അവളെ ഇത്രയും വേദനിപ്പിക്കേണ്ടിയിരുന്നോ; ദൈവം ഉണ്ടോയെന്ന് സംശയം; സിന്ധുവിന്റെ മരണത്തിൽ ഷക്കീല
തമിഴ് നടി സിന്ധുവിന്റെ മരണം കുടുംബത്തെയും സുഹൃത്തുക്കളെയും ദുഖത്തിലാഴ്ത്തിയിരിക്കുയാണ്. സ്തനാർബുദം ബാധിച്ച് ചികിത്സയിലിരിക്കെയാണ് സിന്ധു മരിച്ചത്. 44 വയസായിരുന്നു. കാൻസർ ബാധിച്ച ശേഷം സിന്ധു ജീവിതത്തിൽ നേരിട്ട പ്രതിസന്ധികൾ അടുത്തിടെയാണ് തമിഴ് മാധ്യമങ്ങളിലൂടെ പുറത്ത് വന്നത്. 2020 ലാണ് സിന്ധുവിന് കാൻസർ ബാധിച്ചത്.
സാമ്പത്തിക പ്രതിസന്ധികൾ നേരിട്ട നടി തന്നെ സഹായിക്കണമെന്ന് അഭ്യർതഥിച്ചു. നടൻ രാഘവ ലോറൻസ് ഉൾപ്പെടെയുള്ളവർ സിന്ധുവിന് സഹായം എത്തിച്ചു. വേദന കാരണം തന്നെ ദയാവധം ചെയ്യണമെന്ന് സിന്ധു അടുത്തിടെ കരഞ്ഞ് കൊണ്ട് പറഞ്ഞിരുന്നു. നടിയുടെ വിയോഗത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയാണ് സുഹൃത്തായ നടി ഷക്കീല. ദൈവം യഥാർത്ഥത്തിൽ ഉണ്ടോയെന്ന സംശയം സിന്ധുവിന്റെ മരണ ശേഷം തനിക്കുണ്ടെന്ന് ഷക്കീല പറയുന്നു.

ജനിച്ചവർ എല്ലാവരും മരിക്കും. പക്ഷെ ഇത്രയും കഷ്ടപ്പെട്ട് മരിക്കണോ. ഇവർ ചെയ്ത എത്രയോ നല്ല കാര്യങ്ങളുണ്ട്. കൊറോണ സമയത്ത് ആർക്കെല്ലാം ഭക്ഷണം വേണമെന്ന് നോക്കി അവർക്കെല്ലാം സിന്ധു ഭക്ഷണം എത്തിച്ചു. അവസാന കാലത്ത് അവൾക്ക് ഭക്ഷണം കഴിക്കാൻ പോലും പറ്റിയില്ല. ദൈവം ഉണ്ടോ ഇല്ലയോ എന്ന തോന്നൽ എനിക്കിപ്പോൾ ഉണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി ദൈവമേ അവളെ തിരിച്ച് വിളിക്കൂ, അത്രയും അനുഭവിച്ചെന്നാണ് ഞങ്ങൾ സുഹൃത്തുക്കൾ പ്രാർത്ഥിച്ചത്.
ചില സമയത്ത് എനിക്ക് ദൈവത്തിൽ വിശ്വാസമേ ഇല്ല. തെറ്റ് ചെയ്താലും ക്ഷമിക്കേണ്ടവരല്ലേ ദൈവം. എന്തുകൊണ്ട് ഇവളോട് ദൈവം ക്ഷമിച്ചില്ല. സിന്ധു തെറ്റ് ചെയ്തെന്നല്ല ഞാൻ പറയുന്നത്. അറിയാതെങ്കിലും തെറ്റ് ചെയ്തിരിക്കാം. സിന്ധുവിന്റെ മകൾക്ക് ഒരു പെൺകുട്ടിയാണ്. ആവരെ ആര് നോക്കുമെന്ന് അറിയില്ല. ആ കുട്ടിക്കൊപ്പം ഞങ്ങൾ നിൽക്കും.

സിന്ധു സിനിമയെ അത്രയും സ്നേഹിച്ചിരുന്നു. അവളുടെ കുടുംബത്തെ എല്ലാവരും സഹായിക്കുമെന്ന് കരുതുന്നു. കൊറോണ സമയത്ത് അവൾ ചെയ്ത സഹായം വലിയ താരങ്ങൾ ചെയ്തോ എന്ന് സംശയമാണ്. ദൈവത്തിനോടാണ് എന്റെ ദേഷ്യം. ഇത്രയും കഷ്ടപ്പെടുത്താതെ അവളുടെ ജീവൻ എടുത്തിരുന്നെങ്കിൽ..., അവൾ അത്രയും വേദന അനുഭവിച്ചു. ഇങ്ങനെയൊരു മരണം ആർക്കും ഉണ്ടാകരുതെന്നും ഷക്കീല പറഞ്ഞു.
അങ്ങാടി തെരു, നാടോടികൾ, നാൻ മഹാൻ അല്ല, തേനാവട്ടു, കറുപ്പുസ്വാമി കുതഗൈതരാർ തുടങ്ങിയ സിനിമകളിലൂടെയാണ് സിന്ധു തമിഴ് സിനിമാ രംഗത്ത് പ്രശസ്തി നേടുന്നത്. അങ്ങാടിതെരു സിന്ധു എന്നാണ് ഇവർ സിനിമാ ലോകത്ത് അറിയപ്പെട്ടത്. ജീവിതത്തിൽ പല പ്രതിസന്ധികളും സിന്ധുവിന് നേരിടേണ്ടി വന്നു.
14ാം വയസ്സിലാണ് സിന്ധു വിവാഹിതയാകുന്നത്. ചെറിയ പ്രായത്തിൽ അമ്മയുമായി. പ്രശ്നങ്ങൾ നിറഞ്ഞതായിരുന്നു സിന്ധുവിന്റെ വിവാഹ ജീവിതം. മകളെ വളർത്താൻ സിന്ധു ഏറെ കഷ്ടപ്പെട്ടു. ഭർത്താവുമായി അകന്ന സിന്ധു പിന്നീട് ഒറ്റയ്ക്കാണ് മകളെ വളർത്തുന്നത്.
മകളെ വിവാഹം ചെയ്തയച്ചെങ്കിലും മകളുടെ ഭർത്താവ് വാഹനാപകടത്തിൽ മരിച്ചു. ഇതിന് ശേഷം മകളും കൊച്ചുമകളും സിന്ധുവിന്റെ സംരക്ഷണയിലാണ് കഴിഞ്ഞത്. താൻ മരിച്ചാൽ മകൾക്കും പേരക്കുട്ടിക്കും ആരും ഉണ്ടാകില്ലെന്ന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ പോലും സിന്ധു പറഞ്ഞിരുന്നു.
ചെന്നെെ വെള്ളപ്പൊക്കം, കൊവിഡ് ലോക്ഡൗൺ തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിൽ നിരവധി പേർക്ക് സിന്ധു സഹായം എത്തിച്ചിട്ടുണ്ട്. മരണത്തിന് മുമ്പ് സിന്ധു നൽകിയ അഭിമുഖങ്ങൾ സോഷ്യൽ മീഡിയയിൽ മരണ ശേഷം ശ്രദ്ധ നേടുന്നുണ്ട്. കരഞ്ഞ് കൊണ്ട് സിന്ധു പറഞ്ഞ വാക്കുകൾ ഏവരെയും വിഷമിപ്പിക്കുന്നു.


Click it and Unblock the Notifications