്തിലെ നായകൻ. നടി ആദ്യമായാണ് ഷാരൂഖിനൊപ്പം അഭിനയിക്കുന്നത്. തമിഴ് സംവിധായകൻ അറ്റ്ലിയാണ് ചിത്രം ഒരുക്കുന്നത്.

വിവാഹ ശേഷവും കരിയറിൽ വിശ്രമം വേണ്ടെന്നാണ് നയൻസിന്റെ തീരുമാനമെന്നാണ് സിനിമാ ലോകത്ത് നിന്നുള്ള വിവരം. നടിയുടെ 75ാം ചിത്രവും ഇന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. സംവിധായകൻ ശങ്കറിന്റെ അസിസ്റ്റന്റ് ഡയരക്ടറായിരുന്ന നിലേഷ് കൃഷ്ണയാണ് ചിത്രം ഒരുക്കുന്നത്. ഷൂട്ടിംഗ് തുടങ്ങാനിരിക്കുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിട്ടില്ല. സീ സ്റ്റുഡിയോസ് ആണ് ചിത്രം ഒരുക്കുന്നത്.
74 ചിത്രങ്ങളിൽ ഇതിനകം അഭിനയിച്ച നയൻതാര നീണ്ട 19 വർഷമായി സിനിമാ രംഗത്തുണ്ട്. ഇത്രയധികം കാലം മുൻനിര നായികയായ തെന്നിന്ത്യയിലോ ബോളിവുഡിലോ നിറഞ്ഞു നിന്ന നായികമാർ ഇല്ലെന്ന് തന്നെയാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്.
കരിയറിന്റെ ഉയർച്ചയും താഴ്ചയും എല്ലാം നേരിട്ട നയൻസിനെ മികച്ച പ്രൊഫഷണൽ ആയാണ് സിനിമാ ലോകം കാണുന്നത്. അതേ സമയം വിവാഹ ശേഷം ചെയ്യുന്ന സിനിമകൾ നയൻസ് ശ്രദ്ധിച്ചേ തെരഞ്ഞെടുക്കൂ എന്നും വിവരമുണ്ട്. ഗ്ലാമറസ് റോളുകൾ ചെയ്യാൻ നടി ഇനി താൽപര്യപ്പെടുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.

വിഘ്നേശിനൊപ്പം സിനിമാ പ്രൊഡക്ഷനിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും നടി ഒരുങ്ങുന്നുണ്ട്. മികച്ച സിനിമകൾ തമിഴകത്ത് ഇറക്കാനാണ് ഇരുവരും ശ്രമിക്കുന്നതെന്നാണ് വിവരം. കൊമേഴ്ഷ്യൽ സിനിമകളുടെ സംവിധായകനാണ് വിഘ്നേശ്. നടൻ ആദ്യം സംവിധാനം ചെയ്ത ചിത്രമായ നാനും റൗഡി താൻ വൻ ഹിറ്റായിരുന്നു. നയൻതാരയായിരുന്നു ചിത്രത്തിലെ നായിക.
Recommended Video
ചിത്രത്തിലെ അഭിനയത്തിന് നയൻതാരയ്ക്ക് ആ വർഷത്തെ മികച്ച തമിഴ് നടിക്കുള്ള ഫിലിം ഫെയർ പുരസ്കാരവും ലഭിച്ചു. മലയാളത്തിൽ ഗോൾഡ് എന്ന ചിത്രമാണ് നയൻതാരയുടേതായി പുറത്തിറങ്ങാനുള്ളത്. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥിരാജാണ് നായകൻ.


Click it and Unblock the Notifications