'അന്ന് മക്കൾ എന്നെ മിസ് ചെയ്തിരുന്നു, ആ സ്നേഹം വീണ്ടും അഭിനയിക്കാമെന്ന തീരുമാനത്തിൽ എത്തിച്ചു'; നടി രംഭ!
സർഗത്തിലെ തങ്കമണിയായി വന്ന് ബോളിവുഡിൽ അടക്കം ശ്രദ്ധനേടിയ നടിയാണ് രംഭ. 1990കളിൽ തമിഴിലും മലയാളത്തിലും തിളങ്ങിയ മുൻനിര നടി കൂടിയായിരുന്നു താരം. ഉള്ളത്തെ അള്ളിട്ട എന്ന ചിത്രത്തിലൂടെയാണ് നടി രംഭ അഭിനയരംഗത്തെത്തിയത്.
അതിനുശേഷം ചെങ്കോട്ട, സോഡിയാക്, ഇലക്ട്രിക് കണ്ണ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അവർ അഭിനയിച്ചു. സൂപ്പർസ്റ്റാറുകളായ രജിനികാന്ത്, ഉലകനായകൻ കമൽഹാസൻ, ദളപതി വിജയ്, അജിത് കുമാർ തുടങ്ങി എല്ലാ മുൻനിര താരങ്ങളുമായും വെള്ളിത്തിരയിൽ നായിക വേഷം ചെയ്യാൻ രംഭയ്ക്ക് സാധിച്ചിരുന്നു.
വിവാഹത്തോടെ അഭിനയം ഉപേക്ഷിച്ച രംഭ കുടുംബത്തോടൊപ്പം കാനഡയിലാണ് താമസിക്കുന്നത്. മൂന്ന് മക്കളാണ് താരത്തിന്. നാൽപ്പത്തിയേഴുകാരിയായ രംഭ അഭിനയത്തിലേക്ക് തിരികെ വരാനുള്ള തയ്യാറെടുപ്പിലാണ്.

തെലുങ്ക് സിനിമയിൽ നിന്നും ഇതിനോടകം തന്നെ നിരവധി ഓഫറുകൾ താരത്തെ തേടി വന്നിരുന്നുവെങ്കിലും തമിഴ് സിനിമകളിലൂടെ വീണ്ടും അഭിനയിച്ച് തുടങ്ങണമെന്നതാണ് നടിയുടെ ആഗ്രഹം. ആദ്യ സിനിമയായ സർഗത്തിൽ അഭിനയിക്കാൻ വരുമ്പോൾ വെറും പതിനഞ്ച് വയസ് മാത്രമായിരുന്നു രംഭയുടെ പ്രായം.
1993ൽ ഉഴവൻ എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമയിൽ താരം അരങ്ങേറിയത്. പിന്നീടുള്ള 15 വർഷക്കാലം രംഭ നായികയായി തിളങ്ങി നിന്നു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഭോജ്പുരി, ഹിന്ദി തുടങ്ങി ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലുമായി നൂറിലധികം സിനിമകളിൽ രംഭ അഭിനയിച്ചിട്ടുണ്ട്.
തമിഴിൽ ഉള്ളത്തെ അള്ളിത്ത എന്ന സിനിമ ചെയ്തശേഷം യുവാക്കളുടെ സ്വപ്ന സുന്ദരിയായിരുന്നു രംഭ. വിവാഹശേഷം അഭിനയം ഉപേക്ഷിച്ച് കുട്ടികളും ഭർത്താവുമായും സന്തോഷത്തോടെ ജീവിക്കുന്ന രംഭ ആരാധകർക്കായി സോഷ്യൽനമീഡിയ വഴി വിശേഷങ്ങൾ പങ്കിടാറുണ്ട്. ഇപ്പോഴിതാ താൻ വീണ്ടും അഭിനയത്തിലേക്ക് വരാനുള്ള സാധ്യതകളുണ്ടെന്ന് പറയുകയാണ് രംഭ.
അഭിനയത്തിലേക്ക് മടങ്ങി വരുന്നതിനെ കുറിച്ച് സംസാരിച്ച് രംഭ പറഞ്ഞത് ഇങ്ങനെയാണ്... 'സിനിമയിൽ വളരെ കുറച്ച് ആളുകൾക്ക് ലഭിക്കുന്ന ഒന്നാണ് എനിക്ക് കിട്ടിയ സ്വീകാര്യതയും പ്രശസ്തിയും. അതിനെക്കുറിച്ച് ചിന്തിക്കുന്നത് എനിക്ക് എപ്പോഴും അഭിമാനമാണ്.'

'വിവാഹത്തിന് ശേഷം ഞാൻ ടിവിയിൽ ഷോ ചെയ്തിരുന്നു. പക്ഷെ കുട്ടികൾ ആ സമയത്ത് എന്നെ മിസ് ചെയ്യുന്നു എന്നറിഞ്ഞപ്പോൾ ഞാൻ അതും നിർത്തി. എനിക്ക് രണ്ട് പെൺമക്കളുണ്ടായിരുന്നു അപ്പോൾ. ഒരു സുന്ദരമായ കുടുംബമാണ് എന്റേത്. എനിക്ക് ഒരിക്കലും ഒരു നടിയായി തുടരണം എന്ന് തോന്നിയിട്ടില്ല. ഞാൻ ഒരു നല്ല അമ്മയും ഭാര്യയും ആയിരുന്നു.'
'ഇപ്പോൾ കുട്ടികൾ വളർന്നു. എന്നെ കേൾക്കുന്നതും വിശേഷങ്ങൾ അറിയുന്നതും ആരാധകർക്ക് സന്തോഷമാണ്. ഇപ്പോഴും ആരാധകർ നൽകുന്ന സ്നേഹമാണ് വീണ്ടും അഭിനയിക്കണമെന്ന ചിന്ത എന്നിൽ ഉണ്ടാകാൻ കാരണം. ഞാൻ നിരന്തരം സിനിമ കാണാറുണ്ട്.'
'ഇപ്പോൾ സിനിമയുടെ ട്രെൻഡ് മാറി. പക്ഷെ സിനിമ ഒരിക്കലും മാറില്ല. ഇപ്പോഴും സിനിമാ സുഹൃത്തുക്കളോട് ഒരുപാട് കാര്യങ്ങൾ സംസാരിക്കാറുണ്ട്. പ്രായത്തിനനുസരിച്ച് വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം. അതിനായി കഥകൾ കേൾക്കാൻ തുടങ്ങിയിട്ടുണ്ട്. ആരാധകർ എന്നെ ഉടൻ സ്‌ക്രീനിൽ കാണും', എന്നാണ് സിനിമയിലേക്കുള്ള മടങ്ങി വരവിനെ കുറിച്ച് സംസാരിച്ച് രംഭ പറഞ്ഞത്.


Click it and Unblock the Notifications