ഇപ്പോഴും എനിക്ക് ആ സ്ക്രീൻഷോട്ടുകൾ വരാറുണ്ട്; വിജയ്നെയും എന്നെയും ആളുകൾ സ്വീകരിച്ചതിന് കാരണം; തൃഷ
തെന്നിന്ത്യൻ സിനിമകളിലെ സൂപ്പർ താരമാണ് നടി തൃഷ കൃഷ്ണൻ. രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിൽ വിജയവും പരാജയവും ഒരു പോലെ കണ്ട നടി ആണ് തൃഷ. ഇടക്കാലത്ത് കരിയറിൽ വന്ന ഇടർച്ചയ്ക്ക് ശേഷം പൊന്നിയിൻ സെൽവൻ എന്ന സിനിമയിലൂടെ വീണ്ടും നായിക നിരയിലേക്ക് ശക്തമായി തിരിച്ചെത്തിയിരിക്കുകയാണ് തൃഷ. അടുത്തിടെ ആണ് സിനിമകളിലെത്തിയതിന്റെ 20 വർഷം തൃഷ പൂർത്തിയാക്കിയത്.
തമിഴകത്തെ നടിയുടെ ആരാധകർ ഇത് ആഘോഷമാക്കിയിരുന്നു. 2000 ങ്ങളുടെ തുടക്കത്തിൽ സിനിമകളിൽ നിറഞ്ഞ് നിന്ന നടി ആണ് തൃഷ. മോഡലിംഗിൽ നിന്നും സിനിമയിലേക്ക് എത്തിയ തൃഷ വളരെ പെട്ടെന്ന് തന്നെ തമിഴ്, തെലുങ്ക് സിനിമകളിലെ മുൻനിര നായിക നടി ആയി. തെലുങ്കിനേക്കാൾ കൂടുതൽ തമിഴകത്ത് നിന്നാണ് തൃഷയ്ക്ക് നല്ല അവസരങ്ങൾ ലഭിച്ചത്.

സൂപ്പർ സ്റ്റാർ വിജയുടെ ഹിറ്റ് നായിക ആയിരുന്നു ഒരുകാലത്ത് തൃഷ. ഗില്ലി, തിരുപ്പാച്ചി, കുരുവി തുടങ്ങി ഇരുവരും ഒരുമിച്ചഭിനയിച്ച സിനിമകൾ എല്ലാം സൂപ്പർ ഹിറ്റാണ്. വർഷങ്ങളായി ഇരുവരെയും ഒരുമിച്ച് പിന്നീട് ആരാധകർ ബിഗ് സ്ക്രീനിൽ കണ്ടിട്ടില്ല. വിജയുടെ വരാനിരിക്കുന്ന സിനിമയിൽ തൃഷ ആണ് നായികയെന്ന് വിവരമുണ്ട്.
ഇപ്പോഴിതാ വിജയ്ക്കൊപ്പമുള്ള ഓൺ സ്ക്രീൻ കെമിസ്ട്രിയെ പറ്റി സംസാരിച്ചിരിക്കുകയാണ് തൃഷ. 'വിജയുടെ ഭാഗ്യ നായിക ആണോയെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു തൃഷ. ഒരു നല്ല സിനിമ ആണെങ്കിലും എല്ലാവരും പരസ്പരം ലക്കി ആണ്. ഭാഗ്യത്തേക്കാൾ കൂടുതൽ ഞങ്ങൾ ആദ്യ സിനിമ മുതൽ ഒരു ഹിറ്റ് ജോഡി ആയി'
'സോഷ്യൽ മീഡിയയിൽ നിരവധി പേർ എന്നോട് പറഞ്ഞിട്ടുണ്ട്, സിനിമയിൽ നിങ്ങളെ ഒരുമിച്ച് കാണണമെന്ന്. ഞങ്ങൾക്ക് നിരവധി ജോയ്ന്റ് ഫാൻസ് ക്ലബുകൾ ഉണ്ട്. ലക്കിനേക്കാൾ കൂടുതൽ ആളുകൾക്ക് ഞങ്ങളെ ഒരുമിച്ച് സ്ക്രീനിൽ കാണാൻ ഇഷ്ടമാണ്'
'എപ്പോഴും ഗില്ലിയും തിരുപ്പാച്ചിയും ടിവിയിൽ വന്നാൽ അതിന്റെ നിരവധി സ്ക്രീൻ ഷോട്ടുകൾ മെസേജായി വരും. ആളുകൾക്ക് അത് ഇഷ്ടമാണ്,' തൃഷ പറഞ്ഞു. ഗലാട്ട തമിഴ് ചാനലിനോടാണ് പ്രതികരണം.

കൊടി സിനിമയിൽ ധനുഷിനെ കൊല്ലുന്ന സീനിനെക്കുറിച്ചും തൃഷ സംസാരിച്ചു. 'ആ സീൻ മുഴുവനും അദ്ദേഹം എനിക്ക് അഭിനയിച്ച് കാണിച്ചു. ധനുഷിൽ നിന്നും ഒരുപാട് പഠിച്ചു. ധനുഷ് ഒരു സ്കൂൾ പോലെയാണ്. എപ്പോഴും ടീം ആയാണ് വർക്ക് ചെയ്യുക'
'ആ സീൻ നിങ്ങൾ ചെയ്താൽ എങ്ങനെ ആയിരിക്കുമെന്ന് എന്നോട് ചോദിച്ചു. അദ്ദേഹം അഭിനയിച്ച് കാണിച്ചു. അത് ഇപ്പോഴും എനിക്ക് ഓർമ്മയുണ്ട്,' തൃഷ കൃഷ്ണൻ പറഞ്ഞു. നടി നെഗറ്റീവ് വേഷം ചെയ്ത സിനിമ ആയിരുന്നു കൊടി.
കരിയറിൽ ചെയ്ത സിനിമകളിൽ ഭൂരിഭാഗവും സൂപ്പർ സ്റ്റാറുകളുടെ സിനിമകൾ ആണെങ്കിലും ഇടയ്ക്കിടെ ഐക്കണിക് റോളുകൾ ലഭിച്ചതാണ് തൃഷയെ വ്യത്യസ്തയാക്കിയത്. വിണ്ണെെതാണ്ടി വരുവായയിലെ ജെസി, 96 ലെ ജാനു, പൊന്നിയിൻ സെൽവനിലെ കുന്ദവി തുടങ്ങി തൃഷയ്ക്ക് വ്യത്യസ്തവും പ്രധാനപ്പെട്ടതുമായി ഒരുപിടി സിനിമകൾ ലഭിച്ചു. രാംഗി ആണ് തൃഷയുടെ റിലീസ് ചെയ്യാനിരിക്കുന്ന സിനിമ. സെപ്റ്റംബർ 30 നാണ് സിനിമ റിലീസ് ചെയ്യുന്നത്.


Click it and Unblock the Notifications