മുടങ്ങാത്ത വ്യായാമം, ഒപ്പം ഡയറ്റിംഗും; നയൻതാരയുടെ സൗന്ദര്യ സംരക്ഷണം ഇങ്ങനെ
തെന്നിന്ത്യയിലെ താരറാണിയാണ് നയൻതാര. ഇരുപത് വർഷത്തോടടുക്കുന്ന കരിയറിൽ നയൻസ് നേടിയെടുത്ത നേട്ടങ്ങൾ നിരവധി ആണ്. തെന്നിന്ത്യയിൽ ഇന്ന് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയാണ് നയൻതാര. പത്തു കോടിക്കടുത്താണ് നടിയുടെ പ്രതിഫലം എന്നാണ് റിപ്പോർട്ടുകൾ. സൂപ്പർസ്റ്റാർ ചിത്രങ്ങളിലും സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങളിലും ഒരുപോലെ അഭിനയിക്കുന്ന നയൻസ് താരമൂല്യം കാത്തു സൂക്ഷിക്കുന്നതിൽ എപ്പോഴും ശ്രദ്ധ കാണിച്ചിരുന്നു.
തുടക്ക കാലത്ത് ഗ്ലാമറസ് റോളുകൾ ചെയ്ത നയൻതാര അന്നത്തെ ടോപ് ഹീറോയിനായി. പിന്നീട് കരിയറിൽ ചില പാളിച്ചകൾ പറ്റിയപ്പോഴും നടി പിന്തിരിയാതെ നിലനിന്നു. 2013 ന് ശേഷം അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ നയൻതാരയെ തേടി വരാൻ തുടങ്ങി.
രാജാ റാണി, മായ, നാനും റൗഡി താൻ, ഇരുമുഖൻ, തനി ഒരുവൻ തുടങ്ങി ഹിറ്റുകളുടെ ഒരു വൻനിര നയൻ താര ബിഗ് സ്ക്രീനിൽ സമ്മാനിച്ചു. ഇതോടെ ലേഡി സൂപ്പർ സ്റ്റാർ എന്ന പദവിയും നയൻതാരയെ തേടിയെത്തി.

ഇന്ന് തമിഴിൽ ഏറ്റവും താരമൂല്യമുള്ള നടി മലയാളത്തിലും തെലുങ്കിലും ഇടയ്ക്ക് സിനിമകൾ ചെയ്യുന്നുണ്ട്. ലൂസിഫറിന്റെ തെലുങ്ക് പതിപ്പായ ഗോഡ്ഫാദറിൽ നയൻതാരയാണ് നായിക. മലയാളത്തിൽ മഞ്ജു വാര്യർ ചെയ്ത വേഷമാണ് ഗോഡ്ഫാദറിൽ നയൻസ് ചെയ്യുന്നത്. പൃഥിരാജിനൊപ്പം എത്തുന്ന ഗോൾഡ് ആണ് നടിയുടെ അടുത്ത മലയാള സിനിമ. ചിത്രം ഓണം റിലീസ് ആയിരിക്കുമെന്നാണ് വിവരം.
കരിയറിലെ മാറ്റം പോലെ തന്നെ നയൻതാരയുടെ ലുക്കിലും ഇക്കഴിഞ്ഞ വർഷങ്ങളിൽ വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. ചിട്ടയായ ഡയറ്റിംഗും വ്യായാമവും പിന്തുടരുന്ന നടിയാണ് നയൻസ്. വർക്ക് ഔട്ടും യോഗയും നടി മുടക്കുന്നത് അപൂർവമാണ്. ഭക്ഷണത്തിലും വലിയ ശ്രദ്ധ നടിക്കുണ്ട്.

കഠിനമായ ഡയറ്റിംഗ് നയൻസ് ചെയ്യില്ല. എല്ലാ തരത്തിലുള്ള ഭക്ഷണവും മിതമായ അളവിൽ താരം കഴിക്കും. പഞ്ചസാര ഉപയോഗിക്കാറില്ല. ധാരാളം കോക്കനട്ട് വാട്ടറും നയൻസ് കുടിക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന റിപ്പോർട്ട്.
ഇതിന് പുറമെ സൗന്ദര്യ സംരക്ഷണത്തിന്റെ ഭാഗമായി സൺ സ്ക്രീൻ, മോയ്സ്ച്വറൈസർ, എന്നിവ നടി ഉപയോഗിക്കും. ധാരാളം വെള്ളം കുടുക്കുന്നതാണ് ചർമ്മം സംരക്ഷിക്കാൻ നടി ചെയ്യുന്ന മറ്റൊരു കാര്യം. താര റാണിയായ നയൻസ് പണ്ട് മുതലേ ഫിറ്റ്നസ്, സൗന്ദര്യ കാര്യത്തിൽ വലിയ ശ്രദ്ധ പുലർത്തുന്ന താരമാണ്. സോഷ്യൽ മീഡിയയിൽ ഇല്ലാത്തതിനാൽ തന്നെ സിനിമകൾക്കപ്പുറം ഇത്തരം കാര്യങ്ങളൊന്നും നയൻസ് ആരാധകരുമായി പങ്കുവെക്കാറില്ല.


Click it and Unblock the Notifications