17 വർഷമായി;പഴയ ഗ്ലാമറസ് വേഷങ്ങളിലേക്ക് ഇനിയില്ലെന്ന് തമന്ന
തെന്നിന്ത്യൻ സിനിമയിൽ അലയൊലികൾ സൃഷ്ടിച്ച നടിയാണ് തമന്ന ഭാട്ടിയ. സൂപ്പർ താര ചിത്രങ്ങളിൽ ഗ്ലാമറസ് നായികയായെത്തിയ തമന്ന തമിഴ്, തെലുങ്ക് സിനിമകളിലെ സെൻസേഷനായി. കൊമേഴ്ഷ്യൽ സിനിമകളിൽ നിറഞ്ഞു നിന്ന നടി ബാഹുബലി എന്ന സിനിമയിലൂടെ പാൻ ഇന്ത്യൻ തലത്തിലും ശ്രദ്ധിക്കപ്പെട്ടു. ഹിമ്മത്വാല ഉൾപ്പെടെയുള്ള ചില ഹിന്ദി സിനിമകളിൽ അഭിനയിച്ചെങ്കിലും തമന്നയ്ക്ക് കൂടുതൽ സ്വീകാര്യത കിട്ടിയത് തെന്നിന്ത്യയിൽ നിന്നാണ്.

ഇപ്പോഴിതാ സ്ഥിര ശൈലിയിലുള്ള ഗ്ലാമറസ് വേഷങ്ങൾ ചെയ്യുന്നതിൽ നിന്ന് വിട്ടു നിൽക്കുമെന്നാണ് തമന്ന പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. സുന്ദരിയായ നായികയെ സിനിമകളിൽ കാണുന്നത് ഞാനും ആസ്വദിച്ചിരുന്നു. അത്തരത്തിലുള്ള സിനിമകളും ചെയ്തു. എന്നാൽ 17 വർഷത്തോളമായി ഇൻഡസ്ട്രിയിൽ തുടരുന്ന നടിയെന്ന നിലയിൽ ഇപ്പോൾ സിനിമകളോടുള്ള തൻെറ മനോഭാവം മാറിയെന്ന് തമന്ന പറയുന്നു. മുമ്പ് ചെയ്തത് തന്നെ ആവർത്തിക്കണമെന്ന് ആഗ്രഹിക്കുന്നില്ലെന്നാണ് തമന്ന പറയുന്നത്.

'ഞാൻ ഇൻഡസ്ട്രിയിൽ പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ സ്ത്രീകൾക്കായി എഴുതിയ വേഷങ്ങൾ തികച്ചും വ്യത്യസ്തമായിരുന്നു. അവ എല്ലായ്പ്പോഴും പ്രണയിനി ആയോ, ആകർഷിപ്പിക്കുന്ന ഘടകമായോ ആയിരുന്നു. അതും നല്ലതാണ്. ഞാനും ഒരു സിനിമാ ആസ്വാദകയാണ്. സിനിമയിൽ ഒരു സുന്ദരിയായ മുൻനിര നായികയെ കാണാൻ ഞാനും ഇഷ്ടപ്പെടുന്നു'
'ഇന്ത്യൻ സിനിമ അങ്ങനെയാണ്. ഞാനതിനെ പുച്ഛത്തോടെ കാണുന്നില്ല. കാരണം ഞാനും അത്തരം സിനിമകളുടെ ഭാഗമായിട്ടുണ്ട്. വളർന്നു വരുമ്പോൾ അത്തരം സിനിമകൾ ഞാനും ആസ്വദിച്ചിരുന്നു. പക്ഷെ 17 വർഷം ഈ ഇൻഡസ്ട്രിയിൽ നിന്നിട്ട് വീണ്ടും അത് തന്നെ ആവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല,' തമന്ന പറഞ്ഞു.

2005 ൽ അഭിനയ ജീവിതം തുടങ്ങിയ തമന്ന തമിഴ്, തെലുങ്ക് സിനിമകളിലെ മിക്ക സൂപ്പർ താരങ്ങൾക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. പഠിക്കാതവൻ, സുറ, അയൻ, പയ്യ, സിരുത്തെെ തുടങ്ങിയവയെല്ലാം നടി അഭിനയിച്ച ഹിറ്റ് തമിഴ് സിനിമകളാണ്. മിക്ക സിനിമകളിലും സ്ഥിരം കാണുന്ന ശൈലിയിലുള്ള നായിക ആയിട്ടായിരുന്നു തമന്ന എത്തിയത്. ഇതിനോടകം നിരവധി ഹിറ്റ് ഡാൻസ് നമ്പറുകളിലും നടി തിളങ്ങി.

ഇപ്പോൾ അഭിനയ പ്രധാന്യമുള്ള സിനിമകളാണ് തമന്ന തെരഞ്ഞെടുക്കുന്നത്. വെബ് സീരിസുകളിലും നടി അഭിനയിക്കുന്നുണ്ട്. ഹോട്സ്റ്റാറിൽ ഇറങ്ങിയ നവംബർ സ്റ്റോറി എന്ന വെബ് സീരീസ് ഏറെ ശ്രദ്ധ നേടിയിരുന്നു. ആമസോണിൽ ജീ കർദാ എന്ന സീരീസിലും നടി അഭിനയിക്കുന്നുണ്ട്.
തെന്നിന്ത്യൻ സിനിമകളിൽ ആദ്യ കാലത്ത് ഗ്ലാമറസ് വേഷങ്ങളിൽ അഭിനയിച്ച മിക്ക നടിമാരും ഇന്ന് കരിയറിൽ പരീക്ഷണം നടത്തുകയാണ്. തമന്നയ്ക്ക് പുറമെ നടി സമാന്ത, ഹൻസിക തുടങ്ങിയ നടിമാരെല്ലാം സൂപ്പർ സ്റ്റാർ ചിത്രങ്ങൾക്ക് പകരം തങ്ങൾക്കും പ്രാധാന്യമുള്ള സിനിമകളാണ് തെരഞ്ഞെടുക്കുന്നത്.


Click it and Unblock the Notifications











