തൃഷ രാഷ്ട്രീയത്തിലേക്കോ? മറുപടിയുമായി നടിയുടെ അമ്മ
തെന്നിന്ത്യയിൽ മികച്ച നടിമാരിലൊരാളാണ് തൃഷ കൃഷ്ണൻ. രണ്ട് പതിറ്റാണ്ടോളമായി തെന്നിന്ത്യൻ സിനിമകളിൽ പ്രവർത്തിക്കുന്ന തൃഷ 2000 ങ്ങളിലെ സൂപ്പർഹിറ്റ് നായിക ആയിരുന്നു. വിജയുടെ ഹിറ്റ് ജോഡിയായ തൃഷ നിരവധി സിനിമകളിൽ നടനോടൊപ്പം തിളങ്ങി. തെലുങ്കിലും തൃഷ നിറഞ്ഞു നിന്നു. വർഷങ്ങൾക്കിപ്പുറം തൃഷ പഴയ പോലെ സിനിമയിൽ സജീവമല്ലെങ്കിലും ശ്രദ്ധിക്കപ്പെടുന്ന സിനിമകളുമായി താരം ഇടയ്ക്കിടെ പ്രേക്ഷകരുടെ മുന്നിൽ എത്താറുണ്ട്.
വിജയ് സേതുപതിക്കൊപ്പം അഭിനയിച്ച 96 എന്ന സിനിമ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. മലയാളത്തിൽ ഹെയ് ജൂഡ് എന്ന സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. ശ്യാമപ്രസാദ് ചിത്രത്തിലെ തൃഷയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ജിത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന റാം ആണ് തൃഷയുടെ പുറത്തിറങ്ങാനുള്ള മലയാള സിനിമ. ഇതിന് പുറമെ തമിഴിൽ മണിരത്നത്തിന്റെ പൊന്നിയിൻ സെൽവം എന്ന സിനിമയിലും നടി ഒരു സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. കുന്ദവി എന്ന രാജകുമാരിയുടെ വേഷത്തിലാണ് നടി ചിത്രത്തിലെത്തുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു നടിയുടെ പേരിൽ മറ്റൊരു റിപ്പോർട്ട് പ്രചരിച്ചത്. തൃഷ രാഷ്ട്രീയ പ്രവേശനത്തിനാെരുങ്ങുന്ന എന്നായിരുന്നു ഇത്. കോൺഗ്രസിലേക്കാണ് നടി ചുവടുവെക്കുന്നതെന്നും നടൻ വിജയ് ആണ് തൃഷയുടെ ഈ തീരുമാനത്തിന് പിന്നിലെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോൾ വിഷയത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് തൃഷയുടെ അമ്മ ഉമ കൃഷ്ണൻ.
തൃഷ രാഷ്ട്രീയത്തിലേക്കില്ലെന്നും സിനിമാ കരിയറിൽ സജീവമായി തുടരുമെന്നുമാണ് അമ്മ പറയുന്നത്. മിക്ക ഭാഷകളിലും തൃഷ അഭിനയിച്ച് വരികയാണ്. ഇതിനിടെ രാഷ്ട്രീയ പ്രവേശനത്തിനില്ലെന്നും അമ്മ ഉമ കൃഷ്ണൻ വ്യക്തമാക്കി. ഇതിനിടെ അടുത്ത വിജയ് ചിത്രമായ ദളപതി 67 ലേക്ക് തൃഷയെ നായികയായി പരിഗണിച്ചു എന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ലോകേഷ് കനകരാജ് ചിത്രത്തിൽ വിജയുടെ ഭാര്യയുടെ വേഷത്തിലാണ് തൃഷ എത്തുന്നതെന്നാണ് വിവരം.

ഒരു കാലത്തെ വിജയുടെ ഹിറ്റ് ജോഡി ആയിരുന്നു തൃഷ. ഗില്ലി, കുരുവി തുടങ്ങി നിരവധി സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. എന്നാൽ പിന്നീട് അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലേക്ക് തൃഷ മാറി. ധനുഷിനൊപ്പം അഭിനയിച്ച കൊടി എന്ന സിനിമയിലെ വില്ലൻ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഡലിംഗിൽ നിന്നാണ് തൃഷ സിനിമാ രംഗത്തേക്കെത്തുന്നത്. അതിവേഗം തന്നെ നടി മുൻനിര നായിക നടിയാവുകയും ചെയ്തു.


Click it and Unblock the Notifications