തെന്നിന്ത്യൻ സിനിമയുടെ പ്രിയപ്പെട്ട 'അത്ത'; പാർവൈ മുനിയമ്മ അന്തരിച്ചു
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ താരം പാർവൈ മുനിയമ്മ അന്തരിച്ചു. 83 വയസ്സായിരുന്നു. മധുരയിലെ സ്വകാര്യ വസതിയിൽ വച്ചായിരുന്നു അന്ത്യം.വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ഏറെ നാളുകളായി ചികിത്സയിലായിരുന്നു താരം. അഭിനേത്രി എന്നതിലുപരി നടൻപാട്ട് കലാകാരി കൂടിയാണ് മുനിയമ്മ.

ക്ഷേത്ര നാടൻ പാട്ടുകളിൽ നിന്നാണ് തന്റെ കലാജീവിതം ആരംഭിക്കുന്നത്. ലക്ഷമൺ ശ്രുതിഎന്ന ട്രൂപ്പിൽ അംഗമായതോടെയാണ് മിനിയമ്മയുടെ പാട്ടുകൾ ഏറെ ശ്രദ്ധനേടിയത്. തുടർന്ന് കോളിവുഡിലേയ്ക്ക് ക്ഷണം ലഭിക്കുകയായിരുന്നു.
ചിയാൻ-ജ്യോതിക പ്രധാന കാഥാപാത്രങ്ങളായി എത്തിയ ധൂളിലൂടെയായിരുന്നു മുനിയമ്മയുടെ സിനിമ പ്രവേശനം. 2003 ൽ പുറത്തിറങ്ങിയ ചിത്രം തിയേറ്ററുകളിൽ സൂപ്പർ ഹിറ്റായിരുന്നു. ചിത്രത്തിൽ മുനിയമ്മയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിൽ മുനിയമ്മ പാടി അഭിനയിച്ച സിങ്കം പോലെ എന്ന തുടങ്ങുന്ന ഗാനം ഇപ്പോഴും സോഷ്യൽ മീഡിയയിലും തമിഴ് സിനിമ കോളങ്ങളിലും വൈറലാണ്.
തമിഴ് പ്രേക്ഷകർക്ക് മാത്രമല്ല മലയാളികളുടേയും പ്രിയപ്പെട്ട താരമാണ് പാർവൈ മുനിയമ്മ. നിരവധി മലയാള ചിത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിരുന്നു. 2010 ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ മധുരരാജയിലൂടെയായിരുന്നു മുനിയമ്മയുടെ മോളിവുഡ് അരങ്ങേറ്റം. ചിത്രത്തിലെ മുനിയമ്മയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തൊരണൈ, കോവിൽ, തമിഴ് പടം, വെങ്കൈ, വീരം , ഒരു സെക്കന്റ് ക്ലാസ് യാത്ര എന്നിങ്ങനെ മലയാളത്തിലും തമിഴിലുമായി മുപ്പതോളം ചിത്രങ്ങളിൽ താരം അഭിനയിക്കുകയും ഒപ്പം പാട്ട് പാടുകയും ചെയ്തിട്ടുണ്ട്.
ആരോഗ്യ പ്രശ്നത്തെ തുടർന്ന് 2017 മുതൽ മുനിയമ്മ സിനിമയിൽ സജീവമായിരുന്നില്ല. തമിഴ് താരങ്ങളായ വിശാൽ, ധനുഷ്, ശിവകാർത്തികേയൻ എന്നിവരായിരുന്നു താരത്തിന്റെ ചെലവുകൾ നോക്കിയിരുന്നത്. ജി.ആർ വെൽഫെയർ ഫൗണ്ടേഷന്റെ ഭാഗമായി അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത മുനയമ്മയ്ക്ക് 6 ലക്ഷം രൂപ നൽകിയിരുന്നു. കൂടാതെ 2012 ൽ തമിഴ്നാട് സർക്കാർ കലൈമണി പുരസ്കാരവും നൽകി ആദരിച്ചിരുന്നു. മുനിയമ്മയുടെ മരണവാർത്ത ഞെട്ടലോടെയാണ് തെന്നിന്ത്യൻ സിനിമ ലോകം ശ്രവിച്ചത്.


Click it and Unblock the Notifications











